Image

കാത്തിരിപ്പുകള്‍ക്കു വിരാമമായി; ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി

Published on 27 July, 2017
കാത്തിരിപ്പുകള്‍ക്കു വിരാമമായി; ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി
 
എഡിന്‍ബറോ: ജൂണ്‍ ഇരുപതിനു എഡിന്‍ബറോയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി. വ്യാഴാഴ്ച വൈകുന്നേരം മരണവിവരം ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐ പ്രാദേശിക കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യും.

തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറും. പിന്നാലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മൃതദേഹം വ്യോമമാര്‍ഗം കൊണ്ടുപോകാനുള്ള എന്‍ഒസി നല്‍കും. വിമാനത്തിന്റെ കാര്‍ഗോ ലഭ്യത അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും മറ്റു നിയമപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി സിഎംഐ സഭ ചുമതല പെടുത്തിയിട്ടുള്ള ലണ്ടനിലെ സിഎംഐ ആശ്രമത്തിലെ ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐയും മൃതദേഹത്തെ അനുഗമിക്കും. സംസ്‌കാരം അടുത്ത ആഴ്ച ആദ്യത്തോടെ തന്നെ ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സെമിത്തേരിയില്‍ നടക്കും. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉന്നത പഠനത്തിനായി എത്തിയ ഫാ മാര്‍ട്ടിന്‍ കഴിഞ്ഞ മാസം എഡിന്‍ബറോയില്‍ നിന്നും ഏതാണ്ട് മുപ്പതുമൈല്‍ ദൂരത്തിലുള്ള ഡാന്‍ ബാന്‍ ബീച്ചിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ കണ്ണാടി സ്വദേശിയാണ് മരിച്ച ഫാ. മാര്‍ട്ടിന്‍. 

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക