Image

ഡോ. വി.സി. വേലായുധന്‍ പിള്ള നിര്യാതനായി

Published on 30 July, 2017
ഡോ. വി.സി. വേലായുധന്‍ പിള്ള നിര്യാതനായി
തിരുവനന്തപുരം: ഐ.എം.എ. മുന്‍ ദേശീയ പ്രസിഡന്റ് ഡോ. വി.സി. വേലായുധന്‍ പിള്ള (77) അന്തരിച്ചു. ശനിയാഴ്ച രാത്രി ഏഴ് മണിക്ക് അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഭാര്യ എ.പി. വിജയലക്ഷ്മി വീട്ടമ്മയാണ്. രണ്ട് മക്കള്‍. മൂത്തമകള്‍ ഡോ. കവിത അമേരിക്കയിലാണ്. ഇളയ മകന്‍ കിരണ്‍ ആട്ടോമൊബൈല്‍ എഞ്ചിനീയറാണ്.

ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറും ദേശീയ തലത്തിലെ മികച്ച സര്‍ജനും, കരമന ചെല്‍സ ആശുപത്രി മേധാവിയുമായിരുന്നു അദ്ദേഹം. ഐ.എം.എ. ദേശീയ പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഏഷ്യാ ഓഷ്യാനയുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ്, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്, കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ടി.സി. മെഡിക്കല്‍ കൗണ്‍സില്‍ അംഗം, ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ നേതൃസ്ഥാനം വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഡോ. വി.സി. വേലായുധന്‍ പിള്ള. ഡോ. ബി.സി. റോയ് അവാര്‍ഡ്, മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നീ ബഹുമതികള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ആരോഗ്യ നയരൂപീകരണ സമിതിയിലെ മുന്‍ അംഗമെന്ന നിലയില്‍ പൊതുജനാരോഗ്യ രംഗത്ത് മികച്ച സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. ഐ.എം.എ.യെ ജനകീയവും ശാസ്ത്രീയവുമാക്കുന്നതിനും ജനങ്ങള്‍ക്കുവേണ്ട നിരവധി പദ്ധതികള്‍ ആവിഷ്കരിക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. മെഡിക്കല്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയും പൊതുജനാരോഗ്യത്തിന് വേണ്ടിയും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. വൈദ്യശാസ്ത്ര രംഗത്തെ നൈതിതകയ്ക്കും സത്യസന്ധതയ്ക്കും വേണ്ടി അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഡോ. വി.സി. വേലായുധന്‍ പിള്ള. വി.സി. ചെല്ലപ്പന്‍ പിള്ളയുടേയും ഭാഗീരതിയമ്മയുടേയും മകനായി 1940ല്‍ ആലപ്പുഴയിലാണ് അദ്ദേഹം ജനിച്ചത്. ആലുവ സെന്റ് മേരീസ് സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസവും ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്നും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1958ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേര്‍ന്നു. പോണ്ടിച്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.എസ്. ജനറല്‍ സര്‍ജറിയും കരസ്ഥമാക്കി.

ആര്‍മ്മിയില്‍ 3 വര്‍ഷം ക്യാപ്ടനായി സേവനമനിഷ്ടിച്ചു. തുടര്‍ന്ന് വൈക്കം ഗവ. ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, തിരുവനന്തപുരത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു. തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടും ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായിരിക്കെ 1995ലാണ് അദ്ദേഹം വിരമിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക