Image

കണ്ണീരൊഴുക്കുന്ന നദികള്‍ - വറുഗീസ് വട്ടശ്ശേരില്‍

Published on 05 March, 2012
കണ്ണീരൊഴുക്കുന്ന നദികള്‍ - വറുഗീസ് വട്ടശ്ശേരില്‍
പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്നു കരയാക്കി, ബ്രാഹ്മണര്‍ക്കു ദാനം കൊടുത്ത ഭൂപ്രദേശം എന്നല്ലേ കേരളത്തെപ്പറ്റി ഐതീഹ്യം! ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടന്ന സാക്ഷാല്‍ കേരളത്തെ വെട്ടിനുറുക്കി, ഭാഷാസംസ്ഥാനം എന്ന പേരില്‍ കടലിന്റെ റാണി കന്യാകുമാരിയെ തമിഴ്‌നാട് വശീകരിച്ചതായി, കണക്കാക്കുന്നതില്‍ തെറ്റില്ല. അതിന്റെ മറ്റൊരു വകഭേദമായിരിക്കില്ലേ, ദേവികളം, മൂന്നാര്‍, പീരുമേട് തുടങ്ങിയ സ്ഥലങ്ങള്‍ക്കുവേണ്ടിയുള്ള അവകാശവാദങ്ങളും! കൂടാതെ കേരളത്തിന്റെ ജീവസ്പന്ദനങ്ങളായ പമ്പയേയും, അച്ചന്‍കോവിലാറിനെയും വെട്ടി ഗതി മാറ്റി തമിഴ്‌നാട്ടിലൂടെ ഒഴുക്കാനുള്ള സുപ്രീം കോടതിയുടെ പുതിയ നീക്കം നിസ്സാരമായി എങ്ങനെ കാണാന്‍ കഴിയും..! ഇതിന്റെ പിന്നിലുള്ള ചേതോവികാരം തമിഴ്‌നാടിന്റെ തന്നെയല്ലേ!

നദികളുടെ ഒഴുക്ക് പ്രകൃതിദത്തമാണ്..! പ്രകൃതി തന്നെയല്ലേ ഈശ്വരന്‍ ! സഹ്യനില്‍ നിന്നൊഴുകുന്ന നദികളും, പോഷകനദികളും പ്രകൃതിനിയമം പോലെ ഒഴുകാന്‍ അനുവദിക്കൂ! അവ കേരളത്തിനു പ്രകൃതി സമ്മാനിച്ച സമ്പത്തിന്റെ ഭാഗമാണ്. അവ മറ്റൊരു സംസ്ഥാനത്തിനു കൂടി വീതിച്ചു കൊടുത്ത്, കേരളത്തെ ഇല്ലാതാക്കാനുള്ള ശ്രമം സുതാര്യമാണോ?

ഇന്നിപ്പോള്‍ മുല്ലപ്പെരിയാറാണ് താരം! അണപൊട്ടുമെന്നും, ഇല്ലെന്നും കലശലായ തര്‍ക്കം! പൊട്ടിയാല്‍ , കേരളത്തിന്റെ, നെല്ലറയായ കുട്ടനാടുള്‍പ്പെടെ മുങ്ങിതാഴും എന്നു കേരളം! പൊട്ടില്ലെന്ന് തമിഴ്‌നാട്!പൊട്ടിയാലും, പൊട്ടിയില്ലെങ്കിലും, തമിഴ്‌നാട് വരളാതിരിക്കാന്‍ , അവര്‍ക്കു വേണ്ടത്ര വെള്ളം തന്നെ വേണം, അതി തമിഴ്‌നാടിന്റെ വാശി!

ഒരു കാര്യം ഗൗരവമായി ചിന്തിക്കുന്നത് നല്ലതുതന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ചുണ്ണാമ്പും ശര്‍ക്കരയുമിട്ടു കെട്ടിയ അണ, എപ്പോള്‍ വേണമെങ്കിലും പൊട്ടാം! പൊട്ടിയാല്‍ ആര്‍ക്കാണ്, ഏറ്റവും വിപത്ത്! തമിഴ്‌നാടിനോ, കേരളത്തിനോ? അപ്പോള്‍ പിന്നെ സ്വരം നല്ലപ്പഴേ പാട്ടു നിര്‍ത്തി, സ്വന്തം പോക്കറ്റില്‍ നിന്ന് ചിലവാക്കിയാലും, പുതിയ അണകെട്ടുന്നല്ലേ, കേരളത്തെ സംബന്ധിച്ച് ബുദ്ധി.

സദാംഹുസൈന്റെ കാലത്തെ, യൂഫ്രെറ്റ്‌സ്, നദിയുടെ സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിന് എന്ന് തോന്നിപ്പോകുന്നു.! ബാസ്രായിലെ ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളെ, വരള്‍ച്ചയുടെ വായിലേക്ക് എറിഞ്ഞു കൊണ്ട്, പ്രതികാരദാഹിയായി, സദാം യൂഫ്രെറ്റ്‌സിന്റെ ഗതി തിരിച്ചുവിട്ടില്ലേ? പ്രകൃതി മനുഷ്യന്, നിര്‍ലോഭം ഐശ്വര്യം ചൊരിയുന്നു, എന്നാല്‍ മനുഷ്യന്‍ പ്രകൃതിയെ സ്വന്തം സുഖത്തിനും, സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കും വേണ്ടി ബലികഴിക്കുന്നു! ഭൂഗോളം നശിച്ചുകൊണ്ടേയിരിക്കുന്നു! ആഗോള കാലാവസ്ഥ വ്യതിയാനം, അതല്ലേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളി!

നാം കണ്ണുതുറക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ പരിരക്ഷിക്കുക. ജലം, വനം, വന്യമൃഗങ്ങള്‍ എന്നീ ഘടകങ്ങളാണ്, പ്രകൃതിയുടെ പ്രധാന സംരക്ഷകര്‍! എന്നാല്‍ നാം തന്നെ പ്രകൃതിയുടെ ശത്രുക്കളായി മാറികൊണ്ടിരിക്കുന്നു. അതിനുദ്ദാഹരണങ്ങളാണല്ലോ, നദിയില്‍ നിന്നുള്ള അശാസ്ത്രീയ മണല്‍ വാരല്‍ , മാലിന്യ നിക്ഷേപം, വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കല്‍ , വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യല്‍, എന്നിവ.

ഭാരതം, ഭൂപ്രകൃതി കൊണ്ട് ഓരോ സംസ്ഥാനങ്ങളും, വിഭിന്നമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അതാതിന്റെ പരിമിതികളുണ്ട്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയോ, പോരാതെ വന്നാല്‍ , അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്, ന്യായവില നല്‍കി വാങ്ങുന്നതുമല്ലേ ഉത്തമം! അതിനാല്‍ , കേന്ദ്രഭരണകൂടം, സംസ്ഥാനങ്ങളെ ഒരേ മാനദണ്ഡത്തില്‍ കണ്ട് കാര്യങ്ങള്‍ക്ക്, തീര്‍പ്പു കല്‍പ്പിക്കാവൂ എന്ന് കേരളീയരായ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു!

പരിസ്ഥിതിയെപ്പറ്റി, നാം വിലപിക്കുന്നതിലേറെ, പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും തന്നെ നന്ന്! മാലിന്യ നിര്‍മ്മാജനത്തെപ്പറ്റി നാം വാചാലാരാകുന്നു. നമ്മുടെ പ്രകൃതി സമ്പത്തിനെ ചൂഷണം ചെയ്യുന്നവര്‍ ആരാണ്? നാം തന്നെ! എന്തുകൊണ്ട്? ശാന്തമായി ആലോചിക്കൂ! ഉത്തരം നമ്മില്‍ തന്നെയുണ്ട്, നമ്മുടെ സ്വാര്‍ത്ഥത! സ്വാര്‍ത്ഥതവെടിയൂ! ഐശ്വര്യ സമൃദ്ധമായ ഒരു നല്ല നാളയെ നമ്മുക്കു കെട്ടിപടുക്കാം!അതായിരിക്കട്ടെ, ഭാരതമെന്ന പേരില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യം!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക