Image

ഇന്റര്‍നെറ്റ് കാലത്തെ വിചിത്രവിചാരങ്ങള്‍: ജോര്‍ജ് തുമ്പയില്‍ (പകല്‍ക്കിനാവ്- 63 )

ജോര്‍ജ് തുമ്പയില്‍ Published on 30 July, 2017
ഇന്റര്‍നെറ്റ് കാലത്തെ വിചിത്രവിചാരങ്ങള്‍: ജോര്‍ജ് തുമ്പയില്‍ (പകല്‍ക്കിനാവ്- 63 )
ഇന്റര്‍നെറ്റിനെക്കുറിച്ച് സാങ്കേതികമായി അറിയാത്തവര്‍ പോലും അത് ഉപയോഗിക്കുന്ന ഒരു കാലത്താണ് നാമിപ്പോള്‍. ഇതിനെക്കുറിച്ച് പോയവാരം രസകരമായ ചില കണക്കുകള്‍ പുറത്തു വന്നു. അതിനെക്കുറിച്ച് പഠിക്കുമ്പോള്‍ തെളിയുന്നത് മറ്റു ചില വസ്തുതകളും. അതിനു മുന്നേ, ഇന്റര്‍നെറ്റിന്റെ ഒരു ചരിത്രം അല്‍പ്പം അറിഞ്ഞിട്ട് വായന തുടരുന്നതാവും നല്ലത്.

കാലം ഇന്നും ഇന്നലെയുമൊന്നുമല്ല, 1957 ലെ കാര്യമാണ്. അന്ന്, റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കയ്ക്ക് കനത്തയൊരു വെല്ലുവിളിയായി. അതോടെ, എങ്ങനെയും വാര്‍ത്താവിതരണ സംവിധാനങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഗവേഷണസ്ഥാപനമായ അര്‍പ്പ (അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി) 1969ല്‍ അര്‍പ്പാനെറ്റ് എന്ന നെറ്റ് വര്‍ക്കിന് രൂപം കൊടുത്തു. ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ കൈയടക്കുക ആയിരുന്നു. എന്നാല്‍ പിന്നീട്, ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് അര്‍പനെറ്റിനെ ഉപയോഗിക്കുവാന്‍ തുടങ്ങി. അതോടെ 1983ല്‍ മില്‍നെറ്റ്, അര്‍പ്പാനെറ്റ് എന്നിങ്ങനെ രണ്ടായി അതു മാറി. മില്‍നെറ്റിനെ മിലിട്ടറി നെറ്റ്വര്‍ക്ക് എന്നു വിളിക്കാം. അതുപോലെ തന്നെ അര്‍പ്പാനെറ്റിനെ വീണ്ടും ഡാര്‍പ (ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി) എന്നും വിഭജിച്ചു.
 
ഡാര്‍പ്പനെറ്റിന്റെ വാണിജ്യവല്‍ക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവല്‍ക്കരിക്കപ്പെടുകയും, കൂടുതല്‍ പ്രയോഗത്തില്‍ വരുകയും മറ്റുള്ള രാജ്യങ്ങളില്‍ പ്രാബല്യത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന നെറ്റ്വര്‍ക്കിന് ഇതു കാരണമായി. അങ്ങനെയാണ് ഇന്നത്തെ ഇന്റര്‍നെറ്റ് ഉണ്ടാവുന്നത്. ഇതു ചരിത്രം. അതിനു കാരണമായത്, അമേരിക്കയും. എന്നാല്‍ അമേരിക്കയേക്കാളും വന്‍കുതിച്ചു ചാട്ടം ഈ രംഗത്ത് മറ്റു ചില രാജ്യങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

അമേരിക്കയിലെ കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്കായ അകാമായി ടെക്നോളജീസ് നടത്തിയ കണ്ടെത്തലില്‍ ഗ്ലോബല്‍ ആവറേജ് കണക്ഷന്‍  സ്പീഡ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ അമേരിക്ക ഇല്ല ! ശരാശരി സെക്കന്‍ഡില്‍ 5.6 മെഗാ ബൈറ്റ്സ് വേഗതയുള്ളപ്പോള്‍ ദക്ഷിണ കൊറിയ ഒന്നാമതെത്തുന്നത് 26.7 ശരാശരി വേഗതയുമായാണ്. തൊട്ടടുത്ത് സ്വീഡനാണ് 19.1. മൂന്നാം സ്ഥാനത്ത് നോര്‍വേ 18.8 മെഗാബൈറ്റ് സ്പീഡുമായി. നാലാം സ്ഥാനത്ത് ജപ്പാന്‍ (17.4), നെതര്‍ലാന്‍ഡ്സ് (17), ഹോങ്കോംഗ് (16.8), ലാത്വിയ (16.7), സ്വിറ്റ്സര്‍ലന്‍ഡ് (16.7), ഫിന്‍ലന്‍ഡ് (16.6), ഡെന്മാര്‍ക്ക് (16.1) എന്നിങ്ങനെയാണ് ആദ്യ പത്തു പട്ടികകള്‍. ഇതില്‍ അമേരിക്ക ഉള്‍പ്പെടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു.

ഇനി ഗ്ലോബല്‍ ആവറേജ് പീക്ക് കണക്ഷന്‍ സ്പീഡിന്റെ പട്ടിക ഒന്നു നോക്കാം. അതിലും അമേരിക്ക ഇല്ല  സെക്കന്‍ഡില്‍ 32.5 മെഗാ ബൈറ്റ് കണക്ഷന്‍ സ്പീഡാണ് ആഗോള ശരാശരി. എന്നാല്‍ 135.7 എന്ന് അതിശയിപ്പിക്കുന്ന വേഗതയുമായി സിംഗപ്പൂര്‍ ഇക്കാര്യത്തില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്ത് ഹോങ്കോംഗാണ് (105.2). ദക്ഷിണ കൊറിയ (95.3), മക്കാവു (83.1), ജപ്പാന്‍ (82.9), ഇന്തോനേഷ്യ (79.8), മംഗോളിയ (78.9), തായ് വാന്‍ (78.8), ഖത്തര്‍ (77.8), റൊമാനിയ (73.6) എന്നിങ്ങനെയാണ് ആദ്യസ്ഥാനത്തുള്ളവരുടെ പട്ടിക.

അതിശയം എന്നല്ലേ പറയേണ്ടത്. ഇനി വേറൊരു കണക്കിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എവിടെയായിരിക്കും? ഇവിടെ, അമേരിക്കയിലായിരിക്കുമോ? അല്ലേയല്ല. അതു ചൈനയിലാണ്. അവിടെ ജനസംഖ്യയുടെ 50.30 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. അതായത്, 692,152,618 പേര്‍. രണ്ടാം സ്ഥാനത്ത് നമ്മുടെ ഇന്ത്യ തന്നെ. അവിടെ പക്ഷേ 26 ശതമാനം പേരെ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമെന്ന റെക്കോഡ് ഇന്ത്യയ്ക്ക് കിട്ടി. കൃത്യമായി, 340,873,137 പേര്‍. ലോക റാങ്കിങ്ങില്‍ ചൈന 90-ാം സ്ഥാനത്താണെങ്കില്‍ ഇന്ത്യന്‍ സ്ഥാനം 127-ലാണ്. ഭാഗ്യം, മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. ഇവിടെ 74.55 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. അതായത്, കണക്കുകള്‍ പ്രകാരം 239,882,242 പേര്‍ ഇന്റര്‍നെറ്റ് വലയിലുണ്ട്. പക്ഷേ, ലോക റാങ്കിങ്ങില്‍ അമേരിക്കന്‍ സ്ഥാനം 40-ാം സ്ഥാനത്താണ്. അങ്ങനെയെങ്കില്‍ ആദ്യ സ്ഥാനം ആര്‍ക്കാണ്? അതാണ് തമാശ. ഐസ്ലന്‍ഡിനാണ് ഒന്നാം സ്ഥാനം. അവിടെ 98.20 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. രണ്ടാം സ്ഥാനം ലക്സംബര്‍ഗിന്. 97.33 ശതമാനം പേര്‍. മൂന്നാം സ്ഥാനത്ത്, തെക്കു പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ആന്‍ഡോറയ്ക്കാണ്. നാലാം സ്ഥാനം നോര്‍വേയ്ക്കും, അഞ്ചാം സ്ഥാനം മധ്യ യൂറോപ്പിലെ ലെചെന്‍സ്റ്റീന്‍ എന്ന ചെറുരാജ്യത്തിനും...

ഇങ്ങനെയൊക്കെയാണ് കാലത്തിന്റെ പോക്ക്. അമേരിക്കയിലും റഷ്യയിലുമൊക്കെ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലാളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മറ്റു രാജ്യങ്ങളിലാണെന്നത് നമ്മെ കൂടുതല്‍ ചിന്തിപ്പിച്ചേക്കാം. 2005-ല്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നവര്‍ വെറും 16 ശതമാനം മാത്രമായിരുന്നുവെങ്കില്‍ 2010-ല്‍ എത്തിയപ്പോള്‍ അത് 30 ശതമാനമായി. 2016-ല്‍ ഒടുവിലത്തെ കണക്ക്  പുറത്തു വന്നപ്പോള്‍ 47 ശതമാനം പേര്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളാണ്. വികസിത രാജ്യങ്ങളില്‍ ഇത് 81 ശതമാനമാണെങ്കില്‍ വികസ്വര രാജ്യങ്ങളില്‍ ഇത് 40 ശതമാനമാണ്. ഇതില്‍ വികസ്വര രാജ്യങ്ങളില്‍ 2005-ല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നവര്‍ വെറും എട്ടു ശതമാനമായിരുന്നുവെന്നു കൂടി ഓര്‍ക്കണം. അതായത്, ആ സമയത്ത് വികസിത രാജ്യങ്ങളിലെ 51 ശതമാനം പേരും ഈ സൗകര്യങ്ങള്‍ ഉപയോഗിച്ചിരുന്നു.
ഇന്ന് ഇന്റര്‍നെറ്റ് എന്ന സേവനം വെറും മെയിലുകള്‍ അയയ്ക്കാനോ, കണ്ടു കൊണ്ടു സംസാരിക്കാനോ, ചാറ്റിങ്ങിനോ, നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലോ ഒതുങ്ങുന്നില്ല. ആരോഗ്യ, സാമ്പത്തിക, ദൈനംദിന ആവശ്യങ്ങള്‍ക്കൊക്കെയും ഇതു കൂടിയേ തീരു എന്ന അവസ്ഥ വന്നു. ഗാഡ്ജറ്റുകള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഒരു കണക്കു കൂടി മാത്രം പറഞ്ഞ് നിര്‍ത്താം. അമേരിക്കയില്‍ ഏറ്റവും മോശം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന സംസ്ഥാനമേതെന്ന കണക്കും പുറത്തു വന്നിരിക്കുന്നു. കൊളറാഡോ സംസ്ഥാനമാണത്. അവിടെ തന്നെ സഗോച്ചേ കൗണ്ടിയിലാണ് ഏറ്റവും മോശം സേവനമുള്ളത്. ഇനി വേറൊരു വിചാരം കൂടി പങ്കുവയ്ക്കട്ടെ. കുത്തുവാക്കുകള്‍ പറയാനും അസൂയയും അലോഹ്യവും പറഞ്ഞു പരത്താനുമൊക്കെ ചില കുശാഗ്രബുദ്ധികള്‍  ഇന്റര്‍നെറ്റ് വ്യാപകമായതോടെ, ഇവിടെ പടയ്ക്കിറങ്ങിയിട്ടുണ്ട്. പത്രക്കാരാണെന്ന വ്യാജേനെയുള്ള ഇവരുടെ വിവരദോഷവിചാരങ്ങള്‍ ഇന്റര്‍നെറ്റിന്റെ സംശുദ്ധിയെ വരെ ബാധിക്കുന്നുണ്ടെന്നതും വിചിത്രവിചാരങ്ങളില്‍ ഉള്‍പ്പെടുന്നു. ഏതിനും ഒരു ദോഷവശമുണ്ടല്ലോ, ഇവിടെ ഇതാണ് 'വൈറസ്' എന്നു മാത്രം തിരിച്ചറിയുക.

ഇന്റര്‍നെറ്റ് കാലത്തെ വിചിത്രവിചാരങ്ങള്‍: ജോര്‍ജ് തുമ്പയില്‍ (പകല്‍ക്കിനാവ്- 63 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക