Image

പെര്‍ത്തില്‍ വിന്‍സെന്‍ഷ്യന്‍ സഭ ധ്യാന കേന്ദ്രം തുടങ്ങി

Published on 03 August, 2017
പെര്‍ത്തില്‍ വിന്‍സെന്‍ഷ്യന്‍ സഭ ധ്യാന കേന്ദ്രം തുടങ്ങി
 
പെര്‍ത്ത്: ഏറെക്കാലത്തെ പ്രാര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ പെര്‍ത്തിലെ ബൈഫോര്‍ഡില്‍ കേരളത്തില്‍നിന്നുള്ള വിന്‍സെന്‍ഷ്യന്‍ സഭാ അംഗങ്ങള്‍ ധ്യാന കേന്ദ്രം തുടങ്ങി. ജൂലൈ 29ന് പെര്‍ത്ത് ആര്‍ച്ച്ബിഷപ് തിമോത്തി കോസ്റ്റലോ ധ്യാന കേന്ദ്രം വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. ദിവ്യബലിയോടെ ആരംഭിച്ച ചടങ്ങളില്‍ ആര്‍ച്ച്ബിഷപ് ബാരിഹിക്കി, വിന്‍സെന്‍ഷ്യന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, പ്രൊവിന്‍ഷ്യാള്‍ സൂപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപിള്ളില്‍, മോണ്‍. ബ്രയന്‍ ലോക്ലന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. 

എല്ലാ കണ്ണുകളും ക്രിസ്തുവില്‍ ക്രേന്ദ്രീകരിക്കേണ്ട സമയമാണെന്നും ക്രിസ്തുവില്‍ ആശ്രയിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ തകര്‍ച്ചക്ക് ഇടവരുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആര്‍ച്ച്ബിഷപ് തിമോത്തി കോസ്‌റ്റെലോ പറഞ്ഞു. എല്ലാ സേവനങ്ങളിലും ക്രിസ്ത്യാനികള്‍ യേശുവിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭക്ക് പുതിയ ധ്യാനകേന്ദ്രം ദൈവത്തില്‍നിന്നുള്ള അനുഗ്രഹമായി കാണുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പ്രസംഗിച്ച ആര്‍ച്ച്ബിഷപ് ബാരിഹിക്കിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്പ് നടത്തിയ കേരള സന്ദര്‍ശനത്തോടെയാണ് വിന്‍സെന്‍ഷ്യന്‍ വൈദികരുടെ ഓസ്‌ട്രേലിയയിലേക്കുള്ള വരവിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം ഓര്‍മിച്ചു. 

വിന്‍സെന്‍ഷ്യന്‍ സഭ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ മാത്യു കക്കാട്ടുപിള്ളില്‍, മെല്‍ബണ്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റോജന്‍ ജോര്‍ജ്, ഫാ. മൈക്കിള്‍ പഴയപിള്ളി, ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

രാവിലെ 10ന് വെഞ്ചരിപ്പോടെ ആരംഭിച്ച കര്‍മങ്ങള്‍ ഉച്ചയ്ക്ക് ഒന്നോടെ സമാപിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു. ചടങ്ങുകള്‍ക്ക് ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. സാബു കളപ്പുരയ്ക്കല്‍, ഫാ. തോമസ് മങ്കുത്തേല്‍, ഫാ. അനീഷ് ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

കേരളത്തിലെ ധ്യാനകേന്ദ്രങ്ങളുടെ മാതൃകയില്‍ താമസിച്ച് ധ്യാനിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേര്‍ക്ക് താമസിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് നാല് മുതല്‍ താമസിച്ചുള്ള ധ്യാനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഫാ. വര്‍ഗീസ് പാറയ്ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക