Image

കാമം, ക്രോധം, മോഹം (ചില രാമായണ ചിന്തകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 24 July, 2017
കാമം, ക്രോധം, മോഹം (ചില രാമായണ ചിന്തകള്‍: സുധീര്‍ പണിക്കവീട്ടില്‍)
മക്കളെ സിംഹാസനത്തിലിരുത്താനാഗ്രഹിച്ച അച്ഛന്‍ മഹാരാജാവിന്റേയും അമ്മ മഹാറാണിയുടേയും പ്രതീക്ഷകള്‍ സഫലമായില്ല. രാമനെ യുവരാജാവായി അഭിഷേകം കഴിക്കാന്‍ ദശരഥ മഹാരാജാവ് നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രാണേശ്വരിയും, രണ്ടാം റാണിയുമായ കൈകേയിക്ക് അവരുടെ മകന്‍ ഭരതന്‍ യുവരാജാവാകാന്‍ മോഹമുണ്ടായി. രാമന്‍ പതിന്നാലു് വര്‍ഷം വല്‍ക്കലം ധരിച്ച് മുനിവേഷത്തില്‍ ഭാര്യയോടും അനിയനോടും കൂടി കാട്ടിലലഞ്ഞു. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ ഒരു രാക്ഷസന്‍ അപഹരിച്ചു. പിന്നെ യുദ്ധമുണ്ടായി. ഭരതന്‍ രാജ്യഭരണം നടത്തിയെന്നല്ലാതെ സിംഹാസനത്തില്‍ ഇരുന്നില്ല. അയോദ്ധ്യയുടെ സിംഹാസനത്തില്‍ ശ്രീരാമചന്ദ്രന്റെ മെതിയടികള്‍ ഇരുന്നു. നോക്കണേ, വിധിയുടെ കളിവിളയാട്ടം. കാമ-ക്രോധ-മോഹങ്ങള്‍ അവരുടെ ജീവിതത്തെ എങ്ങനെ ഇളക്കി മറിച്ചുവെന്ന് നമ്മള്‍ രാമായണ കഥയില്‍ നിന്നുമറിയുന്നു,

വേദങ്ങളുടെ സാരം സാധാരണ മനുഷ്യനു മനസ്സിലാക്കാന്‍ പ്രയാസമായത്‌കൊണ്ടാണ് ഇതിഹാസങ്ങള്‍ ഉണ്ടായത്. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരമാണു വാത്മീകി രാമായണം എഴുതിയത് എന്നു വിശ്വസിച്ചുവരുന്നു.നിഷാദനില്‍ നിന്നു വാത്മീകിയായപ്പോള്‍ ഉത്തമപുരുഷന്മാരുണ്ടൊ എന്ന സംശയം തോന്നുകയും അതു നാരദനോട് ചോദിച്ചപ്പോള്‍ അങ്ങനെയൊരാള്‍ ഉണ്ടു അതു ശ്രീരാമചന്ദ്രനാണെന്നു പറയുകയും ചെയ്ത സംഭാഷണത്തില്‍ നിന്നാണു രാമായണം രചിച്ചതെന്നും നമ്മള്‍ വായിക്കുന്നു. എന്തായാലും കലിയുഗവാസികളില്‍ പലരും അദേഹം ഉത്തമപുരുഷനാണെന്ന കാര്യത്തില്‍ തര്‍ക്കത്തിലാണ്. ഒരു പക്ഷെ ത്രേതായുഗത്തിലെ ഉത്തമപുരുഷ സങ്കല്‍പ്പം ഇന്നത്തെ മാതിരിയാകാന്‍ വഴിയില്ലെന്നു അനുമാനിക്കാം. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വായിക്കുന്നവര്‍ക്ക് രാമന്‍ ദേവനാണെന്നു തോന്നുമെങ്കിലും വാത്മീകി രാമായണത്തില്‍ അങ്ങനെ സൂചനയില്ല. സാധാരണ മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും, പരിമിതികളുമൊക്കെ രാമന്‍ അനുഭവിക്കുന്നതായി വാത്മീകി വിവരിക്കുന്നുണ്ട്. ഈശ്വര വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം സത്കര്‍മ്മങ്ങളിലൂടെ നയിക്കുകയെന്ന ശ്രേഷ്ഠമായ സിദ്ധാന്തമാണു ഇതിഹാസത്തില്‍ കാണുക. അല്ലാതെ മനുഷ്യന്‍ ഈശ്വരനാകാന്‍ ശ്രമിക്കണമെന്നല്ല. ഓരോ മനുഷ്യനും ഈശ്വരനാകാന്‍ ശ്രമിക്കുകയും, ആ ശ്രമത്തില്‍ ഉണ്ടാകുന്ന പരാജയങ്ങളും, ക്ലേശങ്ങളും, മോഹഭംഗങ്ങളും അവനെ പിശാചാക്കുന്നുവെന്നതുമാണു സത്യം. മനുഷ്യജീവിതം ദുസ്സഹമാക്കുന്ന, നരകതുല്യമാക്കുന്ന മൂന്ന് വികാരങ്ങളാണു കാമം, ക്രോധം, മോഹം.

കാമം, ക്രോധം, ലോഭം, മോഹം, ഭയം, അഹങ്കാരം എന്നീ ശത്രുക്കളാണു മനുഷ്യരുടെ ആത്മസാക്ഷാത്ക്കാരത്തിനു തടസ്സമായി നില്‍ക്കുന്നതെന്ന്് ഭഗവ്ത് ഗീതയില്‍ അര്‍ജുനനെ ക്രുഷ്ണന്‍ ഉപദേശിക്കുന്നുണ്ട്. മനുഷ്യന്‍ ആഗ്രഹിക്കാതിരുന്നിട്ടും ആരാല്‍ പ്രേരിതനായിട്ടാണു ബലാത്കാരമായി നിയോഗിക്കപ്പെട്ടവനെപോലെ പാപം ചെയ്യുന്നത് എന്ന അര്‍ജുനന്റെ ചോദ്യത്തിനു കൃഷ്ണന്‍ പറഞ്ഞ മറുപടി അത് കാമമാണെന്നാണു. കാമ ഏഷ ക്രോധ ഏഷ, രജോഗുണ സമുദ്ഭവഃ, മഹാശനോ മഹാപാപ്മാ, വിദ്ധ്യേ ന മിഹ വൈരിണം. അര്‍ത്ഥം ഃ ഇത് രജോഗുണത്തില്‍ നിന്നുണ്ടായതും, അനുഭവിച്ചിട്ട് മതിവരാത്തതും, മഹാപാപിയുമായ കാമമാകുന്നു. അതുപോലെ ക്രോധവും, അതും മനുഷ്യന്റെ ശത്രുവാണു. ഭഗവത്ഗീതയില്‍ അദ്ധായങ്ങള്‍ 4-10, 6-23,26, 16-18-21 എന്നിവയിലും കാമക്രോധാദികളെ കുറിച്ച് പരാമര്‍ശമുണ്ട്.

കാമം, ക്രോധം, മോഹം എന്നീ ശത്രുക്കള്‍ മനുഷ്യ ജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തി അവരുടെ ജീവിതം ദുരിതപൂരിതമാക്കുന്നുവെന്ന് വാത്മീകി പ്രതീകാത്മകമായി രാമായണത്തില്‍ വിവരിക്കുന്നുണ്ട്. രാമായണത്തെ ഒരു ആധുനിക കവിത പോലെ വിശകലനം ചെയ്യുമ്പോള്‍ അവിശ്വസനീയമായും അത്ഭുതകരമായും മനുഷ്യനു തോന്നുന്ന പല വിചാരങ്ങള്‍ക്കും മറുപടി കിട്ടും. സംസാരിക്കുന്ന പക്ഷികള്‍, യുദ്ധം ചെയ്യുന്ന വാനരന്മാര്‍, കടല്‍ ചാടി കടക്കുന്ന വലിയ കുരങ്ങന്‍, രാജകുമാരന്റെ കാല്‍പ്പാദങ്ങള്‍ തട്ടിയപ്പോള്‍ ശില ഒരു സുന്ദരിയാകുന്ന അത്ഭുതം, പത്ത് തലയുള്ള ലങ്കാധിപതി, ആറുമാസം ഉറങ്ങാനും, ആറു മാസം ഭക്ഷണം കഴിക്കാനും വേണ്ടി ജീവിക്കുന്ന രാക്ഷസന്‍, പറക്കുന്ന വിമാനങ്ങള്‍, കടലിന്റെ നടുവില്‍ ഐശ്വര്യസമ്രുദ്ധമായ ഒരു ദ്വീപ്, ഇങ്ങനെ പോകുന്ന ഓരോ വിഷയവും അതിന്റേതായ വാക്യാര്‍ത്ഥത്തില്‍ എടുത്താല്‍ ചോദ്യങ്ങളുടെ ശരവര്‍ഷമുണ്ടാകും. സാധാരണ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളെ ദൈവീകമായി മാറ്റിനിറുത്തുക എന്ന ബുദ്ധി ഭാരതീയര്‍ക്കുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ അതു പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് അവിടെ അനവധി "സീതമാരെ കാട്ടിലേക്കയച്ചു ദുഷ്ടനാം ദുര്‍വിധി.'' ഇപ്പോഴും അയച്ചുകൊണ്ടിരിക്കുന്നു. രാമനെ ദേവനായി കണ്ടു അദേഹത്തിന്റെ കാല്‍കീഴില്‍ തീരെ വ്യക്തിത്വമില്ലാതെ കഴിഞ്ഞ സീതയെ ഇന്നത്തെ പെണ്‍കുട്ടികള്‍ അനുകരിക്കുമെന്നു തോന്നുന്നില്ല. വാസ്തവത്തില്‍ ഈ വിഷയം രാമായാണ മാസത്തില്‍ നിഷ്പ്പക്ഷമായി ചര്‍ച്ച ചെയ്താല്‍ സമീപഭാവിയില്‍ സീതാ-രാമന്മാരുടെ അമ്പലങ്ങള്‍ ആള്‍ശൂന്യമാകാന്‍ സാദ്ധ്യതയുണ്ട്.

കഠിനമായ തപോനിഷ്ഠയില്‍ വാത്മീകി നേടിയ മനഃസംയമനം തമസ്സാ നദിയുടെ തീരത്ത് ഒരു സന്ധ്യയില്‍ ഭജ്ഞിക്കപ്പെട്ടു. സന്ധ്യനാമത്തിനു ആ താപസന്‍ തയ്യാറകുമ്പോള്‍ സായംസന്ധ്യ ഒരുക്കുന്ന കാടിന്റെ മനോഹാരിതയില്‍ മാമരകൊമ്പില്‍ കൊക്കും ചിറകുമുരുമ്മുന്നന്ക്രൗഞ്ച കിഥുനങ്ങളെ കാണുന്നു. ആ ഇണപക്ഷികളുടെ ആനന്ദം നോക്കിനില്‍ക്കവേ അപ്രീതിക്ഷിതമായിപാഞ്ഞ് വന്ന ഒരു കൂരമ്പ് ആ ഇണപക്ഷികളില്‍ ആണ്‍പക്ഷിയെ കൊന്നു വീഴ്ത്തി. വാത്മീകിയുടെ ഭാവതരളിതമായ മനസ്സില്‍ നിന്നും ഒരു ശ്ശോകം ഉതിര്‍ന്നുവീണു. പക്ഷെ അത് ക്രോധചില രാമായണ ചിന്തകള്‍ പ്രേരിതമായ ഒരു ശാപമായിരുന്നു. ആര്‍ഷ ഭാരതത്തിന്റെ മണ്ണില്‍ ആദ്യം വിരിഞ്ഞ കവിത. അതായത് ഛന്ദസ്സോടും താളത്തോടും കൂടിയ കവിത. അതിനു മുമ്പ് വേദമന്ത്രങ്ങള്‍ മാത്രമായിരുന്നു ഛന്ദസ്സിലും താളത്തിലും നില നിന്നിരുന്നത്. ക്രൗഞ്ച മിഥുനങ്ങളില്‍ കാമമോഹിതനായ ഒന്നിനെ കൊന്ന് പെണ്‍കിളിയെ ദുഃഖിപ്പിച്ച കാട്ടാളാ, നീ നിത്യതയോളം അവിശ്രമം അലയുക! എന്ന മഹര്‍ഷിയുടെ ശാപം. കാമമോഹിതരായ ഇണകിളികളില്‍ ഒന്ന് മരിച്ച് വീഴുന്നത് കണ്ടപ്പോള്‍ മഹര്‍ഷിയുടെ മനസ്സില്‍ ക്രോധമുണ്ടായി. ആത്മ സംയമനം നഷ്ടപ്പെട്ടു. കാമം, ക്രോധം, മോഹം ഒരു നിമിഷം കൊണ്ട് വരുത്തുന്ന ദുര്‍ഘടനയുടെ അനന്തരഫലങ്ങള്‍ ജീവിതാവസാനം വരെ നില്‍ക്കുന്നു.

മുന്നൂറ്റി അമ്പത് വെപ്പാട്ടികളും സുന്ദരിമാരായ മൂന്നു രാജ്ഞിമാരുമുണ്ടായിട്ടും ദശരഥന്‍ കാമമോഹത്‌നായി അന്തഃപുരത്തില്‍ വട്ടം കറങ്ങി. ഈ പെണ്‍പട അദ്ദേഹത്തെ എപ്പോഴും മത്ത് പിടിപ്പിച്ചിരുന്നു എന്ന് രഘുവംശത്തില്‍ കാളിദാസന്റെ വിവരണത്തില്‍ നിന്നും നമ്മള്‍ അറിയുന്നു. വേട്ടക്ക് പോയ മന്നവന്‍ ഒരു മാനിന്റെ കണ്ണുകള്‍ കണ്ട് അത് അന്തപുരത്തിലെ ഏതൊ വെപ്പാട്ടിയുടെ കണ്ണുകള്‍ ഓര്‍മ്മിപ്പിക്കുന്നു എന്നാലോചിച്ച് അതിനെ കൊല്ലാതെ വിട്ടത്രെ. കൈകേയിയുടെ വശ്യസൗന്ദര്യത്തില്‍ മതിമയങ്ങി അവള്‍ക്ക് വരം കൊടുത്തു. എല്ലാ മനുഷ്യരുടേയും ജീവിതത്തില്‍ ഒരു വികാരം അവരെ അടിമയാക്കി വച്ചിരിക്കുന്നത് കാണാം.ഒരു ഇന്ദ്രിയ വസ്തുവിനാല്‍ നശിപ്പിക്കപ്പെടുന്ന അഞ്ചു വ്യത്യസ്ഥ ജീവികളെക്കുറിച്ച് വിവേകചൂഡാമണിയില്‍ ഇങ്ങനെ പറയുന്നു. (യശ്ശഃശരീരനായ ബഹുമാനപ്പെട്ട ശ്രീ അബ്ദുല്‍ കലാമിന്റെ പുസ്തകത്തോട് കടപ്പാട്) വെളിച്ചത്തില്‍ ആക്രുഷ്ടയായി എത്തുന്ന നിശാശലഭം, ന്രുത്തം ചെയ്യുന്ന അഗ്നിനാളങ്ങള്‍ക്ക് ചുറ്റും പാറിപാറി ഒടുവിലതില്‍ പിടഞ്ഞൊടുങ്ങുന്നു.ന്ചെണ്ടയുടെ ശബ്ദം കേട്ട് ഓടിയെത്തുന്ന മാന്‍ കുറ്റിച്ചെടികളുടെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്ത് കടക്കുന്നു, വെടി കൊണ്ട് ചാവുന്നു. രുചി ദൗര്‍ബ്ബല്യമായ മത്‌സ്യം ഇര കൊത്തി ചാവുന്നു. ഗന്ധത്താല്‍ മോഹിതനായി വണ്ട് പൂവ്വിനുള്ളില്‍ കടക്കുന്നു. പൂവ്വ് അടയുന്നു. വണ്ടു അതില്‍ കുടുങ്ങുന്നു. ആനയ്ക്ക് സ്പര്‍ശനമാണു കമ്പം. ഇണചേരും കാലത്ത് അത് കെണിയില്‍ വീഴുന്നു. പാവം മനുഷ്യനു ഈ അഞ്ചു ദൗര്‍ബ്ബല്യങ്ങളുമുണ്ട്. അതിന്റെ അനന്തര ഫലങ്ങള്‍ അവര്‍ ജീവിതാവസാനം വരെ അനുഭവിക്കുന്നു.

മനുഷ്യ ശരീരത്തെ ക്ഷേത്രത്തോട് ഉപമിച്ചിട്ടുണ്ട്. അനംഗനായ കാമന്‍ അവിടെ ചിലപ്പോള്‍ കയറി കുടികൊള്ളും. അത് സൂക്ഷിക്കണമെന്ന് സൂചനകള്‍ തരുന്നു. കാമനെ ഉപേക്ഷിച്ച് സന്യാസിയാകണമെന്ന് ഇതിനര്‍ത്ഥമില്ലെന്ന് മനസ്സിലാക്കാന്‍ മനുഷ്യന്‍ പ്രയാസപ്പെടുമ്പോഴാണ് ഇതിഹാസങ്ങള്‍ക്കും, വേദങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുന്നത്. അത്‌കൊണ്ടാണു് ഋഷിമാര്‍ പറഞ്ഞത് അറിവുള്ള ഒരു ഗുരുവിന്റെ കീഴില്‍ നിന്ന് വിദ്യ അഭ്യസിക്കുകയെന്ന് (പ്രാപ്യവരാന്‍ നിബോധിത - ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിച്ച് ആത്മതത്വത്തെ അറിയുവിന്‍)

വേദങ്ങളും, ഉപനിഷത്തുക്കളും, ഇതിഹാസങ്ങളും ഉദ്‌ഘോഷിക്കുന്നത് ആത്മസാക്ഷാത്കാരത്തിനു വേണ്ടി മനുഷ്യര്‍ എങ്ങനെ ജീവിതം നയിക്കണമെന്നുള്ള ഉപദേശങ്ങളാണു. പഞ്ചവടിയിലെ പര്‍ണ്ണാശ്രമത്തില്‍ ഒരു സാധാരണ മാനിനെ കണ്ടെങ്കില്‍ സീതാദേവി ആകര്‍ഷിതയാകില്ലായിരുന്നു. സ്വര്‍ണ്ണ മാനിനെയാണു കാണുന്നത്. ആ മാനിന്റെ രൂപം പ്രക്രുതി വിരോധമാണ്. അങ്ങനെയൊന്നില്ല. അത്് മായയാണു. നമ്മുടെ ജീവിതത്തില്‍ നാം ഇത്തരം മായാകാഴ്ചകളില്‍ ആക്രുഷ്ടരാകയും ആപത്തുകളില്‍ വീഴുകയും ചെയ്യുന്നു. മാനിനെ ജീവനോടെ കിട്ടിയില്ലെങ്കിലും കൊന്നു കൊണ്ടുവന്നാല്‍ അതിന്റെ തോല്‍ ഉരിച്ച്് കളഞ്ഞ് അയോദ്ധ്യയിലേക്ക് തിരിച്ച് ് പോകുമ്പോള്‍ കൂടെ കൊണ്ടുപോയി രാജധാനി അലങ്കരിക്കാമെന്ന ഒരു ക്ഷത്രിയ രാജകുമാരിയുടെ മോഹം. ഇവിടെ മോഹങ്ങളുടെ ഒരു ചാക്രികവലയം രൂപം പ്രാപിക്കുന്നു. കാമരൂപനായ ശ്രീരാമനെകണ്ട് കാമപരവശയായി ശൂര്‍പ്പണഖ എത്തുന്നു. നിയന്ത്രിക്കാനാവാത്ത കാമദാഹത്തോടെ അവള്‍ രാമനോടും ലക്ഷമണനോടും മാറി മാറി തന്റെ ആഗ്രഹപൂര്‍ത്തിക്കുവേണ്ടി കൊഞ്ചിയെങ്കിലും ഫലമുണ്ടായില്ല. അനന്തരഫലം ഒരു മഹായുദ്ധത്തിലേക്ക് വഴിതെളിയിക്ലുന്കാമത്തിന്റെ തുടക്കം അയോദ്ധ്യരാജധാനിയില്‍ നിന്നും ആരംഭിക്കുന്നു. അവിടെ കാമിനിയായ കൈകേയിയുടെ അംഗലാവണ്യത്തില്‍ മയങ്ങിപോയ മന്നവന്‍ കാമാന്ധനായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതില്‍ നിന്നു ഒരു രാമായണ കഥ ജനിക്കുന്നു.

കാമത്തിന്റേയും ക്രോധത്തിന്റേയും മോഹത്തിന്റേയും പടിവാതിലുകള്‍ കടക്കുന്ന മനുഷ്യര്‍ സ്വര്‍ഗ്ഗലോകത്തെത്തുന്നില്ല. സ്വര്‍ഗ്ഗലോകമെന്നൊരു ലോകമുണ്ടോ? ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം . പക്ഷെ പ്രസ്തുത അധമവികാരങ്ങളെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ ശക്തി നേടുമ്പോള്‍ സ്വര്‍ഗ്ഗലോകം ഭൂമിയില്‍ തന്നെ ഉണ്ടാകുന്നു.

ശുഭം
കാമം, ക്രോധം, മോഹം (ചില രാമായണ ചിന്തകള്‍: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
G. Puthenkurish 2017-07-26 21:05:04
എല്ലാ ഉത്തമ പുരുഷൻമാരുടെയും ചരിത്രം പരിശോധിച്ചാൽ ഒരു നിഷാദന്റെ (കാമം, ക്രോധം, മോഹം തുടങ്ങിയ ഉൾച്ചേർന്ന അവസ്ഥ ) അവസ്ഥ കാണാൻ സാധിക്കും. രാമായണത്തിലെപ്പോലെ ബൈബിളിലും ചില കഥാപാത്രങ്ങളെ കാണാൻ സാധിക്കും.  അഭ്യസ്‌തവിദ്യണെങ്കിലും നിഷാദന്റെ സ്വഭാവത്തോടെയാണ് യേശുവിന്റ പിൻഗാമിയായ സ്റ്റീഫനെ കല്ലെറിഞ്ഞുകൊന്നപ്പോൾ ശൗൽ വസ്ത്രം സൂക്ഷിച്ചത്. പിന്നീട് 'ഉത്തമ പുരുഷനായ'പ്പോൾ അദ്ദേഹത്തിൽ നിന്ന് ഒഴുകി വന്ന,  "ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. 
എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.  എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല. 
 സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും,  ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ."  ഉത്തമപുരുഷനായ പോളിലെ  (ശൗൽ) കാമവും ക്രോധവും മോഹവും വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയാൽ മാറ്റപ്പെട്ടു. മറ്റൊരു കഥാപാത്രമായ ചുങ്കക്കാരൻ മത്തായി ഉത്തമപുരുഷനായപ്പോൾ താൻ ജനങ്ങളിൽ നിന്ന് അനീതിയോടെ വാങ്ങിയ നികുതി പത്തിരട്ടിയായി തിരിച്ചുകൊടുക്കാൻ തയാറായി.  എല്ലാ മനുഷ്യരിലും ഒരു നിഷാദൻ ഒളിഞ്ഞിരിപ്പില്ലേ. പക്ഷെ കുമാരനാശാന്റെ പ്രാർത്ഥന എന്ന കവിതയുടെ ആശയത്തെ പ്പോലെ, മഹേശ്വരന്റെ സന്നിധികൊണ്ട് 

"മഹാവനം നൽ മലർവാടിയാക്ക 
          മുള്ളൊക്കയും നൽ മുകുളങ്ങളാക 
മഹേശ്വര നിൻ സന്നിധിക്കൊണ്ടു 
           ദുഷ്ട മൃഗങ്ങളും ഗായക ദേവരാക " 

"ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം സത്കർമ്മങ്ങളിലൂടെ നയിക്കുക " എന്ന സിദ്ധാന്തം എല്ലാ വേദങ്ങളിലും കണ്ടെത്താൻ കഴിയും .  പുരാണങ്ങളിലേയും ബൈബിളിലേയും ഇത്തരം സത്യങ്ങളെ പൊതിഞ്ഞിരിക്കുന്ന കട്ടിത്തോടുകളെ  ഭേദിച്ച് അതിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളുടെ പൊരുൾ തിരിച്ച്   ഉത്തമപുരുഷന്മാരാക്കാൻ പല വേദശാസ്‌ത്രപണ്‌ഡിതന്മാരും പരാജയപ്പെടുമ്പോൾ  ശ്രീ  സുധീർ പണിക്കവീട്ടിൽ അനായാസേന  ആ കർമ്മം ഈ ലേഖനത്തിലൂടെ നിർവഹിക്കുന്നു . അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു .
മാത്തുള്ള 2017-07-27 06:56:21
സ്വർഗ്ഗം ഭൂമിയിൽ അല്ല. മരണ ശേഷം ലഭ്യമാകുന്ന ഒരു സ്ഥലമാണ്. ഭൂമി എന്ന് പറയുന്നത് ഒരു വഴിയമ്പലം മാത്രം.  എല്ലാ ദിവസം പള്ളിയിൽ പോയി അച്ചന്മാമാരെയും തിരുമേനിമാരുടെയും കൈ മുത്തി സ്തോത്രകാഴ്ച കൊടുത്താൽ രക്ഷയുണ്ട്. അവരാണ് സ്വർഗ്ഗത്തിലേക്കുള്ള വാതിൽ. അവരിൽ കൂടി കടക്കാത്തവൻ ഒക്കെ കള്ളനും കവർച്ചക്കാരനുമാകുന്നു." ഹല്ലേലുയ്യ സ്തോത്രം പത്തിൽ ഒന്ന് വിഹിതം പള്ളിക്ക് കൊടുക്കാത്തവൻ എല്ലാം നിത്യ നരകത്തിൽ

andrew 2017-07-27 07:37:38

Like a talented sculpture r, Mr.Sudhir has carved out another piece of literary art, In addition he dived deep down and brought up some sparkling pearls too which were hidden deep. The author has shown his natural ability in researching like a scientist.

Purans, 'scriptures', epics... they all have glorious lessons to convey, and they were here for long and people simply repeated it without practicing it. So do they have any use in the modern times?

Social & moral codes need to be reviewed in the lights of Science and new knowledge it reveals. We need to see humans in attitudes of empathy,compassion & Love.

Race,color,religion, all are hindrances on the paths of heaven. In fact there is no difference in race, because humans has no race, they are a different species, different from the rest of the animal kingdom. At least, that is the way it is supposed to be. But when we see all the hatred, evil, killing, cruelty ….done by humans, wonder what they are evolving to be...

വയലാർ 2017-07-27 10:01:59
സ്വർഗ്ഗം മറ്റൊരു ദേശത്തെന്നു
വിശ്വസിക്കുന്നവരെ
വെറുതെ വിശ്വസിക്കുന്നവരെ
ഇവിടെ തന്നെ സ്വർഗ്ഗവും നരകവും
ഇവിടെ തന്നെ .........

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക