Image

ചൂണ്ടുവിരലാവണം കവിത (പി.ഹരികുമാര്‍ Ph.D)

Published on 18 July, 2017
ചൂണ്ടുവിരലാവണം കവിത (പി.ഹരികുമാര്‍ Ph.D)
തള്ളവിരലോടോത്ത് മൂക്കിനെ മൂടുന്ന
ചൂണ്ടുവിരലാവട്ടെ കവിത;
നാറ്റം തഴമ്പായി മാറാതിരിക്കുവാന്‍.

നിലത്തൂന്നിയ ലാത്തിയിലീത്തയിറ്റുന്ന പാറാവുകാരനെ
തോണ്ടിയുണര്‍ത്തുന്ന ശക്തിവിരലാവട്ടെ കവിത;
നാറ്റം തഴമ്പായി മാറാതിരിക്കുവാന്‍.

തൊലിനിറം കെട്ടിയിഴയ്ക്കുമൊരടിമയ്ക്ക്
ലേപന മൃദുസ്പര്ശമാവട്ടെ കവിത;
നാറ്റം തഴമ്പായി മാറാതിരിക്കുവാന്‍.

മുഴുമുഷ്ക്ക് മൂത്തലറുന്ന
തോക്കിന്‍ കുഴലടയ്ക്കുമാപ്പായി മാറണം കവിത;
നാറ്റം തഴമ്പായി മാറാതിരിക്കുവാന്‍.

കൊടിനിറങ്ങള്‍ കലങ്ങിക്കലിക്കുന്ന കണ്ണുകളില്‍
സ്‌നേഹസുറുമയെഴുതുന്ന
സൂക്ഷ്മവിരലാവണം കവിത;
നാറ്റം തഴമ്പായി മാറാതിരിക്കുവാന്‍.

ഇടനെഞ്ചു തുരന്നൂറ്റിയ ചോരയെ
കൊടിയാക്കിമാറ്റുമധികാര ഭ്രാന്തിനെ
ചൂണ്ടിപ്പറയുന്ന സാക്ഷിവിരലാവട്ടെ കവിത;
നാറ്റം തഴമ്പായി മാറാതിരിക്കുവാന്‍.

സൈറനുകളുറുത്തിയുണര്ത്തുന്ന കുഞ്ഞിനെ
മൂളിപ്പാടിയുറക്കുവാന്‍
എകതാര മീട്ടട്ടെ കവിത;
നാറ്റംതഴമ്പായി മാറാതിരിക്കുവാന്‍.

ഭൂമിഗോളം ചീളിത്തെറിക്കാതിരിക്കുവാന്‍
ചൂണ്ടുവിരല്‍ച്ചങ്ങല കോര്‍ക്കട്ടെ കവിത;
നാറ്റം തഴമ്പായി മാറാതിരിക്കുവാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക