Image

പാരീസ് മലയാളി കെ.കെ. അനസിന് ഡോക്ടറേറ്റ്

Published on 03 August, 2017
പാരീസ് മലയാളി കെ.കെ. അനസിന് ഡോക്ടറേറ്റ്

പാരീസ്: പാരീസ് മലയാളിയും തൊടുപുഴ സ്വദേശിയുമായ കിഴക്കേകുന്നേല്‍ കെ.കെ. അനസിന് ഡോക്ടറേറ്റ് ലഭിച്ചു. 1899 ല്‍ സ്ഥാപിതമായ പാരീസിലെ പ്രശസ്തമായ പൊളിറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഹൈപ്പ് (HEIP) ന്റെ കീഴിലുള്ള സിഇഡിഎസ് (CEDS) ല്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഡിപ്ലോമസിയിലാണ് അനസ് പിഎച്ച്ഡി ബിരുദം സ്വന്തമാക്കിയത്.

INDIA IN THE NEW GLOBAL BALANCE OF POWER’ എന്ന വിഷയമാണ് അനസ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. മുന്‍ റഷ്യന്‍ പ്രസിഡന്റ് ഗോര്‍ബച്ചേവിന്റെ സെക്രട്ടറിയും ഇപ്പോള്‍ സിഇഡിഎസിലെ പ്രഫസറുമായ മിഖായേല്‍ ലെബദേവിന്റെ കീഴിലായിരുന്നു ഗവേഷണം. ഡോക്ടറേറ്റ് ജൂറിയില്‍ ഡോ. ഫൊവാദ് നോഹ്‌റ അധ്യക്ഷനും ഡോ. പാട്രിക് ബ്രൂണോ, ഡോ.മൈക്കിള്‍ സ്ട്രാസ്, ഡോ.മിഖായേല്‍ ലെബദേവ് എന്നിവര്‍ അംഗങ്ങളുമായിരുന്നു. പിഎച്ച്ഡി ബിരുദങ്ങള്‍ക്ക് ഫ്രാന്‍സില്‍ നല്‍കാറുള്ള ഗ്രേഡിംഗില്‍ മൂന്നാം സ്ഥാനമുള്ള CUM LAUDE’ ഗ്രേഡാണ് അനസിന് ലഭിച്ചത്. 

ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അനസ് മുന്‍പ് ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായും മറ്റു സ്വകാര്യ ചാനലുകളില്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎന്‍ ഉച്ചകോടി, ജി 20 ഉച്ചകോടി, അന്താരാഷ്ട്ര കാന്‍ ചലച്ചിത്ര മേള, ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി പ്രധാനപ്പെട്ട പരിപാടികള്‍ അനസ് വിവിധ മാധ്യമങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ അധ്യാപകനായും ജോലി ചെയ്തിട്ടുള്ള അനസ് നിരവധി കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ധനമന്ത്രി തോമസ് ഐസക്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, എഡിജിപി ആര്‍. ശ്രീലേഖ തുടങ്ങി പ്രമുഖ വ്യക്തികളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അനസ് പാരീസ് ആസ്ഥാനമായ ELEGANT MEDIA GROUP  ന്റെ ഡയറക്ടര്‍ കൂടിയാണ്. ഒരു പ്രമുഖ ഇറ്റാലിയന്‍ നിര്‍രാണ കന്പനിയുടെ നേതൃത്വത്തില്‍ ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന SANDOKAN UNTOLD’ എന്ന സിനിമയുടെ പിന്നണിയിലും അനസ് പ്രവര്‍ത്തിക്കുന്നു. 

ബയോടെക്‌നോളജിയില്‍ സിംഗപ്പൂര്‍ നന്യാങ് ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള സബ്‌ന ചീമാടന്‍ ആണ് ഭാര്യ. മകന്‍: ഇയാന്‍ ആദം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക