Image

പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കാന്‍ ഇനി ജനനസര്‍ട്ടിഫിക്കറ്റ്‌ വേണ്ട

Published on 24 July, 2017
പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കാന്‍ ഇനി ജനനസര്‍ട്ടിഫിക്കറ്റ്‌ വേണ്ട

ന്യൂദല്‍ഹി: പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ്‌ വേണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ജനന സര്‍ട്ടിഫിക്കറ്റിന്‌ പകരം ആധാറോ പാന്‍ കാര്‍ഡോ ഉപയോഗിച്ചാല്‍ മതിയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണ്‌ പുത്തന്‍ തീരുമാനം.

1980ലെ പാസ്‌പോര്‍ട്ട്‌ നിയമപ്രകാരം 26011989ന്‌ ശേഷം ജനിച്ചവരെല്ലാം പാസ്‌പോര്‍ട്ട്‌ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും ജനനസര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇതിന്‌ പകരം സ്‌കൂളില്‍ നിന്നുള്ള ടി.സിയോ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നുള്ള വയസ്‌ തെളിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ പാന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ തിരിച്ചറിയില്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതിയെന്നാണ്‌ പുതിയ ഉത്തരവില്‍ പറയുന്നത്‌.

പുതിയ പാസ്‌പോര്‍ട്ടുകളില്‍ വ്യക്തിപരമായ വിവരങ്ങള്‍ ഇംഗ്‌ളീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും. 60 വയസിന്‌ മുകളിലും 8 വയസിന്‌ താഴെയുമുള്ളവര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ അപേക്ഷാഫീസില്‍ പത്ത്‌ ശതമാനം ഇളവ്‌ വരുത്തിയിട്ടുണ്ട്‌. 

ഡൈവോഴ്‌സ്‌ ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകര്‍തൃസ്ഥാനത്തുള്ളവര്‍ ഒരാളുടെ പേര്‌ മാത്രം രേഖപ്പെടുത്തിയാല്‍ മതി. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളില്‍ ഗസറ്റഡ്‌ ഓഫിസര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി. 2016 ഡിസംബര്‍ മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

പാസ്‌പോര്‍ട്ടിന്‌ വേണ്ടി ഇനിമുതല്‍ ഡൈവോഴ്‌സ്‌ രേഖകളോ ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല. അനാഥര്‍ക്ക്‌ വയസ്‌ തെളിയിക്കുന്നതിന്‌ വേണ്ടി അനാഥാലയത്തില്‍ നിന്നും ഹാജരാക്കുന്ന രേഖ മതിയാകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക