Image

ഭരണഘടന, ഭരണഘടന മാത്രം (ദല്‍ഹികത്ത് :പി.വി.തോമസ്)

പി.വി.തോമസ് Published on 24 July, 2017
ഭരണഘടന, ഭരണഘടന മാത്രം (ദല്‍ഹികത്ത് :പി.വി.തോമസ്)
ഭരണഘടന, ഭരണഘടന മാത്രം ആണ് ഇന്‍ഡ്യയുടെ പ്രഥമ പൗരന്റെ വേദപുസ്തകവും വേദപ്രമാണവും. അദ്ദേഹം പ്രഥമ പൗരന്‍ മാത്രം അല്ല ഇന്‍ഡ്യയുടെ സര്‍വ്വ സൈന്യാധിപന്‍ കൂടെ ആണ്. 130 കോടി ജനങ്ങളുടെ വിധികര്‍ത്താവും. അതായിരിക്കും ജൂലൈ 25 മുതല്‍ രാംനാഥ് കോവിന്ദ് എന്ന ഇന്‍ഡ്യയുടെ അടുത്ത രാഷ്ട്രപതി. അദ്ദേഹം വെറും ഒരു റബ്ബര്‍ സ്റ്റാമ്പ് അല്ല. രാജ്യം കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹത്തിന് വെറും ഒര റബ്ബര്‍ സ്റ്റാമ്പിന്റെ റോള്‍ അല്ല നിര്‍വഹിക്കുവാനുള്ളത്.

അവിടെ ഇന്‍ഡ്യയുടെ ഒരു രാജ്യാദ്ധ്യക്ഷന്‍ ഉണ്ടായിരിക്കും-ഭരണഘടന ആര്‍ട്ടിക്കിള്‍ 52.(ദെയര്‍ ഷാല്‍ ബി എ പ്രസിഡന്റ് ഓഫ് ഇന്‍ഡ്യ). ഈ യൂണിയന്റെ ഭരണനിര്‍വ്വഹകണം അദ്ദേഹത്തില്‍ നിക്ഷിപ്തം ആണ്. അത് അദ്ദേഹം ഭരണഘടന പ്രകാരം നേരിട്ടോ അദ്ദേഹത്തിനു കീഴിലുള്ള ഭരണനിര്‍വ്വാഹകര്‍ മുഖാന്തിരമോ നടപ്പില്‍ വരുത്തും.

ജൂലൈ 25-ാം തീയതി (ചുവ്വാഴ്ച) ഇന്‍ഡ്യയുടെ പതിനാലാമത്തെ രാഷ്ട്രപതി ആയി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോള്‍ ഇന്‍ഡ്യയുടെ ചരിത്രത്തില്‍ പുതിയ ഒരു അദ്ധ്യായം തുറക്കപ്പെടുകയാണ്. അദ്ദേഹം കെ.ആര്‍.നാരായണന്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ദളിത് രാഷ്ട്രപതി ആണെന്നത് ശരി തന്നെ. അതിലും പ്രാധാന്യം അര്‍ഹിക്കുന്നത് അദ്ദേഹം സംഘപരിവാറില്‍ നിന്നും ബി.ജെ.പി.യില്‍ നിന്നും പ്രത്യേകിച്ചും രാഷ്ട്രീയ സ്വയം സേവകില്‍ നിന്നും രാഷ്ട്രപതി ആകുന്ന ആദ്യത്തെ വ്യക്തി ആണ് എന്നുള്ളതാണ്. ഇതിന് മകുടം ചാര്‍ത്തുവാന്‍ ആയി അദ്ദേഹത്തിന്റെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു ഒരു സംഘപരിവാര്‍-ബി.ജെ.പി.-ആര്‍.എസ്.എസ് അനുയായി ആണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകും. ഇത് ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇരുവരും ഹിന്ദുരാഷ്ട്രം എന്ന ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ആര്‍.എസ്.എസ്.കാര്‍ ആണ്. ഇന്നത്തെ പ്രക്ഷുബ്ദമായ പശു-ദളിത് രാഷ്ട്രീയത്തിലും തീവ്രഹിന്ദുത്വ നിലപാടിലും എന്തായിരിക്കും രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും നിലപാട് എന്നത് രാജ്യം ഉറ്റുനോക്കുന്ന ഒരു കാര്യം ആണ്. അവര്‍ അവരുടെ തീവ്രഹിന്ദുത്വ-ഹിന്ദു രാഷ്ട്രം എന്ന പടം പൊഴിച്ച് യഥാര്‍ത്ഥ രാജ്യതന്ത്രജ്ഞന്മാരെ പോലെ ഭരണഘടനാനുസൃതം ഭരണ ചക്രം തിരിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന വിഷയം. ഒരിക്കല്‍ ഭരണഘടനാനുസൃതമായ പദവി ഏറ്റെടുത്താല്‍. അവരുടെ പരിപൂര്‍ണ്ണ കൂറ് ഭരണഘടനയോട്, ഭരണഘടനയോട് മാത്രം ആയിരിക്കും. എന്നു വേണം അനുമാനിക്കുവാന്‍. ഇന്‍ഡ്യ എന്ന രാഷ്ട്ര സങ്കല്പത്തിന് നിലനില്‍ക്കുവാന്‍ അത് വളരെ പ്രധാനം ആണ്. അവരുടെ വേദപുസ്തകവും വേദപ്രമാണവും, മറ്റ് പൗരന്മാരെ പോലെ തന്നെ, ഭരണഘടന മാത്രം ആയിരിക്കട്ടെ.

ഭരണഘടനയിലെ ആ ചാവക്ഷരം,(ഡെഡ് ലെറ്റര്‍-ബി.ആര്‍.അംബേദ്ക്കറുടെ പ്രയോഗം) അതായത് ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗപ്പെടുത്തി സംഘടന ജനകീയ ഗവണ്‍മെന്റുകളെ കേന്ദ്രഗവണ്‍മെന്റിന്റെ രാഷ്ട്രീയ ഹിതാനുസരണം നൂറിലേറെ പ്രാവശ്യം പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. 1959 ല്‍ ഡോ.രാജേന്ദ്രപ്രസാദിന്റെ രാഷ്ട്പതി കാലത്താണ് കേരളത്തിലെ ഈ.എം.എസ്. നമ്പൂതിരിപാടിന്റെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ ഇന്ദിരാഗാന്ധിയുടെ തീരുമാനപ്രകാരവും(കോണ്‍ഗ്രസ് പ്രസിഡന്റ്) പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ സമ്മതത്തോടെയും പിരിച്ചു വിട്ടത്. രാഷ്ട്രപതി അപ്പോള്‍ വെറും റബ്ബര്‍ സ്റ്റാമ്പ് മാത്രം ആയിപ്പോയി. 1975-ലെ ചരിത്രം എല്ലാവര്‍ക്കും അറിവുള്ളതാണ്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പാതിരാത്രിയില്‍ രാഷ്ട്രപതി ഭവനിലേക്ക് കൊടുത്തുവിട്ട ഒരു കടലാസില്‍ ആണ് രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന് ഒരു ചോദ്യവും ഇല്ലാതെ ഒപ്പിടുന്നത്. അതുപോലെ ഒരു ജനവഞ്ചന ഒരു രാഷ്ട്രപതിയും ചെയ്തിട്ട് ഉണ്ടാവുകയില്ല. 2002-ല്‍ ഗുജറാത്ത് വംശീയ കലാപം നടക്കുമ്പോള്‍ രാഷ്ട്രപതി ആയിരുന്ന കെ.ആര്‍.നാരായണനും കാര്യമായി ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. പില്‍ക്കാലത്ത് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി അദ്ദേഹം പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് കത്തുകള്‍ എഴുതിയെങ്കിലും ഫലം ഉണ്ടായില്ലെന്ന്. അദ്ദേഹം അപ്പോള്‍ രാജിവച്ചായിരുന്നെങ്കിലോ? തീര്‍ച്ചയായും രാഷ്ട്രം അത് ഉള്‍ക്കൊണ്ടേനെ. ഇത് തന്നെയാണ് അതിനുമുമ്പ് 1984-ലെ സിക്ക് വിരുദ്ധ കലാപത്തിലും രാഷ്ട്രപതി ഗ്യാനി സെയല്‍ സിംങ്ങ് ചെയ്തത്. അദ്ദേഹവും പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പലകുറി ടെലിഫോണ്‍ചെയ്തു. പക്ഷേ രാജീവ് ഒന്നും ചെയ്തില്ല. പലപ്പോഴും ടെലിഫോണ്‍ എടുത്തുപോലും ഇല്ല. അപ്പോള്‍ സെയില്‍ സിംങ്ങ് രാജി വച്ചെങ്കിലോ? തീര്‍ച്ചായും രാഷ്ട്രം അത് ശ്രവിച്ചേനെ. പിന്നീട് ഇതൊക്കെ ആത്മകഥയില്‍ എഴുതുന്നതില്‍ കഴമ്പില്ല.
ഓലമേഞ്ഞ, ചോരുന്ന കുടിലില്‍ നിന്നും 350 മുറികള്‍ ഉള്ള കൊട്ടാരതുല്യമായ റയ്‌സിന ഹില്ലിലെ രാഷ്ട്രപതി ഭവനിലേക്ക് ആര്‍.എസ്.എസ്. ശാഖയിലൂടെ പ്രവേശിക്കുമ്പോള്‍ രാംനാഥ് കോവിന്ദ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇന്‍ഡ്യയുടെ ഭരണഘടനയുടെ പവിത്രതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തം ആണ്. 1984-ലും 1992-ലും(ബാബരി മസ്ജിദ് ഭേദനം) 2002 ലും അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ ഇതില്‍ പരാജയപ്പെട്ടതാണ്. അതിനാല്‍ ചരിത്രം ആവര്‍ത്തിക്കപ്പെടരുത്. രാഷ്ട്രപതി ഭവനില്‍ നിന്നും ഉയരുന്ന ഒരു പ്രതിഷേധ ശബ്ദം തീര്‍ച്ചയായും രാഷ്ട്രം ചെവിക്കൊള്ളും.

ഭരണഘടനയുടെ ആത്മാവ് പരിരക്ഷിക്കേണ്ടതില്‍ പ്രധാനി രാഷ്ട്രപതി ആണ്. ഗോ രക്ഷകരുടെ നായാട്ടുകള്‍ പരക്കെ നടന്നപ്പോഴും ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചപ്പോഴും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അവര്‍ക്കെതിരെ ശബ്ദിച്ചതാണ്. വലിയ ഫലം ഒന്നും ഉണ്ടായില്ലെങ്കിലും അത് രാഷ്ട്രവും ലോകവും ശ്രദ്ധിച്ചത് ആണ്.

നാനാത്വത്തില്‍ ആണ് ഇന്‍ഡ്യയുടെ ഏകത്വം എന്നും ആ സങ്കര സംസ്‌കാര പൈതൃകം ആണ് ഇന്‍ഡ്യയുടെ ശക്തി എന്നും അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചപ്പോള്‍ അത് വലിയ ഒരു സന്ദേശം ആണ് രാഷ്ട്രത്തിന് നല്‍കിയത്.

ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ആര്‍.എസ്.എസ്. ശാഖയില്‍ നിന്നും വരുന്നത്. ഇത് ഒട്ടേറെ ഉല്‍ക്കണ്ഠയും ഭീതിയും ആകാംക്ഷയും സാധാരണ ജനങ്ങളില്‍ ഉളവാക്കിയാല്‍ അതില്‍ സംശയം ഇല്ല. ഈ ഭീതി മാറ്റേണ്ടതിന്റെ ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. ദീര്‍ഘവീക്ഷണമുള്ള രാജ്യതന്ത്രജ്ഞന്മാരെപോലെ ഇവര്‍ പ്രവര്‍ത്തിക്കണം. ഇതിന് രാഷ്ട്രപതി നേതൃത്വം നല്‍കണം. അദ്ദേഹത്തിന്റെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. നാഗ്പ്പൂരിലെ ഭാണ്ഡക്കെട്ട് അദ്ദേഹം റയ്‌സിന ഹില്ലിലേക്ക് കൊണ്ടുവരരുത്.

പശുസംരക്ഷണത്തിന്റെ പേരില്‍ ഒരു സംഘം അക്രമികള്‍ അഴിച്ചു വിടുന്ന കൊലയും കൊള്ളിവയ്പ്പും ദളിത്- മുസ്ലീം മര്‍ദ്ദനവും അരാജകത്വമാണ്. അതുപോലുള്ള അരാജകത്വം ആഭ്യന്തര കലാപത്തിലേക്ക് രാജ്യത്തെ തള്ളിവിടും. പുതിയ രാഷ്ട്രപതി ഇതിനെതിരെ സത്യസന്ധയും സമഗ്രവുമായ നടപടി എടുക്കണം.

സാമ്പത്തീക പുരോഗതി മാത്രം അല്ല ഒരു രാഷ്ട്രത്തിന്റെ അഭിവൃദ്ധിയുടെ ലക്ഷണം. മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ആത്മാഭിമാനം വൃണപ്പെട്ട പുരോഗതി ഫാസിസത്തില്‍ നിന്നും വ്യത്യസ്തം അല്ല. അത് അല്ല ഇന്‍ഡ്യക്ക് വേണ്ടത്. സാംസ്‌കാരിക ദേശീയതയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന സാംസ്‌ക്കാരിക വിധ്വംസനം ഇന്‍ഡ്യയുടെ ബഹുസംസ്‌ക്കാര പൈതൃകത്തിന് എതിരെയുള്ള കടന്നാക്രമണം ആണ്.
പുതിയ രാഷ്ട്രപതിയുടെ ദളിത് ഐഡന്റിറ്റി വെറും ഒരു രാഷ്ട്രീയ പ്രതീകാത്മകതയാണ്. പക്ഷേ, അദ്ദേഹത്തിന് കാര്യമായ പലതും ചെയ്‌തേക്കുവാന്‍ സാധിച്ചേക്കാം ദളിത് ശാക്തീകരണത്തിന്റെ മേഖലയില്‍. 57.3 ശതമാനം ദളിതര്‍ ഭൂരഹിതര്‍ ആണ്. ഭൂമി ഉള്ളവരില്‍ 2.8 ശതമാനത്തിനു മാത്രമെ 2 ഹെക്ടര്‍ ഭൂമി ഉള്ളത്. ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്ക് സദാ ഉണ്ട്. കൂടാതെ ഉപരിവര്‍ഗ്ഗചൂഷണവും കയ്യേറ്റവും. രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുവാന്‍ സാധിച്ചാല്‍ നന്ന്.

ഇതിനെല്ലാം ഉപരി ആയി അദ്ദേഹം ഉറപ്പു വരുത്തേണ്ടത് ഇന്‍ഡ്യന്‍ ഭരണഘടനയുടെ സംരക്ഷണം ആണ്. അദ്ദേഹത്തെ മുമ്പോട്ട് നയിക്കുന്ന ശക്തി ഭരണഘടന, ഭരണഘടന മാത്രം ആയിരിക്കണം.

ഭരണഘടന, ഭരണഘടന മാത്രം (ദല്‍ഹികത്ത് :പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക