Image

'ഡ്യൂട്ടിയടക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച മമ്മൂട്ടി':|വ്യാജവാര്‍ത്തയ്‌ക്കെതിരെ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍

Published on 23 July, 2017
'ഡ്യൂട്ടിയടക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച മമ്മൂട്ടി':|വ്യാജവാര്‍ത്തയ്‌ക്കെതിരെ മമ്മൂട്ടിയുടെ സോഷ്യല്‍  മീഡിയ മാനേജര്‍


കൊച്ചി: `ഡ്യൂട്ടിയടക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച നടന്‍ മമ്മൂട്ടി വിമാനത്താവളത്തില്‍ പിടിയില്‍' എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വ്യാജവാര്‍ത്തയ്‌ക്കെതിരെ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുല്‍ മനാഫ്‌. മമ്മൂട്ടി ഇപ്പോള്‍ സിംഗപ്പൂരിലാണുള്ളതെന്നു കാട്ടി അവിടെ നിന്നുള്ള ചിത്രങ്ങളുള്‍പ്പെടെ ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്‌തുകൊണ്ടാണ്‌ അബ്ദുല്‍ മനാഫ്‌ വ്യാജവാര്‍ത്തയ്‌ക്കെതിരെ രംഗത്തുവന്നത്‌.

`കഴിഞ്ഞ ഒരാഴ്‌ചയായി മമ്മൂക്ക സിംഗപ്പൂരിലാണ്‌. ഇന്ന്‌ വൈകീട്ടത്തെ ഫ്‌ളൈറ്റില്‍ അവിടെ നിന്ന്‌ കയറുന്നേയുള്ളൂ. പിന്നെ എങ്ങനെയാ ദാസപ്പാ ഇന്നലെ വൈകീട്ട്‌ മമ്മൂക്ക കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തുന്നേ. ഫേക്ക്‌ വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോ ടൈമിംഗ്‌ കൂടി ശ്രദ്ധിക്കണമെന്ന്‌ ചെറിയ ഒരു അപേക്ഷ' എന്നാണ്‌ മമ്മൂട്ടിയുടെ സിംഗപ്പൂരില്‍ നിന്നുള്ള ചിത്രങ്ങളടക്കം മനാഫ്‌ ഫേസ്‌ബുക്കില്‍ കുറിച്ചു.


മമ്മൂട്ടിയുടെ ചിത്രമുള്ള പത്രക്കട്ടിങ്‌ ഉള്‍പ്പെടെ നല്‍കിയാണ്‌ വ്യാജ വാര്‍ത്ത പ്രചരിച്ചത്‌. ടി.വിയുമായി ദുബൈയില്‍ നിന്ന്‌ എമിറേറ്റ്‌ വിമാനത്തില്‍ വന്നിറങ്ങിയ മമ്മൂട്ടിയേയും ഭാര്യയേയും കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്ന തരത്തിലായിരുന്നു വാര്‍ത്ത. പെട്ടി തുറന്നു പരിശോധിച്ചശേഷം അരലക്ഷം രൂപ ഡ്യൂട്ടി അടക്കാന്‍ മമ്മൂട്ടിയോട്‌ ആവശ്യപ്പെട്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.



2004 മെയ്‌ 16ന്‌ നടന്ന സംഭവം കഴിഞ്ഞദിവസം നടന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. 2004 മെയില്‍ ഇത്തരമൊരു സംഭവം നടന്നതായി ഹിന്ദു പത്രത്തിന്റെ ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ടെലിവിഷന്‍ ചാര്‍ജിന്റെ 40% ഡ്യൂട്ടിയടക്കാനായി മമ്മൂട്ടിയോട്‌ ആവശ്യപ്പെട്ടെന്നും എന്നാല്‍ ഈ തുക കൈവശമില്ലാത്തതിനാല്‍ അദ്ദേഹത്തിന്‌ കുറച്ചുസമയം എയര്‍പോര്‍ട്ടില്‍ നില്‍ക്കേണ്ടി വന്നു എന്നുമാണ്‌ ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നത്‌. മമ്മൂട്ടിയ്‌ക്കെതിരെ കേസ്‌ ഒന്നും രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ്‌ കഴിഞ്ഞദിവസം മമ്മൂട്ടിയെ കസ്റ്റംസ്‌ പിടികൂടിയെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും വലിയ തോതില്‍ പ്രചരണം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക