Image

ഫോമാ കേരള കണ്‍വന്‍ഷന് ഒ.എന്‍.വി നഗറില്‍

Published on 04 August, 2017
ഫോമാ കേരള കണ്‍വന്‍ഷന് ഒ.എന്‍.വി നഗറില്‍
തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ ഐക്യബോധത്തിന്റെ പതാക വഹിക്കുന്ന ഫോമാ എന്ന ബഹുജന സംഘടനയുടെ കേരള കണ്‍വന്‍ഷന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ ഒ.എന്‍.വി നഗറില്‍  തുടക്കം. 

കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വന്‍ഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുക.  ജന്മനാടുമായുള്ള അമേരിക്കന്‍ മലയാളികളുടെ പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ 2.30നുള്ള ഉദ്ഘാടന സമ്മേളനം. ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി കണ്‍വന്‍ഷന്‍ സോവനീര്‍ പ്രകാശനം ചെയ്യും. തലസ്ഥാന നഗരകമായ അനന്തപുരിയില്‍ ഫോമായുടെ വരവറിയിച്ചുകൊണ്ടുള്ള ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും നിരന്നുകഴിഞ്ഞു.

മൗന പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ മണ്‍മറഞ്ഞ കവിമാഹാത്മ്യം ഒ.എന്‍.വി കുറുപ്പിനെ അനുസ്മരിക്കും. ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് സ്വാഗതമാശംസിക്കും. തുടര്‍ന്ന് ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി ഫോമാ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട ജില്ലയിലെ പരുമല ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ള അര്‍ഹരായ ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായവും തിരുവനന്തപുരം കിള്ളിയിലെ സ്‌കൂളിലുള്ള ബുദ്ധിവികാസം പ്രാപിക്കാത്ത കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നതാണ്. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, ബി.ജെ.പി സംസ്ഥാന മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍ എന്നിവര്‍ കീനോട്ട് അഡ്രസ് ചെയ്യും. എം.എല്‍.എ മാരായ രാജു എബ്രഹാം, മോന്‍സ് ജോസഫ്, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, അഡ്വ. ഷിബു മണല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഫോമാ ബിസിനസ് മെന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മഹാലക്ഷ്മി സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍  റ്റി.കെ വിനോദ് കുമാറിനും ഫോമ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫോമ മുന്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനും അമേരിക്കന്‍ വ്യവസായിയുമായ ജോണ്‍ ടൈറ്റസിനും  മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയ്, ദത്ത ആന്‍ഡ് കണ്ണന്‍ ആര്‍ക്കിടെക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്ദ്രനീല്‍ ദത്ത, കേരള കണ്‍വന്‍ഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ് എന്നിവരെ ബിസിനസ് നേട്ടങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് നല്‍കി ആദരിക്കും. കേരള കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ കൃതജ്ഞത പ്രകാശിപ്പിക്കും.

വൈകിട്ട് 5.15 മുതല്‍ പൊളിറ്റിക്കല്‍ ഫോറം, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെമിനാറാണ്. പ്രസ്തുത സെമിനാറില്‍ ഫോമാ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍ സ്വാഗതം ആശംസിക്കും. ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സേവി മാത്യു മോഡറേറ്ററായിരിക്കും. മുന്‍ അംബാസിഡര്‍ ഡോ. ടി.പി ശ്രീനിവാസന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജെ പൊന്നച്ചന്‍, മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചന്നംകര കുഞ്ഞ്, ഫോമാ പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്‍മാന്‍ തോമസ് കോശി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഫോമാ നാഷണന്‍ കൗണ്‍സില്‍ അംഗം ജോസഫ് ഔസോ നന്ദി പറയും.

വൈകിട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംഘടനയുടെ ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍ സ്വാഗതമാശംസിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

മുന്‍ എം.പിയും കേരള കോണ്‍ഗ്രസ് ജെ ചെയര്‍മാനുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. വി.എസ് ശിവകുമാര്‍ എം.എല്‍.എ, തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി ഏബ്രഹാം, ചലച്ചിത്ര സംവിധാകന്മാരായ കെ. മധു, ബ്ലസി, മാധ്യമ പ്രവര്‍ത്തകരായ ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി), സന്തോഷ് ജോര്‍ജ് ജേക്കബ്ബ് (മലയാള മനോരമ), കെ.പി.സി.സി ജനറല്‍ സെക്രട്ടറി പന്തളം സുധാകരന്‍, ചലച്ചിത്രനടി പ്രയാഗ മാര്‍ട്ടിന്‍, ചലച്ചിത്ര താരം കൃഷ്ണ പ്രസാദ് എന്നിവര്‍ കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സണ്ണി വള്ളിക്കളം കൃതജ്ഞത പ്രകാശിപ്പിക്കും. തുടര്‍ന്ന് ഡിന്നറും സാംസ്‌കാരിക പരിപാടികളോടെയും കണ്‍വന്‍ഷന് സമാപനം കുറിക്കും.

ഫോമാ കേരള കണ്‍വന്‍ഷന് ഒ.എന്‍.വി നഗറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക