Image

വിനായകനേറ്റത്‌ ക്രൂരപീഡനമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published on 25 July, 2017
വിനായകനേറ്റത്‌ ക്രൂരപീഡനമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌


തൃശൂര്‍: പാവറട്ടി പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ വിട്ടയച്ച ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‌ ക്രൂരമായ പീഡനം നേരിട്ടുവെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. തലക്കും, നെഞ്ചിലും മര്‍ദ്ദനമേറ്റതിന്റയും ബൂട്ട്‌ ഉപയോഗിച്ച്‌ കാലിലും ശരീരത്തിലും ചവിട്ടിയതിന്റെ പാടുകള്‍ ശരീരത്തിലുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌. 

വലത്‌ നെഞ്ചില്‍ മുലഞെട്ടുകള്‍ പിടിച്ചുടച്ച നിലയിലാണ്‌. ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലും മര്‍ദ്ദനമേറ്റിട്ടുണ്ട്‌. കടുത്ത മര്‍ദ്ദനമാണ്‌ ഏറ്റിട്ടുള്ളതെന്ന്‌ മൂന്ന്‌ പേജുകളിലായി മുളങ്കുന്നത്തുകാവ്‌ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ വിഭാഗം മേധാവി ഡോ എന്‍ എ ബാലറാമും, ഫോറന്‍സിക്‌ സര്‍ജനും അസി പ്രൊഫസറുമായ ഡോ.കെ ബിരാഖിന്‍ എന്നിവര്‍ തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തല ചേര്‍ത്ത്‌ ഇടിച്ചതെന്ന്‌ സംശയിക്കാവുന്ന വിധത്തില്‍ തലയുടെ ഇടത്‌ ഭാഗത്തും പിറക്‌ വശത്തുമാണ്‌ പാടുള്ളത്‌. തലയില്‍ നിന്നും മൂക്കിലേക്കുള്ള നാഡികളിലും മുറിവുണ്ട്‌. ഇതോടെ പൊലീസ്‌ കസ്റ്റഡിയില്‍ വിനായകന്‌ ക്രൂര മര്‍ദ്ദനമേറ്റതായ ആരോപണം ശക്തമായി.

കാലിലും ശരീരത്തിന്റ മറ്റിടങ്ങളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ഭാഗങ്ങളായി തിരിച്ച്‌ അതിനെ ഉപഭാഗങ്ങളാക്കി വിശദീകരിച്ചുമാണ്‌ മര്‍ദ്ദനമേറ്റ പാടുകളെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്‌. മര്‍ദ്ദനമേറ്റ പാടുകളെ പഴയതും പുതിയതുമെന്ന വിധത്തിലും തിരിച്ചിട്ടിട്ടുണ്ട്‌.

വിനായകന്റെ ആത്മഹത്യ, പൊലീസ്‌ നടത്തിയ കൊലപാതകമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക