Image

തോമസ് ടി ഉമ്മന്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു

Published on 25 July, 2017
തോമസ് ടി ഉമ്മന്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ ദീപശിഖയായ ഫോമായുടെ വൈസ് പ്രസിഡന്റ് പദത്തിലേയ്ക്ക് മുതിര്‍ന്ന അമേരിക്കന്‍ മലയാളിയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാവും കറയറ്റ സംഘാടകനുമായ തോമസ് ടി ഉമ്മന്‍ മല്‍സരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായ ഇദ്ദേഹം ഇപ്പോള്‍ ഫോമായുടെ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാനാണ്.

ഫോമായുടെ മുതിര്‍ന്ന നേതാക്കളുടെയും അംഗസംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും താത്പര്യവും പിന്തുണയും മാനിച്ചാണ് താന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നതെന്ന് തോമസ് ടി ഉമ്മന്‍ ഇ മലയാളിയോട് പറഞ്ഞു. ഫോമാ, അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കിയ കിടയറ്റ സംഭാവനയാണ് പൊളിറ്റിക്കല്‍ ഫോറം. അതിന്റെ സാരഥ്യം സ്തുത്യര്‍ഹമാം വിധം നിര്‍വഹിക്കുന്ന തോമസ് ടി ഉമ്മന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കെത്തുന്നത് അഭിലഷണീയവും ഉചിതവുമാണെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയില്‍ എഴുപതുകളില്‍ എത്തിയ തോമസ് റ്റി ഉമ്മന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ബിസിനസ് ഓഫീസറായി നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റിന്റെ കോണ്‍ട്രാക്ടുകളുടെ  കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ലോങ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) രൂപീകരിച്ചുകൊണ്ടാണ് അദ്ദേഹം കര്‍മഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടത്. ലിംകയുടെ സ്ഥാപക പ്രസിഡന്റായി രണ്ടു വര്‍ഷം വിജയകരമായ പരിപാടികളിലൂന്നി പ്രവര്‍ത്തിച്ചു. മലയാളമറിയാത്ത കുട്ടികള്‍ക്ക് പബ്‌ളിക് ലൈബ്രറിയില്‍ മാതൃഭാഷ പഠിപ്പിക്കുന്ന മഹത് സംരംഭത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തോമസ് റ്റി ഉമ്മന്‍ ഓ.സി.ഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിച്ചു. ഇതുസംബന്ധിച്ച് 2010ല്‍ നടത്തിയ പ്രതിഷേധം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയും പ്രസ്തുത വിഷയങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെയെയുള്ളവര്‍ക്ക് അനുകൂലമായ ചില തിരുത്തലുകള്‍ നടത്തുകയും ചെയ്തു.

തിരുവല്ല നഗരത്തിലെ പുരാതനമായ തോട്ടത്തില്‍ കുടുംബാംഗമായ തോമസ് റ്റി ഉമ്മന്‍ 1964 കാലഘട്ടത്തില്‍ അഖില കേരള ബാലജനസഖ്യം തിരുവല്ല യൂണിയന്റെ പ്രസിഡന്റായിരുന്നു. സോഷ്യല്‍ സര്‍വീസ് ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു. പഠനകാലത്ത് കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ഊര്‍ജ്വസ്വലമായ സാന്നിധ്യമറിയിച്ച ഇദ്ദേഹം നാട്ടില്‍ ട്രേഡ് യൂണിയന്‍ രംഗത്തും തൊഴില്‍ സൗഹൃദത്തിന്റെ നേതൃപാടവം കാഴ്ചവച്ച ജനപ്രിയ നേതാവാണ്.

തോമസ് ടി ഉമ്മന്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക