Image

ലാസ്‌വേഗസ് അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാത്യു ജോസ് Published on 20 July, 2017
ലാസ്‌വേഗസ് അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലാസ്‌വേഗസ്: പാപ നഗരമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ലാസ്‌വേഗസിലേക്കു തിരുവചനത്തിന്റെ അഭിഷേകവുമായി സെഹിയോന്‍ മിനിസ്ട്രി എത്തുന്നു. നാളുകളായുള്ള പ്രാര്‍ത്ഥനാപൂര്‍വമായ കാത്തിരിപ്പിനൊയുവിലാണ് ലാസ്‌വേഗസ് നഗരം കണ്‍വന്‍ഷന് വേദിയൊരുങ്ങുന്നത്. അത്മാവിന്റെ അഗ്‌നിശുദ്ധീകരണം ലാസ്‌വേഗസ് നിവാസികള്‍ക്ക് ഒരു പുതിയ ആത്മീയാനുഭവമാകുന്നതിന് വേണ്ട ഒരുക്കങ്ങള്‍ ഫാ. തോമസ് മങ്ങാട്ട് വിസിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപകനും ലോകപ്രശസ്ത വചന പ്രഘോഷകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ടീമില്‍ പ്രശസ്ത വചനപ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍, ഫാ. സാജു ഇലഞ്ഞിയില്‍ എന്നിവരും പങ്കുചേരും. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ധ്യാനം നയിക്കുക സെഹിയോന്‍ യൂത്ത് മിനിസ്ട്രി ടീമിലെ ഐനിഷ് ഫിലിപ്പാണ്.

മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കൗമാരക്കാര്‍, കുട്ടികള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന് വേദിയൊരുങ്ങുന്നത് ലാസ്‌വേഗസിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററുകളിലൊന്നായ അലക്‌സിസ് പാര്‍ക്ക് റിസോര്‍ട്ടാണ്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യവും റിസോര്‍ട്ടില്‍ തന്നെ സംഘാടകര്‍ പ്രത്യേകം സജീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആറംതീയതി ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഒമ്പതാം തീയതി വൈകുന്നേരം അവസാനിക്കും. ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യാരാധന എന്നിവ കണ്‍വന്‍ഷന്‍ പരിപാടികള്‍ കൂടുതല്‍ സജീവമാക്കും.

അഭിവന്ദ്യ ബിഷപ്പുമാരായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ മുഖ്യ രക്ഷാധികാരികളായുള്ള കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ട ചുമതല നിര്‍വഹിക്കുന്നത് ഫാ. തോമസ് മങ്ങാട്ട് വിസിയുടെ നേതൃത്വത്തില്‍ ബെന്നി പോള്‍, ജേക്കബ് ജോസഫ്, റോയി തച്ചില്‍, ജെയ്‌സണ്‍ തെള്ളി എന്നിവര്‍ അടങ്ങുന്ന സംഘാടക സമിതിയാണ്. ധ്യാന പരിപാടികളുടെ സമ്പൂര്‍ണ വിജയം ലക്ഷ്യമാക്കി പ്രാര്‍ഥനാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനകള്‍ നടന്നുവരുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ബെന്നി പോള്‍ 702 374 3210, ജേക്കബ് ജോസഫ് 702 449 8222.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക