Image

ആലപ്പി അഷ്‌റഫ് പറഞ്ഞതില്‍ സത്യമുണ്ട്: താരാ ആര്‍ട്‌സ് സി. വിജയന്‍

Published on 15 July, 2017
ആലപ്പി അഷ്‌റഫ് പറഞ്ഞതില്‍ സത്യമുണ്ട്: താരാ ആര്‍ട്‌സ് സി. വിജയന്‍
കൈരളി ടിവിയുടെ ചര്‍ച്ചയില്‍ നിര്‍മ്മാതാവ് ആലപ്പി അഷ്‌റഫ് പൊടിപ്പും തൊങ്ങലും കൂട്ടിയാണ് പറഞ്ഞതെങ്കിലും അതില്‍ സത്യമുണ്ടെന്ന് താരാ ആര്‍ട്‌സ് സാരഥി സി.വിജയന്‍. സംശയമുള്ളവര്‍ വിജയനോട് ചോദിക്കാനാണ് അഷ്‌റഫ് ചര്‍ച്ചയില്‍ പറഞ്ഞത്. (വീഡിയോ ലിങ്ക് താഴെ).

അഷ്‌റഫ് പറഞ്ഞത് ഇപ്രകാരമാണ്: നാല്‍പത് വര്‍ഷം മുമ്പ് മലയാളത്തിലും തമിഴിലുമൊക്കെ കത്തിനിന്ന ഒരു താരത്തെ ഒരു സിനിമയില്‍ അഭിനയിക്കാനായി അമേരിക്കയിലേക്ക് ക്ഷണിക്കുന്നു. അഡ്വാന്‍സും കൊടുത്തു.

അമേരിക്കയില്‍ ബന്ധങ്ങള്‍ കുറവുള്ള കാലം. സെല്‍ഫോണില്ല. നടി ന്യൂയോര്‍ക്കില്‍ ഇറങ്ങിയ പാടെ അവരെ കൊണ്ടുപോയത് "ഫോര്‍ട്ടി സെക്കന്‍ഡ് (42) സ്ട്രീറ്റിലേക്ക്'. റെഡ് സ്ട്രീറ്റ് പോലുള്ള സ്ഥലം. എട്ടുപത്തു ദിവസം പലര്‍ അവരെ പീഡിപ്പിച്ചു. മാഫിയയാണ്, എന്തു ചെയ്യാനാകും?

ഒടുവില്‍ അവര്‍ക്ക് സി. വിജയന്റെ നമ്പര്‍ ഓര്‍മ്മ വന്നു. താരങ്ങളെ കൊണ്ടുവരികയും ഷോകള്‍ അമേരിക്കയില്‍ ആദ്യമായി നടത്തുകയും ചെയ്ത വിജയനെ അവര്‍ വിളിച്ചു. പക്ഷെ തന്റെ അഡ്രസ് പറയാന്‍ അവര്‍ക്കറിയില്ല. പുറത്തെ ഏതെങ്കിലും ബില്‍ഡിംഗ് നോക്കാന്‍ പറഞ്ഞു. ഏതോ ബില്‍ഡിംഗിന്റെ അടയാളം അവര്‍ പറഞ്ഞു. ടെലിഫോണ്‍സില്‍ എന്‍ജിനീയറായ വിജയനു സ്ഥലം മനസ്സിലായി.

നടിയോട് താഴേക്ക് ഇറങ്ങി വരാന്‍ പറഞ്ഞു. തുടര്‍ന്ന് കാറില്‍ കയറ്റി എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടു. മാഫിയാ സംഘം പിന്‍തുടര്‍ന്നെങ്കിലും ഫലിച്ചില്ല. നടി പിന്നീടു ഏറെ നാള്‍ താരമായി തിളങ്ങിനിന്നു. സംശയമുണ്ടെങ്കില്‍ വിജയനോട് ചോദിക്കാം- എന്നതായിരുന്നു പരാമര്‍ശം.

സംഭവം നടന്നത് 1975-ല്‍ ആണെന്നു വിജയന്‍ പറഞ്ഞു. മലയാളികളല്ലാതെ ഏതാനും പേര്‍ പോയി നടിയെ ബുക്ക് ചെയ്തു. അഡ്വാന്‍സും കൊടുത്തു. നടി വന്നപ്പോള്‍ ക്വീന്‍സിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്കാണ് കൊണ്ടുപോയത്. ഏതാനും ദിവസം കഴിഞ്ഞിട്ടും നടന്മാരും ചിത്രീകരണവുമൊന്നുമില്ല. അവര്‍ക്കെതിരെ പീഡന ശ്രമമുണ്ടായോ എന്നറിയില്ല. ഒടുവില്‍ തട്ടിപ്പാണെന്നു മനസ്സിലാക്കിയ അവര്‍ തന്നെ വിളിച്ചു.

നടനും പിന്നീട് മോഹന്‍ലാലിന്റെ ഭാര്യാ പിതാവുമായ ബാലാജിയാണ് അന്ന് അമേരിക്കയുമായി ബന്ധമുള്ള ഒരാള്‍. അദ്ദേഹമാണ് തന്റെ നമ്പര്‍ അവര്‍ക്ക് നല്‍കിയത്.

അപ്പാര്‍ട്ട്‌മെന്റ് എവിടെയാണെന്ന് അവര്‍ക്ക് വ്യക്തമല്ലായിരുന്നു. എന്തായാലും അന്ന് ഇന്ത്യക്കാര്‍ മുഴുവന്‍ റീഗോ പാര്‍ക്കിലെ മൂന്നു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളിലാണ് താമസം. അതിലൊന്നിലാണെന്ന് ഊഹിച്ച് അവരോട് ഇറങ്ങി വരാന്‍ പറഞ്ഞു. അവരെയും കൊണ്ട് വീട്ടില്‍ പോയി. അന്നാണോ പിറ്റേന്നാണോ എന്നറിയില്ല ന്യൂയോര്‍ക്കില്‍ കേരള സമാജത്തിന്റെ ഓണാഘോഷത്തിലും അവരെ കൊണ്ടുപോയി. ഇപ്പോഴത്തെ ഐ.എന്‍.ഒ.സി നേതാവ് ജോര്‍ജ് ഏബ്രഹാമായിരുന്നു അന്നത്തെ കേരള സമാജം സെക്രട്ടറി.

വൈകിട്ടത്തെ ഫ്‌ളൈറ്റില്‍ അവരെ കയറ്റി വിട്ടു. അവര്‍ക്ക് മികച്ച സ്വീകരണമൊരുക്കിയത് ജോര്‍ജ് ഏബ്രഹാമും ഓര്‍ക്കുന്നു. പക്ഷെ പിന്നാമ്പുറ കഥ അറിയില്ല.

അക്കാലത്ത് നാല്‍പ്പത്തിരണ്ടാം സ്ട്രീറ്റ് അശ്ശീല വ്യവസായത്തിന്റെ കേന്ദ്രമായിരുന്നുവെന്ന് വിജയന്‍ ഓര്‍ക്കുന്നു. നാട്ടില്‍ നിന്നു വരുന്ന പലര്‍ക്കും- നേതാക്കളടക്കം ഹരമായിരുന്നു നാല്‍പ്പത്തിരണ്ടാം സ്ട്രീറ്റ്.

നടിയെ കൊണ്ടുവന്നവര്‍ക്ക് ബുദ്ധിയുണ്ടായിരുന്നെങ്കിലും കരുത്തുള്ളവരായിരുന്നില്ലെന്നാണ് വിജയന്‍ വിലയിരുത്തുന്നത്. ഫോണ്‍ നമ്പര്‍ നോക്കി അവര്‍ പിന്തുടരാനും മറ്റും ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

ഉറ്റബന്ധം പുലര്‍ത്തുന്ന ദിലീപിന് ഇത്തരമൊരു ദുര്‍വിധി വന്നതില്‍ വിജയന് സങ്കടമുണ്ട്. ദിലീപ് നായകനായി "പട്ടണത്തില്‍ സുന്ദരന്‍' എന്ന സിനിമ വിജയന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ദിലീപിനേയും നാദിര്‍ഷായേയും ജയറാം ഷോയില്‍ ആദ്യമായി അമേരിക്കയില്‍ കൊണ്ടുവന്നത് വിജയനാണ്- 1994-ല്‍. ദിലീപ് അത് എന്നും നന്ദിയോടെ പറയും. അന്ന് ഇവിടെ മുങ്ങിയാലോ എന്ന് ദിലീപും ആലോചിച്ചതാണ്. ഒരു ശ്രമംകൂടി നടത്തിയിട്ടാകാം എന്നു പറഞ്ഞു മടങ്ങിയതാണ്. അത് കേരളത്തിലെ മഹാ നടന്മാരാലൊരാളാകാനുള്ള യാത്രയായിരുന്നു. മുങ്ങാന്‍ ഉദ്ദേശിച്ച കാര്യം 2006-ല്‍ ഫ്‌ളോറിഡയില്‍ ഫൊക്കാന സമ്മേളനത്തിനു വന്നപ്പോള്‍ ദിലീപ് ഈ ലേഖകനോട് പറയുകയുണ്ടായി.

അയലത്തെ ഒരു പയ്യനെ പോലെയാണ് ദിലീപിനെ നാം കാണുന്നത്. അകല്‍ച്ച തോന്നില്ല. സൂപ്പര്‍ സ്റ്റാര്‍ ആണെന്ന ഭാവം ദിലീപും കാണിച്ചിട്ടില്ല. നാട്ടില്‍ ചെല്ലുമ്പോഴൊക്കെ കാണാറുമുണ്ട്.

ആദ്യത്തെ അമേരിക്കന്‍ ഷോയ്ക്ക് 500 ഡോളര്‍ പ്രതിഫലം കിട്ടി. അന്നത് വലിയ തുകയായിരുന്നു. ഇന്നിപ്പോള്‍ ശതകോടികളുടെ അധിപതിയാണ് ദിലീപ്.

Join WhatsApp News
ബഡാ ഭായ് 2017-07-16 20:50:30
പറച്ചില്‍ കണ്ടാല്‍ തോന്നും ആലപ്പി അഷറഫ് നമ്മുടെ ഒക്കെ സാംസ്‌കാരിക നേതാവാണെന്ന്. എവനയൊക്കെ ചര്‍ച്ചയ്ക്ക് വിളിച്ച ജോണ്‍ ബ്രിട്ടാസിനെ വേണം ആദ്യം ഫയര്‍ ചെയ്യാന്‍. ദിലീപിന്റെ സ്വന്തം തലതോട്ടപ്പംമാരായ കമല്‍, ലാല്‍ജോസ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഇവിടെ പോയി എന്നറിയില്ല. ഒരു കാര്യം വ്യക്തമായി. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ മൂല്യം ഒറ്റ ദിവസം കൊണ്ട് വട്ട പൂജ്യമായി. സാധാരണ ജനങ്ങള്‍ കേരള പോലീസിന് കീ ജയ് വിളിക്കുന്ന ദൃശ്യങ്ങള്‍ അവിസ്മരനീയമായിരുന്നു. ബഡാ ഭായ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക