Image

ഇവര്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 25 July, 2017
ഇവര്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
അയത്‌നലളിമാ,യല്ലര്‍പ്പിതങ്ങളാം
ജീവിതംതന്നെ നല്‍കീ വളര്‍ത്തിയാര്‍
തളരാത്ത ചിന്തകളിതര ഹൃദയങ്ങളില്‍
പന്തംകണക്കേ ജ്വലിപ്പിച്ചുനിര്‍ത്തിയോര്‍
വ്യര്‍ത്ഥമാക്കാനുള്ളതല്ല! നരജീവിതം:
ശക്തിയാര്‍ജ്ജിച്ചടരാടാന്‍ പറഞ്ഞവര്‍
കര്‍മത്തിലിഴചേര്‍ത്ത വാക്കിനാലര്‍ത്ഥമോ-
ടാത്മാര്‍ത്ഥതയോടെളിമ തെളിയിച്ചവര്‍
അകലമില്ലാതെത്ര മനസ്സുകള്‍ക്കാശ്വാസ-
വചനമാ,യലിവിന്നിളംതെന്നലായവര്‍
ജീവിതത്താലുദയമാകാന്‍ കൊതിച്ചവര്‍
പ്രതിഭ വിതച്ചുണര്‍വ്വേകാന്‍ ശ്രമിച്ചവര്‍
ജനതകള്‍ക്കാമോദമധുരം പകര്‍ന്നുത-
ന്നിടറാത്ത വചസ്സുമായിവിടെക്കഴിഞ്ഞവര്‍
വഴികള്‍തെളിച്ചിതര മനസ്സുകള്‍ക്കാര്‍ദ്രമാ-
യന്‍പിന്നുഷസ്സുകളേകാന്‍ കൊതിച്ചവര്‍
നന്മരപ്പൂക്കള്‍ക്കു കാവലായ് നില്‍ക്കുവാ-
നെന്നും സ്വജീവിതമിതരര്‍ക്കു നല്‍കിയോര്‍
സുലഭയമാ,യാത്മാവിനന്നമായൊരുമതന്‍
കരളേകി,യതിലുപരി കലകളാലീവിധം;
ജീവിതം കവിതയായ് മാറ്റിയോരായിരം-
തിരിയിട്ട തെളിദീപമായ് മുന്നിലുണരവേ,
തിരപോലൊരാവേശമാണാ,സ്മരണയും
മറയുന്നതെങ്ങനി,ന്നാ വചനങ്ങളാ-
ണിടനെഞ്ചിലൂര്‍ജ്ജമായറിയാതെയിങ്ങനെ...




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക