Image

ദിലീപിന് ജാമ്യമില്ല

Published on 15 July, 2017
ദിലീപിന് ജാമ്യമില്ല

യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. സമൂഹ മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതിയുടെ സ്വാധീനം കൊണ്ടുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ഇപ്പോള്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

ചോദ്യം ചെയ്യുന്നതിനിടെ ദിലീപ് നല്‍കിയ മൊഴി സംബന്ധിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചു. ദിലീപ് നടിക്കെതിരേ സംസാരിക്കുന്നുണ്ട്. അത് പ്രതിയുടെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

അതിനിടെ പ്രതിഭാഗം രണ്ടു ഫോണുകള്‍ കോടതിയില്‍ ഹാജരാക്കി. മുദ്രവച്ച കവറിലാണ് ഇവര്‍ കോടതിയില്‍ നല്‍കിയത്. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. പോലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുള്ളതിനാലാണ് നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. രാംകുമാര്‍ ബോധിപ്പിച്ചു.

ദിലീപിനെതിരേ ഒരു കൊടും കുറ്റവാളിയുടെ മൊഴി മാത്രമാണുള്ളത്. അത് വിശ്വാസത്തിലെടുത്ത് ദിലീപിനെതിരേ നടപടി സ്വീകരിക്കരുത്. റിമാന്റ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

ഉച്ചയോടെയാണ് ഇരുവിഭാഗവും കോടതിയില്‍ വാദം ഉന്നയിക്കാന്‍ തുടങ്ങിയത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട കോടതി ജാമ്യ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.

അതിനിടെ പോലീസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ഇതോടെ ദിലീപിനെ ആലുവ ജയിലിലേക്ക് മാറ്റി.

സര്‍ക്കാര്‍ നിയമിച്ച സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് പോലീസിന് വേണ്ടി ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹാജരായത്. വാദം തുടങ്ങുന്നതിന് മുമ്ബ് കേസ് ഡയറി പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

തിങ്കളാഴ്ചയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസിന് രണ്ടു ദിവസത്തേക്ക് വിട്ടുകൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച ഒരു ദിവസം കൂടി പോലീസ് കസ്റ്റഡി നീട്ടി നല്‍കി. തുടര്‍ന്നാണ് ഇന്ന് ഹാജരാക്കിയത്.

നേരത്തെ ജയിലിലും തെളിവെടുപ്പ് സ്ഥലത്ത് ജനങ്ങള്‍ ദിലീപിനെ വരവേറ്റത് കൂകികൊണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമ്‌ബോള്‍ ജനങ്ങള്‍ കൈവീശി കാണിക്കുകയായിരുന്നു. ദിലീപ് തിരിച്ചും കൈവീശി കാണിച്ചു. പുഞ്ചിരിക്കുന്നുമുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക