Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം ഒന്ന്- ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 01 August, 2017
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം ഒന്ന്- ആന്‍ഡ്രൂ പാപ്പച്ചന്‍)
ജയില്‍ഭിത്തിയിലെ വിടവിലൂടെ അരിച്ചിറങ്ങുന്ന നിലാച്ചന്ദ്രന്റെ ഇത്തിരി വെളിച്ചത്തിലേക്ക്, കൈയില്‍ കിട്ടിയ പഴയ പത്രക്കടലാസ് ഉയര്‍ത്തിപ്പിടിച്ച് ആല്‍ഫ്രഡ് ആര്‍ത്തിയോടെ വായിക്കാന്‍ ശ്രമിച്ചു. അരണ്ട വെളിച്ചത്തില്‍ അക്ഷരങ്ങള്‍ക്ക് തീരെ തെളിച്ചമില്ലാത്തതുപോലെ തോന്നി. വാര്‍ത്തകളും പഴകിയിരിക്കുന്നു. ഈ സെല്ലിനകത്ത് കടന്നതില്‍പിന്നെ പുറത്തെ വാര്‍ത്തകളറിയാറില്ല, തന്നെ കാണാനാരും വരാറുമില്ലല്ലോ? പത്രങ്ങളോ മാസികകളോ വായിക്കാന്‍ കിട്ടാറുമില്ല. സൂര്യനില്‍ നിന്നുപോലും വെളിച്ചമെത്താത്ത സെല്ലകങ്ങള്‍. മുറ്റത്ത് ഉടലുകള്‍ പിരിച്ച് നില്‍ക്കുന്ന വന്‍മരങ്ങളുടെ നിഴലുകള്‍ ഇരുട്ടിന് കനമേറ്റുന്നു. അവയ്ക്കരികെ മഞ്ഞച്ചതും കരിഞ്ഞുണങ്ങിയതുമായ ഇലകളുടെ കൂമ്പാരം. ദൂരെ ഇലത്തലപ്പുകള്‍ക്കുമീതെ മിന്നാമിന്നികള്‍ മിന്നുന്നു. സമയം പാതിരാവ് കഴിഞ്ഞിട്ടുണ്ടാകും. നിശബ്ദതയെ മുറിച്ച് രാക്കിളികളുടെ സങ്കീര്‍ത്തനം. സെല്ലിനകത്ത് ഭൂമിയോളം കുനിഞ്ഞിരുന്നയാള്‍ ശിക്ഷയുടെ ദിവസങ്ങളെ മനസില്‍ എണ്ണിക്കൂട്ടാന്‍ ശ്രമിച്ചു.

ജീവിതത്തിലെ താളപ്പിഴകള്‍ മനസിനെ വല്ലാതെ മുറിപ്പെടുത്തിയിരിക്കുന്നു. 25 വര്‍ഷമാണിവിടെ തള്ളിനീക്കേണ്ടത്. ദിവസത്തിലൊരിക്കലാണ് ഇരുട്ട് ശ്വാസംമുട്ടിക്കുന്ന, കിളിക്കൂട് പോലത്തെ ഈ കമ്പിവേലിയകങ്ങളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നത്. അതും ചങ്ങലകളോടെ. ഓര്‍മകള്‍ അയാളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. ദുഖം ഘനീഭവിച്ചുകിടന്നു മിഴികളില്‍.

പിറ്റേന്ന് കോടതി ചേരുമ്പോള്‍ അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ ബുദ്ധിമുട്ടുമെന്നുറപ്പായിരുന്നു. നെഞ്ചില്‍നിന്ന് രക്തമൊഴുകി പ്രാണനുവേണ്ടി പിടയുന്ന ജൂഡിയുടെ മുഖം.....അത് പിന്നെയും പിന്നെയും വേട്ടയാടിക്കൊണ്ടിരുന്നു. ഓര്‍മകള്‍ പലപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളിലാണ് കൊണ്ടെത്തിച്ചത്. ദൈവമേ, നീയെന്തിനെന്നില്‍ പാപത്തിന്റെ പ്രേരണകള്‍ വച്ചു. എന്നില്‍ നീ ദുശ്ചിന്തകളും ദുഖങ്ങളും ക്രൂരതയും മാത്രം നിറച്ചതെന്തിന്? പരിസരമൊക്കെയും ജീര്‍ണിച്ച് ദുര്‍ഗന്ധംവമിക്കും പോലെ ആല്‍ഫ്രഡ് അസ്വസ്ഥനായി. ചിന്തിച്ചുചിന്തിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് കോടതിയില്‍, തിരിച്ചും മറിച്ചുമുള്ള അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ അയാള്‍ പലപ്പോഴും വിളറിനിന്നു. തിരിച്ച് സെല്ലിലെത്തിയപ്പോള്‍ നേരം വൈകിയിരുന്നു. യുദ്ധം കഴിഞ്ഞ പോര്‍ഭൂമി പോലെ മനസ് പ്രക്ഷുബ്ധമായിരുന്നു. അന്നും രാത്രി വൈകുവോളവും സ്വയംവിചാരണചെയ്തു നേരം വെളുപ്പിച്ചു.

പുലരി ഇരുട്ടിലേക്കരിച്ചിറങ്ങിത്തുടങ്ങിയതേ കൊതിയോടെ വെളിച്ചത്തിലേക്ക് കണ്ണുകള്‍ തുറന്നുവച്ചു. പ്രഭാതകര്‍മങ്ങള്‍ക്കുശേഷം ഊഴമനുസരിച്ച് പുറത്തിറങ്ങി. വളപ്പിലെ പച്ചക്കറിത്തോട്ടത്തിലെ കാടും പുല്ലും പറിക്കാന്‍ മറ്റ് കുറ്റവാളികള്‍ക്കൊപ്പം കൂടി. ചുറ്റിലും കൂറ്റന്‍ മതിലുകള്‍ മറതീര്‍ത്ത ജയില്‍ കെട്ടിടം. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടേതുമാണിവിടെ ചെലവിടുന്ന ഓരോ മണിക്കൂറുകളും. മനസ് വീണ്ടും, അറിയാതെ ചിന്തകളിലൂടെ ഊളിയിട്ടു. സ്‌നേഹിക്കാനാരുമില്ലാതെ, ഒന്നുമിണ്ടാന്‍ പോലും ആരുമില്ലാതെ ഈ ജയിലറയിലിനിയെത്ര നാള്‍? ഓര്‍ത്തപ്പോള്‍ ശ്വാസംമുട്ടി.
അപ്പച്ചന്റെ ഇഷ്ടക്കേടിലായിരുന്നു തന്റെ ജീവിതത്തിലെ ദൗര്‍ഭാഗ്യങ്ങളുടെ തുടക്കം. ദേഷ്യത്തോടെ തന്നെ നോക്കുന്ന അപ്പച്ചന്റെ കണ്ണുകള്‍. അതിന്നും ഭയപ്പെടുത്തുന്ന ഓര്‍മയാണ്. എന്തായിരുന്നുവോ അപ്പച്ചന്റെ മനസില്‍ തന്നോടുള്ള ഇഷ്ടക്കുറവിന് കാരണം? ഇപ്പോഴുമറിയില്ല. ഒരുപക്ഷേ തന്നെ മര്യാദക്കാരനായി വളര്‍ത്താനായിരുന്നിരിക്കും അപ്പച്ചന്‍ ക്രൂരനായത്. എന്തായാലും ആ സ്‌നേഹമില്ലായ്മ മനസിനെ തളര്‍ത്തി. അസംതൃപ്തിയുടെ കനലുകള്‍ മനസില്‍ നീറിനീറിക്കിടന്നു. അത് പിന്നെ പകയായി നിറഞ്ഞപ്പോഴും എല്ലാം ഉള്ളിലടക്കി. ചേച്ചിമാരെ രണ്ടുപേരെയും അനുജത്തി ജസിയേയും സ്‌നേഹത്തോടെ ഓമനിക്കുന്ന അപ്പച്ചന്‍, ""മോനേ ആല്‍ഫ്രഡ ് '' എന്ന് സ്‌നേഹത്തോടെ വിളിക്കുന്നത് കേള്‍ക്കാന്‍ കൊതിച്ചിട്ടുണ്ട്. ചേച്ചിമാര്‍ റൂബിയും മോളിയും കളിച്ചുചിരിച്ച് നടക്കുമ്പോള്‍, വീട്ടിലേക്ക് വിറകെത്തിക്കുന്നതും പലചരക്ക് സാധനങ്ങളെത്തിക്കുന്നതും മറ്റ് വീട്ടുപണികള്‍ ചെയ്യുന്നതും തന്റെ ജോലിയായിരുന്നു. ജസിയന്ന് കൊച്ചുകുട്ടിയാണ്. കാര്യങ്ങള്‍ തിരിച്ചറിയാനാകാത്ത പ്രായം. അവഗണിക്കപ്പെടുന്നതിന്റെ വേദനയില്‍ മനസ് നൊന്തുകൊണ്ടിരുന്നു. പെങ്ങന്‍മാരോട് കൂട്ടുകൂടാന്‍ നിന്നില്ല. അവരെ അന്നുമുതലേ ശത്രുവായി കണ്ടുതുടങ്ങി. മമ്മി മാത്രമായിരുന്നു ആശ്വാസം.

""ഇങ്ങനെ സ്വപ്നം കണ്ടു നിന്നാലെങ്ങനെയാ? പണി നടക്കുന്നില്ലല്ലോ?''. അടുത്തു നിന്ന സ്റ്റീഫന്‍ തോമസ് തൊട്ടുവിളിച്ചപ്പോളാണ് സ്ഥലകാലബോധം വീണ്ടുകിട്ടിയത്. അപ്പുറത്തുനിന്നും ഗാര്‍ഡിന്റെ കണ്ണുകള്‍ തന്റെ മേലേക്ക് നീണ്ടതോടെ ജോലിക്ക് വേഗം കൂട്ടി. ഒപ്പം ഓര്‍മകളിലേക്ക് മനസിനെ കൂട്ടി. അപ്പച്ചനെക്കുറിച്ച് മമ്മിയുടെ മുന്നില്‍ പറയാന്‍ പരാതികളേറെയായിരുന്നു. മമ്മിയുടെ വാല്‍സല്യത്തിലാണ് ബാല്യം കടന്നത്. ആ സ്‌നേഹത്തിലലിഞ്ഞ് ദുഖങ്ങളിറക്കിവെക്കാന്‍ ശ്രമിച്ചു. ജറോം എന്ന അപ്പച്ചന്റെ പേര് സ്‌നേഹമില്ലായ്മയുടെ പര്യായമായി മനസില്‍ എഴുതിയിട്ട ദിനങ്ങള്‍. വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കായിരുന്നു അപ്പച്ചന്‍. പകലുമുഴുവന്‍ പണിചെയ്ത് കിട്ടുന്ന പണത്തില്‍ പകുതിയും ലിക്വര്‍ഷാപ്പില്‍ ചെലവിട്ടായിരിക്കും വരവ്. പകലന്തിയോളം അടുത്തുള്ള റെസ്റ്റോറന്‍റില്‍ പണിചെയ്‌തെത്തുന്ന മമ്മി. മമ്മിയെത്തുമ്പോഴേക്കും അമ്മാമ്മ (മമ്മിയുടെ അമ്മ)വീട്ടുപണികള്‍ തീര്‍ത്തിട്ടുണ്ടാവും. അതുമാത്രമാണ് മമ്മിക്കൊരാശ്വാസം.

അപ്പച്ചന്‍ മദ്യപിച്ച് വന്നു ദേഹോപദ്രവമേല്‍പിക്കുമ്പോഴും മറുത്തൊരു വാക്ക് മിണ്ടാതെ നിന്നിരുന്നു മമ്മി. ക്ഷമയെന്തെന്ന് ജീവിതം കൊണ്ട് മമ്മി കാണിച്ചുതന്നു. തന്നെയോര്‍ത്ത് മമ്മി വേദനിച്ചിരുന്നു. മനപൂര്‍വമല്ലാതെ ചെയ്ത കൊലപാതകകുറ്റത്തിന് താനിപ്പോള്‍ ജീവപര്യന്തം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോഴും മമ്മി മാത്രമേയുണ്ടായിരുന്നുള്ളൂ കരയാന്‍. റൂബിയും മോളിയും ജസിയും വിവരമറിയാന്‍ പോലുമെത്തിയില്ല. അവരെ കണ്ടിട്ടു തന്നെ കാലങ്ങളായി. മമ്മിയെകുറിച്ച് തിരക്കാന്‍ പോലും അവര്‍ മിനക്കെടാറില്ല. അപ്പച്ചനെയും അമ്മാമ്മയെയും നേരത്തേ മരണം കീഴ്‌പ്പെടുത്തിയതുകൊണ്ട് ഈ ദുരവസ്ഥ അവര്‍ക്കു കാണേണ്ടി വന്നതുമില്ല.

ഹൈസ്കൂള്‍ പഠനത്തിനിടെ വീട് വിട്ടതുമുതല്‍ തുടങ്ങിയ ഒറ്റപ്പെടലാ തന്റേത്. അപ്പച്ചന്റെയും ചേച്ചിമാരുടെയും ദേഷ്യം നിറഞ്ഞ മുഖം കാണണ്ടല്ലോന്ന് കരുതിയാ വീട് വിട്ട് ജോലി തേടിപ്പോയത്. മമ്മിയെ അന്നും ജോലിസ്ഥലത്തുപോയി കണ്ടിരുന്നു. ചേച്ചിമാരോടുള്ള പിണക്കത്തില്‍, പെണ്ണെന്ന വര്‍ഗത്തെതന്നെ ശത്രുവായി കണ്ട നാളുകളില്‍ ജാനറ്റ് എന്ന സുന്ദരി മനസ് കീഴടക്കാനെത്തി. നാട്ടിലെ ജോലിസ്ഥലത്താണവളെ കണ്ടുമുട്ടിയത്. .... അവളായിരുന്നു അന്നൊക്കെ ആശ്വാസം. പക്ഷേ അവളെ സ്‌നേഹിക്കാനൊരിക്കലും കഴിഞ്ഞിരുന്നില്ല. ഒരിക്കലും സ്‌നേഹം കിട്ടാതെ ജീവിച്ചയാള്‍ക്ക്, അനുഭവിക്കാത്ത സ്‌നേഹത്തെ എങ്ങനെ പങ്കുവച്ചുകൊടുക്കാനാകും?. ഒരുപക്ഷേ, സ്‌നേഹമെന്തെന്നറിയാഞ്ഞതാവും ജീവിതത്തിലെ തന്റെ പരാജയകാരണം.അവളെ സ്‌നേഹിക്കുന്നില്ലന്ന് ജാനറ്റ് പരാതി പറഞ്ഞുകൊണ്ടിരുന്നു. ജാനറ്റ് സുന്ദരിയായിരുന്നു. ജീവന്‍ തുളുമ്പുന്ന കണ്ണുകള്‍. നീണ്ടുയര്‍ന്ന നാസിക. മെലിഞ്ഞ് കൊലുന്നനെയുള്ള രൂപം. നീണ്ട് ചുരുളിമയാര്‍ന്ന് ഇടതിങ്ങിയ മുടി. കാഴ്ചക്ക് കൊള്ളാമെങ്കിലും പലകാര്യങ്ങളിലും ജാനറ്റുമായി യോജിക്കാനായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും വഴക്കിലെത്തും. ജാനറ്റില്ലെങ്കില്‍ ജോലി സമയം കഴിഞ്ഞാപ്പിന്നെ മയക്കുമരുന്നിന്റെ ലോകത്ത് കഴിയാനായിരുന്നു അന്നൊക്കെ താല്‍പര്യം. ആ നേരങ്ങളില്‍ അസ്വസ്ഥതകളും അവഗണനകളുമൊന്നും മനസിനെ മഥിച്ചില്ല. ഒരുദിവസം എന്തോ പറഞ്ഞ് തമ്മില്‍ തെറ്റിയതോടെ ജാനറ്റിനെ കാണുന്നത് നിര്‍ത്തി. നാട്ടിലെ ജോലി വേണ്ടെന്നുവച്ച് പട്ടണത്തിലേക്ക് പോയി. അവിടെയൊരു ഫാക്ടറിയില്‍ ജോലിക്ക് കയറി. ഇടയ്ക്കിടെ വന്നുകാണാമെന്നു പറഞ്ഞ് മമ്മിയോടും യാത്ര പറഞ്ഞു. പാവപ്പെട്ടവര്‍ താമസിക്കുന്ന പ്രദേശത്ത് ഒരു കൊച്ചുമുറിയിലായിരുന്നു താമസം. ലഹരിഉപയോഗം അവിടെയും തുടര്‍ന്നു. അടുത്തൊരു റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടത് അവിചാരിതമായാണ്. ജൂഡിയെന്നായിരുന്നു അവളുടെ പേര്.

"" റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നൊരു പെണ്‍കുട്ടിയെ ഞാന്‍പരിചയപ്പെട്ടു.'' അടുത്തതവണ മമ്മിക്കൊപ്പം ഊണുകഴിക്കവെ ആല്‍ഫ്രഡ് പറഞ്ഞു. ""അവളും ഒറ്റയ്ക്കാ താമസം..'' ഇടക്കൊന്ന് നിര്‍ത്തിയിട്ട് ആല്‍ഫ്രഡ് മമ്മിയെ നോക്കി. അവളെ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മിയുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചിരുന്നു. പാവം മമ്മി....എന്തൊക്കെ പ്രതീക്ഷകളായിരുന്നു മമ്മിയ്ക്ക് തന്നെക്കുറിച്ച്? എവിടെയാണ് തനിക്ക് തെറ്റിയത്? 26ാം വയസില്‍ ജയിലില്‍ അടയ്ക്കപ്പെടുകയെന്നുപറഞ്ഞാല്‍ ജീവിതത്തിന്റെ സുഖങ്ങളും സന്തോഷങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ അര്‍ഥം. 20വര്‍ഷത്തിനുശേഷം മോചിതനായാലും 46 വയസ് എത്തിയിരിക്കും. താനിവിടുന്നിറങ്ങുമ്പോഴേക്കും മമ്മിയും 75 വയസോടെ വാര്‍ധക്യത്തിലെത്തിയിരിക്കും.

ദുരനുഭവങ്ങള്‍ മാത്രമാണ് ചെറുപ്പകാലം സമ്മാനിച്ചത്. നന്‍മയിലേക്ക് വഴിപിടിച്ചുനടത്താനും ആളുണ്ടായില്ല. അന്ന് ജീവിതത്തില്‍ കൂട്ടുകൂടിയ ഇരുട്ട് ഇന്നും നിഴലായി ഒപ്പം നില്‍ക്കുന്നു. ജീവിതത്തിലിനി പ്രതീക്ഷകളുടെ വെളിച്ചം തനിക്ക് മുന്നില്‍ തെളിയുമോ? ഈ മതില്‍കെട്ടിനുള്ളില്‍ പ്രതീക്ഷകളെല്ലാം കരിഞ്ഞുണങ്ങുന്നു. സെല്ലില്‍നിന്ന് പുറത്തിറങ്ങാനും എക്‌സര്‍സൈസിനുമായി അരമണിക്കൂറാണുള്ളത്.

പച്ചക്കറിത്തോട്ടത്തിലേക്ക് നടന്നുവന്ന ജയിലര്‍ വീണ്ടും ആല്‍ഫ്രഡിനെ രൂക്ഷമായി നോക്കി. ചിന്തകള്‍ മുറിഞ്ഞ് അയാള്‍ സ്ഥലകാലബോധം വീണ്ടെടുത്തു. നീട്ടി വളര്‍ത്തിയ താടി. കണ്ണുകളില്‍ രൗദ്രതയുടെ തിരയിളക്കം.. ധാര്‍ഷ്ട്യം നിറഞ്ഞ സംസാരം. മുട്ടോളം നീണ്ട വേഷം. കാറ്റുലച്ച പാഴ്മരം പോലെ ഉലഞ്ഞായിരുന്നു ജയിലറുടെ നടത്തം.

(തുടരും......)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക