Image

അഭയ കേസ് അട്ടിമറിച്ചത് സി.ബി.ഐ മുന്‍ ഡിവൈ.എസ്.പിയാണെന്ന്

Published on 26 July, 2017
അഭയ കേസ് അട്ടിമറിച്ചത് സി.ബി.ഐ മുന്‍ ഡിവൈ.എസ്.പിയാണെന്ന്

 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് അട്ടിമറിച്ചത് സി.ബി.ഐ മുന്‍ ഡിവൈ.എസ്.പി വര്‍ഗീസ് പി. തോമസാണെന്ന് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍. വര്‍ഗീസ് പി. തോമസിനെയും അന്നത്തെ ആര്‍.ഡി.ഒയിലെ ഉദ്യോഗസ്ഥരായ മുരളീധരനെയും ഏലിയാമ്മയെയും പ്രതികളാക്കണമെന്നാവശ്യപ്പെട്ട് മൈക്കിള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഈ ആരോപണം.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന കെ.ടി. മൈക്കിള്‍ പ്രതിയാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഹരജി സമര്‍പ്പിച്ചതെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുന്‍ എസ്.പി കെ.ടി. മൈക്കിള്‍, പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ വെവ്വേറെ സമര്‍പ്പിച്ച ഹരജികളിലാണ് കോടതി ബുധനാഴ്ച വാദംകേട്ടത്. അഭയ കേസിലെ തൊണ്ടിമുതല്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ടി. മൈക്കിളിനെ പ്രതിചേര്‍ക്കണമെന്നാണ് ജോമോന്റെ ആവശ്യം.

തൊണ്ടിമുതല്‍ നശിപ്പിച്ചതിന് കെ.ടി. മൈക്കിളിന്റെ കീഴുദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ. സാമുവലിനെ പ്രതിയാക്കി സി.ബി.ഐ നേരത്തെ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കെ.ടി. മൈക്കിളിന്റെ പങ്ക് കൂടി കോടതി നേരിട്ട് പരിശോധിക്കണമെന്നാണ് ജോമോന്റെ ഹരജിയിലെ പ്രധാന ആവശ്യം. ഈ രണ്ട് ഹരജികളിലും അടുത്തമാസം ഒമ്പതിന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധിപറയും. (Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക