Image

വിദേശി നഴ്‌സുമാരുടെ നിയമനത്തില്‍ സമൂല മാറ്റവുമായി കുവൈറ്റ് ആരോഗ്യവകുപ്പ്

Published on 15 July, 2017
വിദേശി നഴ്‌സുമാരുടെ നിയമനത്തില്‍ സമൂല മാറ്റവുമായി കുവൈറ്റ് ആരോഗ്യവകുപ്പ്
 
കുവൈറ്റ് സിറ്റി: രാജ്യത്തിനകത്ത് നിന്നും വിദേശി നഴ്‌സുമാരെ നിയമനം നല്‍കുന്നത് നിര്‍ത്തിവച്ചതായി കുവൈറ്റ് ആരോഗ്യവകുപ്പ് അറിയിച്ചു. കുവൈറ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുകയോ സര്‍ട്ടിഫിക്കറ്റ് നേടുകയോ ചെയ്ത വിദേശികളെ പുതിയ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രികളിലേക്കും പ്രാദേശിക ക്ലിനിക്കുകളിലേക്കും വിദേശ രാഷ്ട്രങ്ങളില്‍ നിന്നും നേരിട്ട് അഭിമുഖം നടത്തി നഴ്‌സുമാരെ തെരഞ്ഞെടുക്കും.

ആരോഗ്യ മേഖലയിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയായാല്‍ നിരവധി നഴ്‌സുമാരെ ആവശ്യമുണ്ടന്നും നിയമനങ്ങള്‍ നടത്തുന്നതിനു വേണ്ടി ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രത്യേക സമിതികള്‍ക്കു രൂപം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. കുവൈറ്റില്‍നിന്നു നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് സന്പാദിക്കുന്ന ബിദൂനികളെയും ചില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെയും പ്രാദേശിക റിക്രൂട്ട്‌മെന്റിനു പരിഗണിക്കും. പ്രാദേശിക റിക്രൂട്ട്‌മെന്റിനു പകരം വിദേശരാജ്യങ്ങളില്‍നിന്നു നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് തുടരുമെന്നു മന്ത്രാലയം വ്യക്തമാക്കി

മലയാളികള്‍ ഏറെയുള്ള തൊഴില്‍ രംഗമായ ആരോഗ്യ മേഖലയില്‍ സന്ദര്‍ശക വിസകളില്‍ കുവൈറ്റിലെത്തി നഴ്‌സിംഗ് ജോലിക്ക് അപേക്ഷ നല്‍കുന്ന വിദേശികള്‍ക്ക് നിയമനം നല്‍കാറുണ്ടായിരുന്നു. പുതിയ തീരുമാനം അത്തരക്കാരെ ബാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ലക്ഷങ്ങള്‍ ഈടാക്കി നഴ്‌സ് നിയമനം നടത്തുന്ന മാഫിയ സംഘത്തിനു പുതിയ തീരുമാനം വന്‍ തിരിച്ചടിയാണ്. വളഞ്ഞ വഴിയിലൂടെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നവരുടെ ഇടപെടലുകള്‍ കാരണം അര്‍ഹരായവര്‍ പോലും തള്ളപ്പെടുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. പുതിയ തീരുമാനത്തിലൂടെ കാര്യക്ഷമതയും ഉയര്‍ന്ന യോഗ്യതയുമുള്ളവരെ അതുവഴി കണ്ടെത്താനാകുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക