Image

മാര്‍ച്ച്‌ 26 മുതല്‍ ഗള്‍ഫില്‍ നിന്ന്‌ മൂന്ന്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ സര്‍വീസുകള്‍ കൂടി

Published on 04 March, 2012
മാര്‍ച്ച്‌ 26 മുതല്‍ ഗള്‍ഫില്‍ നിന്ന്‌ മൂന്ന്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ സര്‍വീസുകള്‍ കൂടി
ദുബായ്‌: എയര്‍ഇന്ത്യാ എക്‌സ്‌പ്രസ്‌ ഗള്‍ഫില്‍നിന്ന്‌ മൂന്ന്‌ പുതിയ സര്‍വീസ്‌ ആരംഭിക്കുന്നു. ദുബായില്‍ നിന്ന്‌ വിശാഖ പട്ടണത്തിലേയ്‌ക്കും ബഹ്‌റൈനില്‍ നിന്നും ദമാമില്‍ നിന്നും ഡല്‍ഹിയിലേയ്‌ക്കുമാണ്‌ സര്‍വീസ്‌. മാര്‍ച്ച്‌ 26 മുതല്‍ ആഴ്‌ചയില്‍ ഏഴു ദിവസവും സര്‍വീസുണ്ടായിരിക്കും. ഈ സെക്‌ടറിലേക്ക്‌ വര്‍ധിച്ച ഡിമാന്‍ഡ്‌ പരിഗണിച്ചാണ്‌ സര്‍വീസ്‌ ആരംഭിക്കുന്നതെന്ന്‌ എയര്‍ ഇന്ത്യാ എക്‌സിക്യൂട്ടീവ്‌ ഡയക്‌ടര്‍ ജി. ദീപക്‌ ബ്രാറ പറഞ്ഞു. എയര്‍ ഇന്ത്യയുടെ വാര്‍ഷിക ഏജന്‍സി അവാര്‍ഡ്‌ വിതരണത്തിനായി ദുബായിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

വേനലവധിക്കാലത്തെ തിരക്ക്‌ പരിഗണിച്ച്‌ എയര്‍ ഇന്ത്യ ഗള്‍ഫില്‍നിന്ന്‌ 19 അഡീഷനല്‍ വിമാന സര്‍വീസ്‌ നടത്തും. നിലവില്‍ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന്‌ ഇന്ത്യയിലേയ്‌ക്ക്‌ ആഴ്‌ചയില്‍ 210 വിമാനങ്ങള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ ചില സെക്‌ടറിലെ വിമാനങ്ങള്‍ റദ്ദാക്കിയതും റീ ഷെഡ്യൂള്‍ ചെയ്‌തതുമെന്നും ഇത്‌ താല്‍കാലിക ക്രമീകരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കൂടുതല്‍ സീറ്റുള്ള വിമാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌. നിലവില്‍ 145 സീറ്റുള്ള വിമാനങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. പകരം 172 സീറ്റുള്ള വിമാനങ്ങള്‍ ഏര്‍പെടുത്തിയിരിക്കുന്നു.

2009ല്‍ ഡെലിവറി ചെയ്യാമെന്ന്‌ ഉറപ്പുലഭിച്ച ബോയിങ്‌ 777 വിമാനങ്ങളിലെ ഏഴെണ്ണം മേയ്‌ മാസത്തില്‍ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതുകൂടി ലഭിക്കുന്നതോടെ വിവിധ സെക്‌ടറിലെ പ്രശ്‌നങ്ങള്‍ കുറച്ചൊക്കെ പരിഹരിക്കാനും കൂടുതല്‍ സെക്‌ടറുകളിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്താനും സാധിക്കും. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട്‌ എയര്‍ ഇന്ത്യയ്‌ക്ക്‌ പ്രശ്‌നങ്ങളുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം 75 % സര്‍വീസുകളും സമയനിഷ്‌ഠ പാലിച്ചു. സാങ്കേതിക കാരണങ്ങളാലാണ്‌ വിമാനങ്ങള്‍ വൈകുന്നത്‌. വിദേശരാജ്യങ്ങളില്‍ വിമാനം നിറുത്തിയിടുന്ന സമയത്തിനനുസരിച്ച്‌ എയര്‍ ഇന്ത്യയ്‌ക്ക്‌ ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടാവുക. അതുകൊണ്ടുതന്നെ മനപ്പൂര്‍വം വൈകിപ്പിക്കാറില്ല-അദ്ദേഹം പറഞ്ഞു.

കിടത്തിക്കൊണ്ടുപോകേണ്ട രോഗികള്‍ക്ക്‌ യാത്രാനുമതി ലഭിക്കാന്‍ മുംബൈയിലെ ഡോക്‌ടര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിയമം മൂലം അടിയന്തര ചികിത്സ വേണ്ടവര്‍ക്കുപോലും നാട്ടിലേയ്‌ക്ക്‌ പോകാന്‍ രണ്ടാഴ്‌ചയിലേറെ കാത്തിരിക്കേണ്ടി വരുന്നത്‌ അയാട്ട തീരുമാനപ്രകാരമാണ്‌. അത്‌ പാലിക്കാന്‍ എല്ലാ എയര്‍ലൈനുകളും ബാധ്യസ്‌ഥരാണ്‌. എയര്‍ഇന്ത്യക്ക്‌ മാത്രമായി തീരുമാനം മാറ്റാനാവില്ല. പ്രാദേശികമായി ബദല്‍ സംവിധാനം ഉണ്ടാക്കാനാവുമോ എന്ന കാര്യം ആലോചിക്കും.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഒരു കമ്പനിക്ക്‌ കീഴിലായെങ്കിലും അത്‌ എല്ലാ മേഖലയിലും നടപ്പായിട്ടില്ല. അതിന്റേതായ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്‌. രണ്ടു കമ്പനികളും രണ്ടു തരം വിമാനമാണ്‌ സര്‍വീസിന്‌ ഉപയോഗിക്കുന്നത്‌. ഒരു വിമാനം പറപ്പിക്കാന്‍ ലൈസന്‍സുള്ള പൈലറ്റുമാര്‍ക്ക്‌ മറ്റു വിമാനം പറപ്പിക്കാനാവില്ല.

കഴിഞ്ഞ ആറു മാസത്തിനിടയ്‌ക്ക്‌ മൂന്ന്‌ പരാതികളാണ്‌ ഏകീകൃത കോള്‍ സെന്ററിലേയ്‌ക്ക്‌ ലഭിച്ചതെന്ന്‌ എയര്‍ ഇന്ത്യാ ഗള്‍ഫ്‌, മിഡില്‍ഈസ്‌റ്റ്‌ ആന്‍ഡ്‌ ആഫ്രിക്ക റീജനല്‍ മാനേജര്‍ അഭയ്‌ പല്‌പഥക്‌ പറഞ്ഞു. വിമാനം വൈകുന്നത്‌ സംബന്ധിച്ചാണ്‌ പരാതികള്‍. എന്നാല്‍ ഇല്ലാത്ത സംവിധാനത്തിന്റെ ടോള്‍ഫ്രീ നമ്പരോ ഹോട്ട്‌്‌ലൈന്‍ നമ്പരോ നല്‍കാന്‍ അദ്ദേഹം തയാറായില്ല. ഇതേസമയം കോള്‍ സെന്റര്‍ സംവിധാനം ഇതുവരെ സജ്‌ജമാക്കാന്‍ സാധിച്ചിട്ടില്ലെന്ന്‌ സീനിയര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ വ്യക്‌തമാക്കി.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ മൊത്തം വരുമാനം 15,000 കോടി രൂപയാണെന്ന്‌ സീനിയര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ വരുമാനം ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചതായും ബ്രാറ പറഞ്ഞു.

ഗള്‍ഫ്‌ മേഖലയില്‍ അഞ്ചു ശതമാനം വളര്‍ച്ചാനിരക്കാണ്‌ രേഖപ്പെടുത്തിയത്‌. എയര്‍ ഇന്ത്യയുടെ വിപണി വിഹിതത്തില്‍ 30 ശതമാനവും ഗള്‍ഫ്‌ സെക്‌ടറില്‍നിന്നാണ്‌. എയര്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ്‌ യുഎഇ. അതില്‍ ദുബായ്‌, ഷാര്‍ജ സെക്‌ടറുകളാണ്‌ മുന്നില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക