Image

ലീഗ് ലയനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

Published on 04 March, 2012
ലീഗ് ലയനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു
ന്യൂഡല്‍ഹി: രണ്ട് പാര്‍ട്ടികളായിരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെയും കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെയും ലയനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ഐ.യു.എം.എല്ലിന് കീഴിലാണ് മുസ്‌ലീം ലീഗ് കേരള ഘടകമെന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. 

ലീഗിന്റെ കോണി ചിഹ്നം സംബന്ധിച്ച തര്‍ക്കവും അവസാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഇ. അഹമ്മദിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വിശദീകരണം ആരാഞ്ഞിരുന്നു.

2011 ഡിസംബറിലാണ് ഇരുപാര്‍ട്ടികളുടെയും ലയനത്തിന് പാണക്കാട്ട് ചേര്‍ന്ന ലീഗിന്റെ രാഷ്ട്രീയ ഉപദേശകസമിതി അനുമതി നല്‍കിയത്. ഒറ്റ പാര്‍ട്ടിയായി മാറുമ്പോള്‍ നിലവിലുള്ള കോണിചിഹ്നം നഷ്ടപ്പെടുകയില്ലെന്നും സമിതി അറിയിച്ചിരുന്നു. ലയനത്തിനായി ഡല്‍ഹിയില്‍ ചേര്‍ന്ന ലീഗിന്റെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ തുടര്‍ തീരുമാനമെടുക്കാനായി രാഷ്ട്രീയ ഉപദേശകസമിതിയെ അധികാരപ്പെടുത്തിയിരുന്നു.

സംസ്ഥാന ലീഗ് അംഗമെന്ന നിലയില്‍ ജയിച്ച കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍ കൂടിയാണ്. അഹമ്മദിന്റെ ഇരു പാര്‍ട്ടികളിലുള്ള അംഗത്വംമൂലം പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷന്‍ അറിയിച്ചതോടെയാണ് ഇരുപാര്‍ട്ടികളും രേഖാമൂലം ഒന്നാകാന്‍ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക