Image

നവീനതയുടെ ശേഷിപ്പുകള്‍ (കവിത: മഞ്ജുള ശിവദാസ്)

Published on 25 July, 2017
നവീനതയുടെ ശേഷിപ്പുകള്‍ (കവിത: മഞ്ജുള ശിവദാസ്)
മാറിയെന്നഹങ്കരിച്ചു നേടിയതെല്ലാം
മതിഭ്രമങ്ങള്‍ മാത്രമെന്നറിഞ്ഞു തുടങ്ങി.

മായമേതുമില്ലാത്ത ഭക്ഷണത്തിനും,
മാര്‍ഗ്ഗമറ്റു കേണിടുന്ന ഭാഗ്യദോഷികള്‍.

ആധിയോടെ മാറിടാത്ത വ്യാധികള്‍പേറി
ആതുരാലയങ്ങള്‍ ലക്ഷ്യമാക്കി ഗമിപ്പൂ.

ആളുകളിന്നാശനശിച്ചലയുകയായി
അര്‍ബുദമിന്നത്ഭുതമല്ലാതെയുമായി.

അടുത്തതലമുറക്കു പകര്‍ന്നേകിടുവാനായ്
അതിരുവിട്ട ദുരവിതച്ച കെടുതികള്‍ മാത്രം.

മറവി നടിച്ചന്ധകാരപ്പുര പണിഞ്ഞവര്‍,
മഹത്വമാര്‍ന്ന സംസ്കൃതിക്കു ചിതയൊരുക്കിയോര്‍.

വിധികളില്‍ പഴിച്ചു കറകള്‍ കഴുകിടുന്നവര്‍,
വിനകള്‍ വിതച്ചന്യജീവനപഹരിപ്പവര്‍.

പ്രകൃതിതന്ന ജീവജലം കാത്തിടാത്തവര്‍,
പ്രാണവായുവില്‍ വിഷം കലര്‍ത്തിയവര്‍ നാം.

പാരിലാകെ പാതകങ്ങള്‍ ചെയ്തു മദിച്ചു,
പരിപാവനമീ ഭൂമി മലിനമാക്കിയതും നാം.

കാലഗതിക്കൊത്തുനീങ്ങി എന്തുനേടി നാം,
കാലമായി കാത്തു വച്ചതൊക്കെയന്ന്യമായ്.

കാലമെത്തിടാതെ തന്നെ പോയിടുന്നു നാം,
കാലയവനികക്കകത്തു താമസമാക്കാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക