Image

ഹൂസ്റ്റണില്‍ ക്രൈസ്തവ സാഹിത്യ പ്രവര്‍ത്തകരുടെ സമ്മേളനം

Published on 01 August, 2017
ഹൂസ്റ്റണില്‍ ക്രൈസ്തവ സാഹിത്യ പ്രവര്‍ത്തകരുടെ സമ്മേളനം
ഹൂസ്റ്റണ്‍(ടെക്‌സസ്): ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യന്‍ സാഹിത്യ പ്രവര്‍ത്തകരുടെ പ്രത്യേക സമ്മേളനം 2017 ആഗസ്റ്റ് 13ന് 5pm വരെ നടക്കും. Stafford-ലെ Edwin NCLEX Review സെന്ററില്‍ വച്ച് സത്യം മിനിസ്ട്രീസ്, ആഴ്ചവട്ടം, ഹാര്‍വെസ്റ്റ് ടി.വി. എന്നിവരുടെ പങ്കാളിത്തത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് മിസ്റ്റര്‍ കര്‍ട്ടീസ് ജി.റിസ്‌ക്കി മുഖ്യ അതിഥിയായി പങ്കെടുക്കും.

സാഹിത്യ പ്രവര്‍ത്തകരുടെ ഈ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകര്‍ ഫാദര്‍ ഐസക്ക് പ്രകാശ്, ഡോ.സി.ടി.വടവന, റവ.അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ എന്നിവരാണ്. ഫാദര്‍ ഐസക് പ്രകാശ് ഹൂസ്റ്റണില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതനും വളരെ ആദരണീയനായ പണ്ഡിതനുമാണ്. ഡോ.സി.വി.വടവന സത്യം മിനിസ്ട്രീസിന്റെ സ്ഥാപകനും ജീവവചനം, ട്രൂത്ത് എലൈവ്, എന്നീ മാസികകളുടെ ചീഫ് എഡിറ്ററുമാണ്, അതോടൊപ്പം 32-ഓളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ.സി.വി.വടവന ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാനുമാണ്. റവ.അച്ചന്‍ കുഞ്ഞ് ഇലന്തൂര്‍ Oasis ministries- ന്റെ സ്ഥാപകനും മരുപ്പച്ച മാസികയുടെ ചീഫ് എഡിറ്ററുമാണ്. ഏഴ് ഗ്രന്ഥങ്ങളുടെ രചയിതാവും അതോടൊപ്പം ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള ക്രിസ്ത്യന്‍ സഭകളെ ഏകീകരിച്ച് നൂതന സംരംഭങ്ങള്‍ പങ്കുവയ്ക്കുകയും സഹവിശ്വാസികള്‍ക്കിടയില്‍ പുരോഗതിയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രധാന ഉദ്ദേശം.

ഡോ.ജോര്‍ജ്ജ് കാക്കനാട്ട്(281)-723-8520, ജോയി തുമ്പമണ്‍(832)-9713761, ഡോ. സണ്ണി എഴുമറ്റൂര്‍(832)-651-8048, ഫിന്നി രാജു ഹൂസ്റ്റണ്‍(832)-646-9078 എന്നിവര്‍ ഈ സമ്മേളനത്തിന് നേതൃത്വം നല്‍കും.

ഡോ.സി.വി.വടവന(ചെയര്‍മാന്‍), അച്ചന്‍കുഞ്ഞ് ഇലന്തൂര്‍(ജനറല്‍ സെക്രട്ടറി), റവ.സി.പി.മോനായ്(ജോയിന്റ് സെക്രട്ടറി)

Join WhatsApp News
വിദ്യാധരൻ 2017-08-02 20:48:39
സാഹിത്യത്തിന് ജാതിമത വ്യത്യാസവും ഉണ്ടെന്ന് തോന്നുന്നില്ല.അങ്ങനെയായിരുന്നെങ്കിൽ മലയാളഭാഷയിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ഉദാത്തങ്ങളായ പല സാഹിത്യകൃതികളും ഉണ്ടാകുകയില്ലായിരുന്നു.  കൈനിക്കര പത്മനാഭപിള്ളയുടെ കാൽവരിയിലെ കല്പ പാദപം ഇതിന് ഒരു ഉദാഹരണമാണ്.  കല്പം എന്നാൽ നീതിന്യായം എന്നും പാദപത്തിന് വൃക്ഷമെന്നും പേരുണ്ട് .  കാൽവരിയിലെ നീതിന്യായത്തിന്റെ വൃക്ഷം എന്ന് വിളിക്കാം. ഒരു പക്ഷെ   കൈനിക്കര പത്മനാഭപിള്ള മരക്കുരിശിനെ നീതിന്യായത്തിന്റെ വൃക്ഷമായിട്ടാണ് കണ്ടത്.  വള്ളത്തോളിന്റെ   മഗ്നലനമറിയം (പശ്ചാത്താപം പ്രായശ്ചിത്തം), ചങ്ങമ്പുഴയുടെ ദിവ്യഗീതം തുടങ്ങിയ മനോഹര കാവ്യതല്ലജഞങ്ങൾ  (താമര)  ജാതിമതത്തിന്റെ അതിർവരമ്പുകളെ മുറിച്ചാണ് സാഹിത്യത്തിന്റെ ഭാഗമായി തീർന്നത്.  മഹാകവി കെ. വി സൈമൺ തന്റെ വേദവിഹാരം രചിച്ചപ്പോൾ അദ്ദേഹവും ജാതിമതചിന്തകളുടെ വേലിക്കെട്ടുകൾ പൊളിച്ചു എന്നതിന് തെളിവാണ് അദ്ദേഹത്തിൻറെ കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന ഹൈന്ദവവേദങ്ങളിലെ ഭാഷാ ശൈലി.  
"സകല ലോകങ്ങൾക്കു മാദികാരണമിവൻ 
സകലഭൂതങ്ങൾക്കും മാഹാരപ്രദനിവൻ "  എന്ന് കവിക്ക് എഴുതാൻ കഴിയണമെങ്കിൽ ജാതിമതചിന്തകളുടെ മതിൽകീട്ടുകൾക്കപ്പുറത്തു നിന്ന് മനുജ ജാതിയെ ഒന്നായി കാണാൻ കഴിഞ്ഞതുകൊണ്ടാണ്. 

"ശീമോന്റെ പൂമേടതന്നിലെ നേത്രാഭി -
രാമാവിശാലമാം ശാലയിങ്കൽ 
എണ്ണപ്പെട്ടുള്ള സുഗന്ധം പരത്തുന്നോ-
രെണ്ണ പകർന്നു കൊളുത്തി വച്ചമ്മേ 
തൂവെള്ളിച്ചങ്ങലത്തുമ്പത്തതാതിടം 
തൂക്കിയ ദീപത്തിൻ ദീപ്‌തിപൂരം 
ദുരിതമാകുമാറങ്ങണഞ്ഞിതൊരു 
പൂരുഷരൂപമാം തേജഃപുഞ്ജം"  എന്ന് വള്ളത്തോൾ യേശുവിനെ വിളിച്ചത് ഹൈന്ദവ ഇതിഹാസങ്ങളിൽ സുന്ദരന്മാരായ ദേവന്മാർ ഇല്ലാഞ്ഞിട്ടല്ല 

സുരഭില ദ്രവ്യങ്ങളിടതിങ്ങും ഗിരികളി-
ലൊരു കൊച്ചു പുള്ളിമാൻപേടപോലെ; 
അല്ലെങ്കിലൊരു കലമാൻ കുട്ടിപോൽ, മൽപ്രാണ -
വല്ലഭ നീ വരിക അയ്യോ വേഗമാട്ടെ ' എന്ന് ചങ്ങമ്പുഴ ഉത്തമഗീതത്തിന്റെ ചുവടുപിടിച്ച് ദിവ്യഗീതത്തിലൂടെ പാടിയപ്പോൾ , ജാതിമതചിന്തകൾക്കിപ്പുറം നിൽക്കുന്ന ഒരു ദിവ്യ ചൈതന്യത്തെ മുന്നിൽ കണ്ടുകൊണ്ടാണ്.

സാഹിത്യത്തെ ഹൈന്ദവ സാഹിത്യം ക്രൈസ്തവ സാഹിത്യം എന്ന് വേർതിരിക്കുമ്പോൾ നമ്മൾക്ക് നഷ്ടമാകുന്നത് മേൽ ഉദാഹരണമായി കാട്ടിയ മഹാകവികളുടെ അതിർവരമ്പുകൾ ഇല്ലാത്ത ദൂരകാഴച്ചയാണ് അതുപോലെ നിങ്ങളുടെ യേശു വിഭാവനം ചെയ്ത ഭൂമിയിലെ സ്വർഗ്ഗവും 

ഏകം സത്,
വിപ്രാ ബഹുധാ വദന്തി !

സത്യം ഒന്നുമാത്രം പണ്ഡിതന്മാർ പലപേരുകളിൽ അതിനെ വിളിക്കുന്നു 


വായനക്കാരൻ 2017-08-03 11:00:22

വിദ്യാധരൻ പറഞ്ഞതിനെ എതിർക്കാൻ കഴിയില്ല. സ്വാർത്ഥമായ ചിന്താഗതിയുയും വിവേചനത്തിന്റെയും  ഫലമാണ് ക്രൈസ്തവ സാഹിത്യം, ഹൈന്ദവ സാഹിത്യം, പ്രവാസ സാഹിത്യം. പെണ്ണെഴുത്ത് എന്നൊക്കെ പറഞ്ഞുള്ള തരം തിരിവുകൾ.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക