Image

ത്രിരാഷ്ട്ര ക്രിക്കറ്റ്: ആദ്യ ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കു ജയം

Published on 04 March, 2012
ത്രിരാഷ്ട്ര ക്രിക്കറ്റ്: ആദ്യ ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കു ജയം
ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കു ജയം. അവസാന ഓവര്‍ വരെ പൊരുതിയ ശ്രീലങ്കയെ 15 റണ്‍സിനാണ് ഓസീസ് കീഴടക്കിയത്. 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 49.2 ഓവറില്‍ 306 റണ്‍സിന് പുറത്തായി. പരമ്പരയില്‍ മൂന്ന് ഫൈനല്‍ മല്‍സരങ്ങളാണുള്ളത്. ഇതില്‍ രണ്ടു മല്‍സരം വിജയിക്കുന്നവര്‍ ജേതാക്കളാവും. രണ്ടാം ഫൈനല്‍ ചൊവ്വാഴ്ച നടക്കും. 157 പന്തില്‍ 163 റണ്‍സ്‌നേടിയ ഓസ്‌ട്രേലിയിയുടെ ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദ് മാച്ച്. 

ഒരുഘട്ടത്തില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ കുലശേഖരയും ഉപുല്‍തരംഗയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 43 പന്തില്‍ കുലശേഖര 73 റണ്‍സും തരംഗ 67 പന്തില്‍ 60 റണ്‍സും നേടി പുറത്തായി. ധമിക പ്രസാദ് 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്‍നിര ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. സംഗക്കാര 42 റണ്‍സെടുത്തു. ഓസീസിനുവേണ്ടി ഡേവിഡ് ഹസി നാലും ബ്രറ്റ് ലി മൂന്നും വീതവും വിക്കറ്റെടുത്തു. 

നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറുടെ കൂറ്റന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ വാര്‍ണറും വേഡും ചേര്‍ന്ന് 136 റണ്‍സെടുത്തു. വേഡ് 64 റണ്‍സെടുത്ത് കുലശേഖരയുടെ പന്തില്‍ പുറത്തായി. ലങ്കയ്ക്കുവേണ്ടി ധമിക പ്രസാദ് രണ്ടും മലിംഗ, കുലശേഖര, മെഹ്‌റൂഫ്, ഹെറാത്ത് എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക