Image

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മലയാളി, നവയുഗത്തിന്റെ സഹായത്തോടെ മടങ്ങി

Published on 30 July, 2017
കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മലയാളി, നവയുഗത്തിന്റെ സഹായത്തോടെ മടങ്ങി
ദമ്മാം: ശമ്പളവും ഇക്കാമയും കിട്ടാത്തതിനാല്‍ പിണങ്ങി ജോലി ഉപേക്ഷിച്ചതിന്, സ്‌പോണ്‍സര്‍ മോഷണക്കുറ്റം ചുമത്തി കുടുക്കാന്‍ ശ്രമിച്ച മലയാളി, നവയുഗം സാംസ്‌കാരിവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം ചവറ സ്വദേശിയായ അബ്ദുള്‍ കലാമാണ് സ്‌പോണ്‍സര്‍ സൃഷ്ടിച്ച നിയമകുരുക്കുകള്‍ മറികടന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. 19 വര്‍ഷമായി പ്രവാസിയായ അബ്ദുള്‍ കലാം, നാലു വര്‍ഷം മുന്‍പ്, അന്നത്തെ സ്‌പോണ്‍സര്‍ ഹുറൂബിലാക്കിയതിനെത്തുടര്‍ന്ന്, അക്കാലത്ത് പ്രഖ്യാപിയ്ക്കപ്പെട്ട പൊതുമാപ്പ് പ്രയോജനപ്പെടുത്തി, മറ്റൊരു സൗദി പൗരന്റെ സ്‌പോണ്‌സര്‍ഷിപ്പില്‍ മാറുന്നതിനായി രേഖകള്‍ കൈമാറി. പ്രശ്‌നങ്ങളുടെ തുടക്കം അതായിരുന്നു.

രണ്ടു ചെറിയ കടകളിലായി അബ്ദുള്‍ കലാം അടക്കം നാല് മലയാളികളാണ് പുതിയ സ്‌പോണ്‍സറിന്റെ കീഴില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാല് വര്‍ഷമായിട്ടും പുതിയ സ്‌പോണ്‍സര്‍ ആര്‍ക്കും ഇക്കാമ എടുത്തു കൊടുത്തില്ല എന്ന് മാത്രമല്ല, കഴിഞ്ഞ 16 മാസമായി ശമ്പളവും നല്‍കിയില്ല. പരാതി പറയുമ്പോഴെല്ലാം 'ഉടനെ ശരിയാക്കാം' എന്ന വാഗ്ദാനം മാത്രമായിരുന്നു സ്‌പോണ്‍സര്‍ നല്‍കിയത്. നാല് വര്‍ഷമായി നാട്ടില്‍ പോകാന്‍ പോലും കഴിയാതെ നാലുപേരും വിഷമത്തിലായി.

ഒടുവില്‍ ക്ഷമ നശിച്ചപ്പോള്‍, അബ്ദുള്‍ കലാമിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നു പേരും, പൊതുമാപ്പ് ആനുകൂല്യത്തെ പ്രയോജനപ്പെടുത്തി, ഇന്ത്യന്‍ എംബസ്സിയുടെ ഔട്പാസ്സ് വാങ്ങി, തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് അടിച്ചുവാങ്ങി നാട്ടിലേയ്ക്ക് തിരികെ പോയി.

അബ്ദുള്‍ കലാം നവയുഗം സാംസ്‌കാരികവേദി തുഗ്ബ യൂണിറ്റ് ഭാരവാഹികളായ റഹിം ചവറ, നിസാര്‍ എന്നിവര്‍ വഴി, നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. ഷാജി മതിലകം നിര്‍ദ്ദേശിച്ചതനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഷിബു കുമാര്‍, അബ്ദുള്‍ കലാമിന് നാട്ടിലേയ്ക്ക് മടങ്ങാന്‍ എംബസ്സിയുടെ ഔട്പാസ്സ് വാങ്ങി നല്‍കി.

ഇതറിഞ്ഞ സ്‌പോണ്‍സര്‍, നാല് മലയാളികളും കൂടി തന്റെ കടയില്‍ നിന്നും നാല് ലക്ഷത്തില്‍ അധികം തുക തട്ടിയെടുത്തതായി പോലീസില്‍ പരാതി നല്‍കുകയും, കേസില്‍ അബ്ദുള്‍ കലാമിനെ മുഖ്യപ്രതിയാക്കുകയും ചെയ്തു. അതോടെ അബ്ദുള്‍ കലാമിന് തര്‍ഹീല്‍ വഴി ഫൈനല്‍ എക്‌സിറ്റ് അടിയ്ക്കാന്‍ കഴിയാതെ വന്നു.

തുടര്‍ന്ന് ഷാജി മതിലകം, ഷിബു കുമാര്‍ എന്നിവര്‍ അബ്ദുള്‍ കലാമിനെ കൂട്ടികൊണ്ട് കോബാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും, ദിവസങ്ങളോളം നടത്തിയ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സ്‌പോണ്‍സറുടെ പരാതി കളവാണെന്ന് പോലീസ് മേലധികാരികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു. അബ്ദുള്‍ കലാം ജോലി ചെയ്തിരുന്ന കടയുടെ ബില്ലുകളും രേഖകളും നേരിട്ട് പരിശോധിച്ച പോലീസ് അധികാരികള്‍, കണക്കുകള്‍ നിരത്തി ചോദിച്ച ചോദ്യങ്ങള്‍ക്ക് സ്‌പോണ്‍സര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് അധികാരികള്‍ കേസ് തള്ളുകയായിരുന്നു.

തുടര്‍ന്ന് ദമ്മാം തര്‍ഹീലില്‍ അബ്ദുള്‍ കലാമിനെ കൊണ്ട് പോയ ഷിബു കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ അവസാനിപ്പിച്ച് അബ്ദുള്‍ കലാം നാട്ടിലേയ്ക്ക് മടങ്ങി.

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മലയാളി, നവയുഗത്തിന്റെ സഹായത്തോടെ മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക