Image

സിയിറ (കഥ: സാം നിലമ്പള്ളില്‍)

Published on 29 July, 2017
സിയിറ (കഥ: സാം നിലമ്പള്ളില്‍)
ജനക്കൂട്ടം എവിടേക്കാണ് പോകുന്നതെന്ന് ഭ്രാന്തന്‍ നാസ്സര്‍ അത്ഭുതപ്പെട്ടു. അവന്‍ ഇവിടെ റോഡരുകിലുള്ള പൈപ്പിനുള്ളില്‍ താമസംതുടങ്ങിയതിനുശേഷം ഇത്രയുംവലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ല. സാധാരണദിവസങ്ങളില്‍ എട്ടോപത്തോ ആളുകള്‍ ഈവഴി പോയെങ്കിലായി;പട്ടണത്തില്‍ ചരക്കുവാങ്ങാന്‍ പോകുന്നവരും ബന്ധുക്കളേയോ സുഹൃത്തുക്കളെയോ കണ്ടിട്ട് മടങ്ങുന്നവരും മറ്റും. അവരെല്ലാം അവനോട് വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യും.

“എന്താ നാസ്സറെ സുഹമാണോ? നീയിങ്ങനെ മണല്‍കാട്ടില്‍ കഴിയാതെ ഗ്രാമത്തില്‍വന്ന് ജീവിച്ചുകൂടെ?”

അവന്‍ മറുപടി പറയാതെ വെറുതെ ചിരിക്കത്തേയുള്ളു. അവര്‍ കൊടുക്കുന്ന ആഹാരസാധനങ്ങളും ഒരുകുപ്പിവെള്ളവും നന്ദിയോടെ സ്വീകരിക്കുകയും ചെയ്യും.


“പട്ടണത്തില്‍ എന്തെല്ലാമാണ് വിശേഷങ്ങള്‍, സഹോദരാ? അസീസിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയോ? അഭ്യന്തരയുദ്ധം നടക്കുന്നതായി അറിഞ്ഞു. വെടിവെയ്പിന്റേയും ബോംബ് പൊട്ടുന്നതിന്റേയും ശബ്ദം എനിക്ക് ഇവിടിരുന്നാലും കേള്‍ക്കാം.” നാസ്സര്‍ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

“ഞാനതൊന്നും ശ്രദ്ധിക്കാറില്ല, നാസ്സറെ.” അവനെ പരിചയമുള്ള ഒരാള്‍ പറഞ്ഞു. “സ്വന്തംകാര്യം നോക്കി ജീവിക്കുന്നവനാണ് ഞാനെന്ന് നിനക്കറിയില്ലേ? അന്നന്നത്തെ ആഹാരത്തിനുള്ളവക ഉണ്ടാക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ അസീസിന്റെ കാര്യത്തില്‍ എനിക്കെന്താടോ താത്പര്യം?” അയാള്‍ വന്നവഴിക്ക് പോയി.

“അസീസ് സ്വേശ്ചാധിപതിയാണ്; അവനെ അധികാരഭ്രഷ്ടനാക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടി ജീവന്‍ ത്യജിക്കാനും ഞങ്ങള്‍ തയ്യാറാണ്.” പിന്നീടുവന്ന ഒരു തോക്കുധാരി പറഞ്ഞു. “ജനാധിപത്യമാണ് ഞങ്ങള്‍ക്ക വേണ്ടത്. അഭിപ്രായസ്വാതന്ത്യം ഇല്ലെങ്കില്‍ പിന്നെന്തിനാടോ ജീവിച്ചിരിക്കുന്നത്?”

“വെറുതെ എന്താനാ സഹോദരാ വിലയേറിയ ഒരുജീവിതം പാഴാക്കികളയുന്നത്? നിങ്ങള്‍ക്ക് ഭാര്യയും മക്കളുമില്ലേ; നിങ്ങള്‍ മരിച്ചാല്‍ അവരെ ആര്‌സംരക്ഷിക്കും?”

“അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാകത്തില്ല. എന്നെപ്പോലുള്ളവര്‍ ജീവന്‍ബലികഴിച്ചിട്ടാണ് പലരാജ്യങ്ങളിലും ജനാധിപത്യം നേടിയെടുത്തത്; ഏകാധിപതികളെ പുറത്താക്കിയത്. അവരെല്ലാം ഭാര്യയും മക്കളും ഉള്ളവരായിരുന്നു. അവരെല്ലാം സ്വന്തംകാര്യംനോക്കി ജീവിച്ചിരുന്നെങ്കില്‍ അസീസിനെപ്പോലുള്ള സ്വേശ്ചാധിപതികള്‍ സുരക്ഷിതരായിരുന്നേനെ. അല്ല, താനിവിടെ എന്തെടുക്കുകയാണ് ഈ മണലാരണ്യത്തില്‍; എന്താണ് നിന്റെപേര്?”

“എന്റെപേര് നാസ്സര്‍ എന്നാണ്. ഞാനിവിടെയാണ് താമസം; ഈ പൈപ്പിനുള്ളില്‍.”

“പൈപ്പിനുള്ളിലോ?” തോക്കുധാരി ചിരിച്ചു. “നിനക്കിവടെ ആഹാരം എങ്ങനെയാണ്, വെള്ളവും. മണലാരണ്യത്തിലെ ചൂട് നീയെങ്ങനെ സഹിക്കുന്നു?”

“അതൊന്നും എനിക്കൊരു പ്രശ്‌നമല്ല. വഴിപോക്കര്‍ ആരെങ്കിലും എനിക്ക് തിന്നാനും കുടിക്കാനുമുള്ളത് തരും. ചിലദിവസങ്ങളില്‍ മുഴുപ്പട്ടിണി ആയിരിക്കും. ഇവിടെ ചിലടത്തൊക്കെ കാട്ടുമത്തന്‍ വളരുന്നുണ്ട്. അതൊക്കെതിന്ന് ഞാനിങ്ങനെ ജീവിക്കുന്നു. പട്ടണത്തിലെ രീതികളൊന്നും എനിക്ക് പിടിക്കത്തില്ല. നിങ്ങള്‍പറഞ്ഞ സ്വാതന്ത്യം ഞാനിവിടെ ശരിക്കും ആസ്വദിക്കുന്നു. അതിരിക്കട്ടെ നിങ്ങള്‍ സ്വാതന്ത്യപോരാളിയാണോ? അസീസിന്റെ ഭരണം അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കാകുമെന്ന് വിചാരിക്കുന്നുണ്ടോ?”

“ഞങ്ങള്‍ പടപൊരുതുകയാണ്; ഇന്നല്ലെങ്കില്‍ നാളെ ലക്ഷ്യംനേടിയിരിക്കും.”

“ഞാന്‍ നിങ്ങള്‍ക്ക് വിജയം ആശംസിക്കുന്നു, സഹോദരാ. പക്ഷേ, അസീസിന്റേതിനേക്കാള്‍ നല്ലൊരുഭരണം കഴ്ചവെയ്ക്കാന്‍ നിങ്ങള്‍ക്ക് ആകുമെന്ന് തോന്നുന്നില്ല.”


“അസീസിന്റെഭരണം നല്ലതായിട്ടാണോ നീയിവിടെ മണല്‍കാട്ടില്‍ പൈപ്പിനുള്ളില്‍ കഴിയുന്നത്; തണ്ണിമത്തന്‍തിന്ന് ജീവിക്കുന്നത്? ഈരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ടോ? അസീസിനെ വിമര്‍ശ്ശിക്കാന്‍ നിനക്കാകുമോ?”

“പറഞ്ഞല്ലോ ഞാനിവിടെ പരിപൂര്‍ണ്ണസ്വാതന്ത്യം അനുഭവിക്കുന്നെന്ന്. എനിക്ക് ആരോടും പരാതിയില്ല, ഞാനിവിടെ സന്തോഷവാനാണ്. പിന്നെന്തിനാണ് ഞാന്‍ അസീസിനെ വിമര്‍ശ്ശിക്കുന്നത്?”

“നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല; ഞാന്‍ പോകുന്നു. നിനക്ക് താത്പര്യം ഉണ്ടെങ്കില്‍ ഞങ്ങളോടൊപ്പംചേര്‍ന്ന് അസീസിനെതിരായി യുദ്ധംചെയ്യാം. ഇതാ എന്റവക ഒരു ദിനാര്‍, വല്ലതുംവാങ്ങി കഴിക്ക്.”

“ഇതുകൊണ്ട് എനിക്ക് പ്രയോജനമില്ല, സഹോദരാ. എന്നാലും നിങ്ങള്‍ നല്ലമനസ്സോടെ തന്നത് ഞാന്‍ സ്വീകരിക്കുന്നു.” അയാള്‍ പോയവഴിയേ നാസ്സര്‍ നോക്കിനിന്നു.

ആള്‍ക്കൂട്ടം ക്രമേണയായി വന്നുതുടങ്ങിയത് പിന്നീടാണ്. ആദ്യം ചെറുസംഘങ്ങളായി തുടങ്ങിയത് പിന്നീട് ജനപ്രവാഹമായി മാറുകയായിരുന്നു. അവരില്‍ ചിലരൊക്കെ വിലപിടിപ്പുള്ള കാറുകളില്‍ പൊടിപടലം ഉയര്‍ത്തിക്കൊണ്ട് പാഞ്ഞുപോയി. മറ്റുചിലര്‍ മോട്ടോര്‍ സൈക്കിളിലും ഒട്ടകപ്പുറത്തും കടന്നുവന്നു. നിങ്ങളെല്ലാം എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ ചിലരൊക്കെ സഹതാപപൂര്‍വ്വം മന്ദഹസിക്കുകയും മറ്റുചിലര്‍ ഒരു ഭ്രാന്തന് ഇതൊക്കെ അറിഞ്ഞിട്ട് എന്തുവേണം എന്ന‘ാവത്തില്‍ നോക്കിയിട്ട് ഒന്നുംമിണ്ടാതെ നടന്നു. കുടുംബസഹിതം പാലായനം ചെയ്യുന്നവരാണ് പിന്നീട് വന്നത്. അത്യാവശ്യംവേണ്ട വീട്ടുപകരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ‘ാണ്ഢക്കെട്ടും ചുമന്നുകൊണ്ടുപോകുന്ന ഗൃഹനാഥന്‍; ഒരുകുഞ്ഞിനെ എളിയിലെടുത്ത് മറ്റൊന്നിന്റെ കയ്യുംപിടിച്ച് വേഗംനടക്കുന്നു അവന്റെ‘ാര്യ. അവരുടെ അമ്മയാണെന്നുതോന്നുന്നു ഒരു വയസുചെന്ന സ്ത്രീ എന്തിയേന്തി പിന്നാലെ ഗമിക്കുന്നു.കരഞ്ഞുകൊണ്ട്‌പോകുന്നു ആരുടെയോ മകള്‍ ഒരു പത്തുവയസുകാരി. ‘്രാന്തന്‍ നാസ്സര്‍ നിശബ്ദ്ദം കാഴ്ചകണ്ടുനിന്നു.

“കുടിക്കാന്‍ അല്‍പംവെള്ളംതരുമോ മകനെ?” ചോദ്യംകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു പടുവൃദ്ധന്‍, ഏതുനിമിഷവും മറിഞ്ഞുവീണ് മരണമടയുമെന്ന് തോന്നി. കൈപിടിച്ച് പൈപ്പിന്റെമുകളില്‍ ഇരുത്തി.

“വെള്ളം എനിക്കും ആരെങ്കിലും തന്നെങ്കിലേയുള്ളു, അപ്പൂപ്പാ. ഒരുകഷണം തണ്ണിമത്തന്‍ എന്റെകൈവശമുണ്ട്, അത് തരട്ടോ?”

“എന്തെങ്കിലുംമതി, മകനെ. എന്റെ തൊണ്ടവരളുന്നു. ശരീരത്തിലെ വെള്ളംമുഴുവന്‍ ആവിയായി പോയെന്ന് തോന്നുന്നു.”

തണ്ണിമത്തന്‍ തിന്നുകഴിഞ്ഞപ്പോള്‍ വൃദ്ധനില്‍ ജീവന്‍ ഉണരുന്നത് ആഹ്‌ളാദത്തോടെ നോക്കിനിന്നു.

“നന്ദി, മകനെ. ദൈവംനിന്നെ അനുഗ്രഹിക്കട്ടെ. ഞാന്‍പോകുന്നു. എന്റെ മകളും കുടുംബവും മുമ്പേപോയിട്ടുണ്ട്. അവരുടെയടുത്ത് എത്തിച്ചേരാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. വന്നവഴിയില്‍ അനേകം വൃദ്ധരും കുഞ്ഞുങ്ങളും മരിച്ചുകിടക്കുന്നത് കാണാനിടയായി. ഞാനും അവരില്‍ ഒരാളായി തീരുമെന്നാണ് തോന്നുന്നത്. മക്കളുടെ സമീപംകിടന്ന് മരിച്ചാല്‍ ഭാഗ്യം.”

“വിഷമിക്കാതെ പോകു, അപ്പൂപ്പാ. ദൈവം നിങ്ങളെ തുണക്കാതിരിക്കത്തില്ല. അതിരിക്കട്ടെ ഈവരെല്ലാം എവിടേക്കാണ് പോകുന്നത്? ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല.”

“എല്ലാവരും അതിര്‍ത്തികടന്ന് അയല്‍രാജ്യത്തേക്കാണ് പോകുന്നത്; അസീസിന്റെ പട്ടാളത്തെ പേടിച്ച്. ദുഷ്ടന്‍ ഞങ്ങടെവീടുകള്‍ ബോംബിട്ട് തകര്‍ത്തുകളഞ്ഞില്ലേ. ഞങ്ങടെ പട്ടണം ഇന്ന് ഒരു കല്‍കൂമ്പാരമാണ്. എന്റെ മകനും കുടുംബവും അതിനടിയില്‍ വിശ്രമിക്കുന്നുണ്ട്.”


“ഞാന്‍ താങ്കളോട് സഹതപിക്കുന്നു, അപ്പൂപ്പാ. മകളുടെ സമീപമെത്താന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ.”

“അല്ല, നീയെന്തിനാ, മകനെ, ഇവിടെ കഴിയുന്നത്? അതിര്‍ത്തികടന്ന് അയല്‍രാജ്യത്തെത്തിയാല്‍ അവിടെ യു എന്‍ അഭയാര്‍ത്ഥിക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് കേട്ടു. ഈജനങ്ങളെല്ലാം അങ്ങോട്ടാണ് പോകുന്നത്. അസീസിന്റെ ഭരണം അവസാനിച്ചിട്ടേ അവരെല്ലാം തിരികെവരു.”

“എന്തിനാണ് അസീസിന്റെ ഭരണം അവസാനിപ്പിക്കുന്നത്; അയാള്‍ നല്ലരീതിയിലല്ലേ ഭരിക്കുന്നത്? നിങ്ങള്‍ക്ക് എന്തിന്റെ കുറവാണ് ഈരാജ്യത്ത് ഉണ്ടായിരുന്നത്?”

“അവന്‍ സ്വേശ്ചാധിപതിയല്ലേ; ദൈവവിശ്വാസിയാണോ? അന്യ മതക്കാരിയല്ലേ അവന്റെ ഭാര്യ? അള്ളാഹുവില്‍ വിശ്വസിക്കുന്ന നമ്മള്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുമോ?”

“ഇങ്ങനെയൊക്കെ ആലോചിക്കുന്നത് എന്തിനാണ്? നല്ലരീതിയില്‍ ഭരിക്കുന്നത് ഏത് ചെകുത്താനാണെങ്കിലും അംഗീകരിക്കുകയല്ലേ വേണ്ടത്? ഒരു ദൈവവിശ്വാസി മോശംരീതിയില്‍ ഭരിച്ചാല്‍ നിങ്ങള്‍ സംതൃപ്തരാണോ? ജനാധിപത്യത്തിന്റെ ദൂഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് അങ്ങനെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അറിയാം. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ തിന്നാന്‍ കൊതിക്കുന്നവരാണ് ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നത്.”

“നീ പറയുന്നത് ശരിയായിരിക്കാം. എന്നാല്‍ ജനാധിപത്യത്തില്‍ ഭരണാധികാരികളെ ജനങ്ങള്‍തന്നെയല്ലേ തെരഞ്ഞെടുക്കുന്നത്? അതായത് ഭരണം നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണെന്ന് സാരം. അസീസ് പട്ടാളക്കാരനല്ലേ; പട്ടാളവിപ്‌ളവത്തില്‍ കൂടിയല്ലേ അവന്‍ അധികാരം പിടിച്ചെടുത്തത്? ഹസന്‍ രാജാവിനേയും കുടുംബത്തേയും അവന്‍ വകവരുത്തിയില്ലേ? ഭരണം നിയന്ത്രിക്കുന്നത് അവന്‍ ഒറ്റക്കല്ലേ? ജനങ്ങളുടെ വിധി ഒരുവന്‍ ഒറ്റക്ക് തീരുമാനിക്കുമെന്ന് വെച്ചാല്‍ അത് അംഗീകരിക്കാന്‍ സാധിക്കുമോ?”

“നിങ്ങള്‍ പറയുന്നതെല്ലാം യുക്തിക്ക് നിരക്കുന്നതാണ്. പക്ഷേ അസീസ് നല്ലഭരണമാണ് കാഴ്ചവെയ്ക്കുന്നത്. ജനങ്ങള്‍ക്ക് പാര്‍ക്കാന്‍ നല്ലവീടുകള്‍; എല്ലാവര്‍ക്കും ആഹാരം; വയസുചെന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍; ചെറുപ്പക്കാര്‍ക്കെല്ലാം ജോലി; നിയമവാഴ്ച; സുരക്ഷതത്വം ഇതെല്ലാം അവന്‍ തന്നിട്ടില്ലേ. ഇതൊക്കെപോരേ ജനങ്ങള്‍ക്ക് സംതൃപ്തരാവാന്‍?”

“അതൊക്കെ ശരിതന്നെ; പക്ഷേ, അവന്‍ അളുകളെ കൊല്ലുന്നതോ?”

“ആരെയാണ് അവന്‍ കൊല്ലുന്നത്? കുറ്റവാളികളെ; അവന്റെഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നരെ; സ്ത്രീകളെ ഉപദ്രവിക്കുന്നരെ. ഇവരെല്ലാം ജനാധിപത്യത്തില്‍ സുരക്ഷിതരാണ്. ഇങ്ങനെയുള്ളവര്‍ കൊല്ലപ്പെടേണ്ടവരാണ്.”

“അസീസിന്റെ ഭരണം അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷം ജനങ്ങളുടേയും അഭിപ്രായം. അതിനുവേണ്ടിയാണ് യുവാക്കള്‍ ആയുധമെടുത്ത്.”

“ഭൂരിപക്ഷത്തിന്റെ അഭിപ്രായം എപ്പോഴും ശരിയാകണമെന്നില്ല. അവര്‍ ചിലവികാരങ്ങള്‍ക്ക് പെട്ടന്ന് അടിമപ്പെടുന്നവരാണ്. യുവജനങ്ങള്‍ ആവേശത്തിന്റെപേരില്‍ എടുത്തുചാടുന്നവരാണ്. യുക്തിസഹജമായി ചിന്തിക്കാന്‍ അവര്‍ക്ക് ആകില്ല. രാജ്യത്തിന്റെ നാശംകാണാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍ക്ക് ആയുധങ്ങളും പണവുംകൊടുത്ത് സഹായിക്കുന്നത്. അവരുടെ ഉദ്ദേശം യുവാക്കള്‍ക്ക് മനസിലാകില്ല.”

“നീപറയുന്നതെല്ലാം നല്ലകാര്യങ്ങളാണ്. നിന്നോട് സംസാരിച്ചിരിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. എന്റെ മകളും കുടുംബവും മുമ്പേപോയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. അവരെ കണ്ടെത്താന്‍ സാധിച്ചെങ്കില്‍ ഭാഗ്യം. നീതന്ന തണ്ണിമത്തന്‍ എന്റെ ജീവന്‍ നലനിറുത്തി. നന്ദിയുണ്ട് മകനെ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഞാന്‍ പോകുന്നു.”

വൃദ്ധന്‍ നടന്നുനീങ്ങുന്നത് നാസ്സര്‍ നോക്കിനിന്നു. പെട്ടന്നാണ് ഒരഗ്നഗോളം അവന്റെ സമീപം വന്നുപതിച്ചത്. ആകാശത്തോളം ഉയര്‍ന്ന പൊടിപടലത്തിലും അഗ്നിയിലും ആരെല്ലാമാണ് ചാമ്പലായത്? ഷെല്‍വര്‍ഷം നടത്തിയത് അസീസിന്റെ പട്ടാളമോ അതോ വിപ്‌ളവകാരികളോ എന്നറിയാന്‍ നാസ്സറും വൃദ്ധനും ഇല്ലായിരുന്നു.

സാം നിലമ്പള്ളില്‍.
sam3nilam@yahoo.com.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക