Image

അമ്മ (കവിതകള്‍: പി.ഹരികുമാര്‍ പി.എച്ച്.ഡി.)

പി.ഹരികുമാര്‍ പി.എച്ച്.ഡി. Published on 04 August, 2017
അമ്മ (കവിതകള്‍: പി.ഹരികുമാര്‍ പി.എച്ച്.ഡി.)
എന്റമ്മ
കഞ്ഞി വിളമ്പിവച്ച്
നട്ടുച്ചയാക്കിയിരുന്നര്‍ദ്ധരാത്രികള്‍,
കേട്ടു ബൂട്ടെന്നു
ഞെട്ടിയുണര്‍ന്നവള്‍.
പതുങ്ങിപ്പിന്‍വാതില്‍
ചാരിയെത്തുമ്പോള്‍
ചോറായ്, മഷിയായ്
നിറവായവള്‍.
കുത്തഴിഞ്ഞ
താളുകളീറന്‍വറ്റു
കൊണ്ടൊട്ടിച്ചേകിയോള്‍.

ഇന്നെന്റെ മകന്റമ്മ.
ഇന്റര്‍നെറ്റിന്റെ നീലയെന്ന്
പെഗ്ഗൊന്നു കൂടിപ്പോയാല്‍ ബൈക്കെന്ന്
ഉള്ളുപൊള്ളുന്നവള്‍.
കേട്ടു ബൂട്ടെന്നോടി
ബാല്‍ക്കണി തുറക്കുന്നവള്‍.
വേര്‍പ്പിലലിഞ്ഞ
പെര്‍ഫ്യൂമില്‍
പെണ്ണുണ്ടോന്നു
മണക്കുന്നവള്‍.
മക്കള്‍
വിസ വീശിപ്പറന്നെന്നു
ഞെട്ടിയുണരുന്നവള്‍.
അമ്മ....അമ്മ.

പിന്‍വാതിലില്ലാത്ത
വീടുകളില്‍

അന്നൊക്കെ
മൂപ്പിലാന്റെ കാര്‍ക്കിപ്പ്
മുറ്റത്തു കേള്‍ക്കുമ്പോള്‍
താടി മാന്തി
മുലപ്പാലു മോന്തി
പിന്‍വാതിലിലൂടെ
ഞാന്‍ നൂണ്ടിരുന്നു.

ഇന്ന്,
എന്റെ മകന്‍
നൂറാംനിലയില്‍
മുന്‍വാതിലില്‍ നേരിടുന്ന കാര്‍ക്കിപ്പ്
എവിടെത്തെറിക്കുമെന്നുഴറി
അടുക്കളയില്‍
വിങ്ങുന്നു മുലപ്പാല്‍.


അമ്മ (കവിതകള്‍: പി.ഹരികുമാര്‍ പി.എച്ച്.ഡി.)
Join WhatsApp News
വിദ്യാധരൻ 2017-08-04 08:02:24
അവ്യക്ത വാക്കുകളാലെ
അമ്മയെ ഇങ്ങനെ ചുമ്മാ
അമ്മാനം ആടുവതെന്തേ?
അസ്‌പഷ്‌ട ജല്‍പനത്താലേ
ഒച്ച  വച്ചൊരാ നാളിൽ
സ്പഷത നൽകി 'അമ്മ
നമ്മളെ നേർവഴികാട്ടി
മക്കൾ അഭ്യസ്തവിദ്യരായി
അമ്മയെ കണ്ടാലറിയതായി
വായിൽ വരുന്നത് കൂട്ടി
'അമ്മ' കവിതയെഴുതി
അമ്മയെ ഇങ്ങനെ ചുമ്മാ
അമ്മാനം ആടുവതെന്തേ?

വായനക്കാരൻ 2017-08-04 09:08:50
പീ എച്ച് ഡി യുടെ ബലത്തിലും അവാർഡിന്റെ ബലത്തിലും കവിതയെന്നപേരിൽ എഴുതിവിടുന്നവരുടെ ലഷ്യം എന്തെന്നറിയില്ല.  എന്തായാലും ഇത്തരക്കാരുടെ സുഗമമായ പോക്കിനെ ചോദ്യം ചെയ്യാൻ ഒരു വിദ്യാധരനെങ്കിലും ഉണ്ടല്ലോ എന്നത് കവിതയെ സ്നേഹിക്കുന്നവർക്ക് ഒരു അനുഗ്രഹമാണ്. പ്രകൃതിയിൽ കാണുന്നതൊന്നും അവ്യക്തമായല്ല സൃഷിട്ടിക്കപ്പെട്ടിരിക്കുന്നത്. അവ്യക്തമായതിന് വ്യക്തത ഉണ്ടാക്കി കൊടുക്കേണ്ട ഗവേഷകർ ജനങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് അവരുടെ ആശയകുഴപ്പങ്ങളിലേക്കാണ്. ഇവർക്കൊക്കെ നേരെ ചൊവ്വേ എഴുതിയാൽ എന്താ കുഴപ്പം?

James Mathew, Chicago 2017-08-04 16:22:51
ഗവേഷണവും കാവ്യ രചനയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഡോക്ടർ മനസ്സിലാക്കുക. കവി എന്ന് വിളിക്കുന്നില്ല. ഡോക്ടർ തന്നെ ആയിരിക്കുന്നത് നല്ലത്.  പ്രസിദധീകരിക്കാതിരിക്കാൻ  ഇ മലയാളിക്ക് കഴിയില്ല. ഡോക്ടറുടെ പേര് കണ്ടാൽ വായിക്കാതിരിക്കുക. വേറെ പോം വഴിയില്ല. വിദ്യധരൻ സാറും ഗുണ ദോഷം ചെയ്ത് സമയം കളയണ്ട.  ഡോക്ടർ എഴുതട്ടെ. വേറൊരു ഡോക്ടർക്ക് അത് ഉത്തമം ആണെന്ന് തോന്നിയാൽ അത് മതി. ആയിരം വെറും ആളുകളേക്കാൾ ഒരു ഡോക്ടർ തുല്യം. ഈ ഡോക്ടർമാർ അമേരിക്കൻ മലയാള സാഹിത്യത്തിൽ ഒരു ചലനം ഉണ്ടാക്കും. ചുക്കുമു, ളകതി, പ്പല്ലി എന്ന് വായിച്ച വിദ്വാന്മാരുടെ നാട്ടിൽ നിന്നും വന്നവർ എഴുതി തെളിയട്ടെ.
ലാടവൈദ്യൻ 2017-08-04 21:01:00
കുറുന്തോട്ടി 
പനിക്കൂർക്ക 
തുളസി 
പേരേല 
കറിവേപ്പ് 
നെല്ലിക്ക
കിഴക്കാനെല്ലി  
ഇവ സമമായരച്ച്  അരച്ച് 
വെളിച്ചെണ്ണയിൽ 
തിളപ്പിച്ച് 
പതയുമ്പോൾ  നിറുത്തി 
വറ്റിച്ചു 
തലയിലും 
ഉച്ചിയിലും 
തളമായിട്ടാൽ 
കവിതരോഗം മാറി 
തലമണ്ട നേരേനിക്കും 
അതിനു ശേഷം കവിത 
കുറിച്ചാൽ 
വാക്കുകൾക്ക് 
പര്സപര ബന്ധം വരും 
പിന്നെ അവാർഡിന്റെ പൂരം 
ആകുലൻ 2017-08-05 05:03:48
അമ്മയെ തല്ലിയാൽ പോലും  
ഇന്നാട്ടിൽ രണ്ടാണ് പക്ഷം 
എവിടെ പോയി  പി.എച്ച് .ഡി ക്കാർ  
'ഇങ്ങേരുടെ' തുണക്കാർ ? 
ഇല്ലാത്ത അർത്ഥങ്ങൾ നൽകി
എരിതീയിൽ എണ്ണ കലർത്തും 
എന്നമ്മേ നിന്നെ ഇവർ 
പി. എച്ച് .ഡി കൊണ്ടടിച്ച് 
ഇവ്വണ്ണമാക്കിയത് കഷ്ടം !
ശോഷിച്ച്  വല്ലാതെയാക്കി
കോലം തിരിച്ചിവർ അമ്മെ 
ഡോ.ശശിധരൻ 2017-08-05 11:45:24
നല്ലപോലെ ക്ഷമയോടെ മനസ്സിരുത്തി കവിത ഒന്ന് വായിച്ചു നോക്കൂ.ആരും ആകുലപ്പെടേണ്ട വരില്ല.അപ്പോൾ കവിത   സത്ത് എന്നോ  അസത്ത് എന്നോ ; പൊട്ട കവിതയെന്നോ, നല്ല കവിതയെന്നോ  അഭിപ്രായം വരാം.അത് ആ കവിത വായിക്കുന്നു ആളുടെ  അഭിപ്രായം മാത്രം .എന്തായാലും കവിതയെ സ്നേഹിക്കുന്നത് കൊണ്ടാണല്ലോ  കവിത വായിച്ചു  വിമർശിക്കുന്നത് . നല്ല കാര്യം തന്നെ .ആരൊക്കെ എന്തൊക്കെ ഉറക്കെ  പറഞ്ഞാലും പതുക്കെ പറഞ്ഞാലും ഒരു  ഭാരതീയ കുടുംബത്തിന്റെ എല്ലാ ഗരിമയും ,മഹിമയും മാതൃ കേന്ദ്രികരമായ ഒരു കുടുംബാന്തരീഷത്തിലാണ് കുടി കൊള്ളുന്നത് .'അമ്മ തന്നെയാണ്  ആ കുടബത്തിന്റെ അച്ചാണി .ആ  അമ്മയെ കുറിച്ചുള്ള  സ്നേഹത്തിന്റെ  തിരിച്ചറിവാണ് ഡോക്ടർ ഹരികുമാറിനെ  ഇവിടെ  ഇങ്ങനെയൊരു  കമനീയമായ കവിതയെഴുതാൻ  കരുത്തനാക്കിയത്.മനുഷ്യ ജീവിതത്തിലെ ഏറ്റുവും ഉദാത്തമായ ബന്ധങ്ങളിലൊന്നാണ് മുലയൂട്ടുന്ന അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം .അങ്ങേയറ്റത്തെ ആർജ്ജവത്തോടുകൂടി അമ്മക്ക് മക്കളോടുള്ള അനിയത്രിതമായ സ്നേഹത്തെ കുറിച്ച്  ഈ കവിതയിലൂടെ  രണ്ടു തലങ്ങളിലൂടെ (ഇന്ത്യയിലുള്ള 'അമ്മ ,അമേരിക്കയിലുള്ള  'അമ്മ ) അനുസന്ധാനം ചെയ്ത് അനുവർത്തിച്ചിരിക്കുന്നു. എത്ര  അരുതാത്ത   തെറ്റ്  ( ഭീകര പ്രവർത്തനം പോലും) ചെയ്തു രാത്രിയിൽ മകൻ   അച്ഛനറിയാതെ പതുങ്ങി പിൻവാതിലൂടെ,   അടുക്കള  വാതിലുടെ   
വരുബോഴും 'അമ്മ കാത്തിരുന്നു ,കാത്തിരുന്നു സ്നേഹത്തോടെ ചോറ് വിളംബി കൊടുക്കുന്ന 'അമ്മ .അച്ഛനറിയാതെ 'അമ്മ ചെയ്യന്ന മകനോടുള്ള സ്നേഹം .എന്നാൽ അമേരിക്കയിൽ പിൻവാതിലില്ല! ഇവിടെയാണ് പ്രശനം.മുൻവാതിൽ തുറക്കുമ്പോൾ അച്ഛനറിയുന്നു .മകനെ സ്നേഹിക്കാൻ കഴിയാതെ 'അമ്മ വിങ്ങുമ്പോൾ അച്ഛൻ മകനുമായി അധികാരത്തിന്റെ  പേരിൽ വഴക്കിടുന്നു .കുംടുബന്ധങ്ങൾ തകരുന്നു !!  ഇനിയും എഴുതാം ധാരാളം കവിതയുടെ നല്ല വശങ്ങൾ!
ഒരു കപ്പിന് നേരെ ഒരാൾ കാപ്പി ഒഴിക്കുന്നു .കപ്പ് പകുതി കാലിയായിരിക്കുന്നു എന്നും ,അല്ല കപ്പ് പകുതി നിറഞ്ഞിരിക്കുന്നു എന്നും കാണാം .കപ്പ് പകുതി നിറഞ്ഞിരിക്കുന്നതായി കാണാൻ ഒന്ന് ശ്രമിച്ചു കൂടെ ?
(ഡോ.ശശിധരൻ)
കവിതാ സ്‌നേഹി 2017-08-05 15:16:52
എന്തൊരു കഷ്ടം അമ്മെ 
ഇങ്ങനെ വന്നു ഭവിക്കാൻ 
ഗവേഷകരെപോലെ 
കീറി മുറിക്കുന്നു നിന്നെ 
ചെറുകുടൽ വൻകുടൽ ഹൃദയം 
പിളർക്കുന്ന ചീന്തുന്നു പിച്ചി  
ഇല്ലാത്ത  വ്യാഖ്യാനം നൽകി 
വിലസുന്നു പി ച്ച് ഡി വർഗ്ഗം 
ചങ്ങല ഭ്രാന്തു പിടിച്ചാൽ 
ഭ്രാന്തന്മാർ നാട് മുടിക്കും 
 
 
വിമർശകരേ 2017-08-05 20:38:39
ഇത് വായിച്ചാൽ മനസ്സിലാകുകയെങ്കിലും ചെയ്യും.
A reader 2017-08-05 15:24:02
ങ്ങൾ പറയുന്നതൊന്നും ഈ കവിത വായിച്ചാൽ കിട്ടില്ല .എന്തിനാണ് ഡോ. ശശിധരൻ താങ്കളുടെ ഭാഷയിലെ കഴിവുകളെ ഈ കവിതക്ക് വേണ്ടി ചിലവഴിക്കുന്നത് . വളരെ അച്ചടക്കത്തോടെ സ്‌കൂളുകളിലും കോളേജിലും ഒക്കെ പഠിച്ചവരും പഠിപ്പിച്ചിട്ടുള്ളവരുമാണ് ഞങ്ങൾ. പക്ഷെ കവിത എന്ന് നിങ്ങൾ എങ്ങനെ വിളിക്കും? 

അമ്മ 2017-08-06 13:20:31
അറിയില്ല എൻ മകന് 
എന്ത് പറ്റിയെന്ന് 
പുലമ്പുന്നതെന്തെന്ന് 
തിരിയുന്നുമില്ല
ആറ്റുനോറ്റു വളർത്തി പക്ഷെ 
ചീറ്റിയെല്ലാ ശ്രമങ്ങളും 
തിരിഞ്ഞുപോയി തല 
തിരിഞ്ഞു നിന്ന് വിളിക്കുന്നു 
പുലഭ്യങ്ങൾ കവിയെന്നപേരിൽ 
കൂട്ടിനുണ്ട് തല തിരിഞ്ഞോർ 
എരിതീയിൽ എണ്ണ ചേർക്കാൻ 
ഉണ്ടായിരുന്നു ഭക്തിയും 
ബഹുമാനവും കവികൾക്ക് 
പാണ്ടായിരുന്നെന്നുമാത്രം 
ഇന്നമ്മയച്ചന്മാർ 
കവികൾക്ക് പന്താടാനുള്ള 
പന്തുമാത്രം 
കുത്തിക്കുറിക്കുന്നു കവിത 
അമ്മയെന്നപേരിൽ
കുത്തുന്നെന്നാൽ 
സൗകര്യം ഒത്തിടുമ്പോൾ 
ഞെട്ടി എൻപേരിൽ കുറിച്ചീ-
ക്കവിതകണ്ടു 
എന്താണിതിൻ അർത്ഥമെന്ന് 
ചോദിച്ചു ഞാൻ എന്നമ്മയോട്
ഒറ്റ നോട്ടം നോക്കിയതും 
വെട്ടിയിട്ട തടിപോലെയമ്മ 
നിലംപതിച്ചതുമൊപ്പം 
'എൻ അമ്മോ 'യെന്ന -
ലർച്ചയോടെ '
ഇന്നുവരെ യമ്മ കണ്ണു 
തുറന്നിട്ടില്ല 
ഒരമ്മ കവിത
വരുത്തിയ വിന 

അഞ്ചേരി .. 2017-08-06 09:25:22
കവിത  എഴുതി എഴുതി  തെളിയാൻ  ശ്രമിക്കുക ...  വാക്കുകൾ   തലങ്ങും  വിലങ്ങും..  പ്രയോഗിക്കുബോൾ   സൂക്ഷിച്ചു .... ചേരും  പടി  ചേർത്ത്   എഴുതി  പിടിപ്പിക്കുക ....    അല്ലെങ്കിൽ  ഐസ്  കട്ടയിൽ ( ICE  CUBE ) പെയിന്റ്   ( PAINT ) .അടിച്ചപോലെ  ഇരിക്കും  ആധുനിക  മലയാള  കവിത !!!. .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക