Image

സുമനസുകളുടെ കാരുണ്യ ഹസ്തത്തില്‍ മലയാളി യുവാവ് നാടണഞ്ഞു

Published on 20 July, 2017
സുമനസുകളുടെ കാരുണ്യ ഹസ്തത്തില്‍ മലയാളി യുവാവ് നാടണഞ്ഞു
ദമാം: സ്വകാര്യ കന്പനിയുടെ ചൂഷണത്തില്‍പെട്ട് ദുരിതക്കയത്തിലായ ആലപ്പുഴ സ്വദേശിക്ക് സുമനസുകളുടെ സഹായഹസ്തം. ആലപ്പുഴ ആര്യാട് സ്വദേശി ബിനീഷ് കുട്ടപ്പന്‍ ആണ് അഞ്ച് വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ദമാം അല്‍കോബാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് എന്ന ജീവകാരുണ്യ കൂട്ടായ്മയുടെ സഹായത്താലാണ് ബിനീഷ് നാടണഞ്ഞത്. 

അഭ്യസ്തവിദ്യനായിട്ടും സ്വകാര്യ സ്ഥാപനം നല്‍കിയ കഠിനജോലികള്‍ ഒരു മടിയും കൂടാതെ ചെയ്തപ്പോഴും ശന്പളമോ, മറ്റാനുകൂല്യങ്ങളോ വാര്‍ഷിക അവധിയോ കന്പനി മേധാവികള്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് ഹെല്പിംഗ് ഹാന്‍ഡ്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ കന്പനിക്കെതിരെ നടത്തിയ നിയമയുദ്ധം അവസാനം ഫലം കാണുകയായിരുന്നു. തന്റെ അവകാശങ്ങള്‍ നേടി എടുക്കാന്‍ ശ്രമിച്ചതിനൊപ്പം മറ്റു പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്ത് ചെലവിനുള്ള വക കണ്ടെത്താന്‍ ശ്രമിച്ചിരുന്ന ബിനീഷിന് നാട്ടില്‍ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. 

സാന്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന ഇദ്ദേഹത്തിന്റെ ദയനീയ സ്ഥിതി അറിയാനിടയായ ദമാം ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് പ്രവര്‍ത്തകന്‍ ഗണേഷ് പ്രസാദിനെ അറിയിക്കുകയും അദ്ദേഹം സഹപ്രവര്‍ത്തകരോടൊപ്പം ബിനീഷിന്റെ യാത്രാ ചെലവുകള്‍ നല്‍കുകയും ചെയ്തു. അഴിയാത്ത നിയമകുരുക്കില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ബിനീഷ് തിങ്കളാഴ്ച ജെറ്റ് എയര്‍വേയ്‌സില്‍ നാടണഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക