Image

ജസ്റ്റിസ്‌ കര്‍ണ്ണന്‍ രാഷ്ട്രപതിയെ സമീപിക്കുന്നു

Published on 25 July, 2017
 ജസ്റ്റിസ്‌ കര്‍ണ്ണന്‍ രാഷ്ട്രപതിയെ സമീപിക്കുന്നു

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്‌ക്കു വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജി സി.എസ്‌ കര്‍ണന്‍ തന്റെ ശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിയുക്ത രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‌ അപേക്ഷ നല്‍കും.

കോവിന്ദ്‌ ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തു കഴിഞ്ഞാലുടന്‍ ഇമെയില്‍ വഴി അപേക്ഷ നല്‍കുമെന്ന്‌ കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ്‌ ജെ.നെടുമ്പറ പറഞ്ഞു. പ്രസിഡന്റിന്‌ നല്‍കേണ്ട അപേക്ഷ തയ്യാറാക്കിയതായി അഭിഭാഷകന്‍ വെളിപ്പെടുത്തി.

ദീര്‍ഘനാള്‍ ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസം 20നാണ്‌ കര്‍ണന്‍ കോയമ്പത്തൂരില്‍ നിന്ന്‌ അറസ്റ്റിലായത്‌. ഇപ്പോള്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലാണ്‌ കര്‍ണനെ പാര്‍പ്പിച്ചിരിക്കുന്നത്‌.

സുപ്രീംകോടതിയിലെയും മദ്രാസ്‌ ഹൈക്കോടതിയിലെയും ജഡ്‌ജിമാര്‍ക്കെതരെ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌ പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്ത്‌ അയച്ചതിനാണ്‌ ജസ്റ്റിസ്‌ കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്‌.തുടര്‍ന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.എസ്‌.കേഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച്‌ കര്‍ണനെ ആറ്‌ മാസത്തെ തടവിന്‌ ശിക്ഷിക്കുകയായിരുന്നു.

ഇതിനെതിരെ കര്‍ണന്‍ സുപ്രീംകോടതിയെ പലവട്ടം സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്ന്‌ സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്ട്രപതിക്കും അപേക്ഷ നല്‍കിയിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല. പരോള്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നേരത്തെ കര്‍ണന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്ക്‌ കത്ത്‌ അയച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക