Image

സന്ധ്യ (കവിത: ഗീത.വി)

Published on 25 July, 2017
സന്ധ്യ (കവിത: ഗീത.വി)
സന്ധ്യകളതിമോഹനം
ദുഃഖജലധി തരണം ചെയ്താനന്ദ
സാഗരത്തിലെത്തിടാനുത്തമം
രാപകലറ്റവേളകള്‍
പക്ഷി ചിറകിന്റെ നിഴല്‍പ്പാടില്‍തന്‍
കുഞ്ഞുങ്ങളെയെന്നപോല്‍
സര്‍വ്വചരാചരങ്ങളെയും
തുഷാരമണികളാല്‍ നെയ്‌തെടുത്ത
കമ്പളത്തിനുള്ളിലാക്കിയാനന്ദ
നിര്‍വൃതിയിലാണ്ടുകിടക്കുന്ന
പുലര്‍കാലസന്ധ്യ പുണ്യവതി.

കൂജനങ്ങളാലോങ്കാരം ജപിക്കുന്നു പക്ഷികള്‍
പ്രത്യൂഷപുഷ്പങ്ങള്‍ പരത്തും
നറുമണത്താലിന്ദ്രിയങ്ങള്‍
നിശ്ചലമായിടുന്നു പൊന്നുഷസ്സില്‍
വിടരാന്‍ വെമ്പിനില്‍ക്കുന്ന
മലര്‍മൊട്ടുകളാലാലംകൃതമാം
തരുവൃക്ഷലതാദികള്‍;
മലര്‍വാടിയെത്തലോടി
പൂമണംപേറി തെന്നിത്തെന്നിനടക്കുമിളംതെന്നല്‍,
ചെമ്പട്ടുചേലയുടുത്ത
രുണോദയത്തെ വരവേല്‍ക്കാന്‍
ഒരുങ്ങിനില്‍ക്കും കിഴക്കേ ചക്രവാളമേവം
പുലര്‍കാലസന്ധ്യേ നിനക്ക് ചാരുതയേകുന്നു.
ലാവണ്യക്കടലില്‍മുങ്ങി
കുങ്കുമച്ചെപ്പുമായി വാര്‍തിങ്കളെ
വരവേല്‍ക്കാന്‍ ചമഞ്ഞുനില്‍ക്കുന്നു
സായംസന്ധ്യ
പൊന്‍നിലാപ്പൊയ്കയിലാഴത്തില്‍
നീന്തിക്കളിക്കുവാന്‍ വെമ്പിനില്‍ക്കുന്ന
രോഹിണീ നീ രൂപവതി.
ഷഡാധാരങ്ങളും കടന്നു ഷഡാധാര
പര്‍വ്വതമകുടമാകുന്നൊരാ സഹസ്രാരപത്മത്തിലെത്തി
ആനന്ദമധുനുകര്‍ന്നീടാനുത്തമമീ
സന്ധ്യാവേളകള്‍..
Join WhatsApp News
ഡോ.ശശിധരൻ 2017-07-26 10:00:51
ഈ സൂര്യന്റെ അനുഗ്രഹം എത്ര ശോഭനമാണ് .ഈ ഭൂമിയെ സുഖ ഭോഗങ്ങളുടെ സ്വർഗ്ഗമാക്കി മാറ്റുന്നതും ,ദിവ്യങ്ങളായ അനുഭവ മേഖലയാക്കി മാറ്റുന്നതും ഈ സൂരൻ തന്നെ .സൂര്യന്റെ താപമേറ്റു ചുട്ടുപൊള്ളുന്ന ഈ  ഭൂമിയെ ചന്ദ്രൻറെ മോഹനമായ തേജസ്സു സ്വേത സ്വരൂപമാക്കി  മാറ്റുന്നു.  ബ്രഹ്മലോകത്തിൽ  ഉള്ളതിനേക്കാൾ (?)സ്വർഗ്ഗത്തിൽ ഉള്ളതിനേക്കാൾ(?) എന്തുകൊണ്ടും ശ്രേഷ്ഠമായ  മനുഷ്യജീവിതം ഭൂമിയിൽ തന്നെയാണ് എന്നതിൽ യാതൊരു സംശയുവുമില്ല .അവിടെ വെയിലും നിഴലുമാണ് പ്രതിബിബംത്തെ കാണുന്നത്  !ഇവിടെ ,ഈ ഭൂമിയിലോ ?കണ്ണാടി നോക്കി നമുക്ക് നമ്മെ കണ്ടു രസിക്കാം. സൂര്യന്റെ തേജസ്സിന്റെ ,ഊർജത്തിന്റെ അനുഗ്രഹം തന്നെയാണ് അതിനു ഹേതു .ആഹാരവും വിഹാരവും ,ഉറക്കവും ഉണർവും ,ഇണയും ഇരയും തുടങ്ങി സകല സാരസംഗ്രഹത്തിന്റെയും ഉറവിടം ഈ ഉദയസൂര്യൻ തന്നെ .ഗീതയുടെ എല്ലാ കവിതകളിലും ഭാരതീയ സാഹിത്യ സൗന്ദര്യത്തിന്റെ  ദാർശനികമായ സാധ്യതകൾ സർഗാത്മകമായ അനുഭവമാക്കി പ്രതിനിധാനം ചെയ്യുന്നുണ്ട്.
(ഡോ.ശശിധരൻ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക