Image

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ്‌ പൂട്ടി; ഇന്നുമുതല്‍ സിനിമയില്ല

Published on 05 August, 2017
ദിലീപിന്റെ ഉടമസ്ഥതയിലുള്ള  ഡി സിനിമാസ്‌ പൂട്ടി; ഇന്നുമുതല്‍ സിനിമയില്ല

നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള മള്‍ട്ടിപ്ലെക്‌സ്‌ തീയേറ്റര്‍ ഡി സിനിമാസ്‌ അടച്ചുപൂട്ടി. ഇന്നുമുതല്‍ ഇവിടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചത്‌ ചൂണ്ടിക്കാട്ടിയാണ്‌ തീയേറ്റര്‍ അടയ്‌ക്കണമെന്ന്‌ നഗരസഭ നിര്‍ദേശിച്ചത്‌.


ഇന്നലെ വൈകിട്ട്‌ ആറരയോടെ നഗരസഭാ അധികൃതര്‍ നേരിട്ടെത്തിയാണ്‌ തീയേറ്റര്‍ അടപ്പിച്ചത്‌. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ്‌ വഴി നേരത്തേ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നതിനാല്‍ ഇന്നലത്തെ ഫസ്റ്റ്‌, സെക്കന്റ്‌ ഷോകള്‍ നടത്താന്‍ നഗരസഭ അനുവദിച്ചു. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ്‌ അറസ്റ്റിലായതിന്‌ പിന്നാലെ ഡി സിനിമാസ്‌ നില്‍ക്കുന്ന ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ഥലം കയ്യേറിയതല്ലെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം ദിലീപിനെതിരേ ബലാത്സംഗം, ഗൂഢാലോചന, തെളിവ്‌ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത്‌ കുറ്റപത്രം തയ്യാറാക്കാന്‍ ഒരുങ്ങുകയാണ്‌ പൊലീസ്‌.  പുതിയ അഭിഭാഷകന്‍ വഴി ദിലീപ്‌ ഹൈക്കോടതിയിലേക്ക്‌ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്‌. തിങ്കളാഴ്‌ചയാവും അഡ്വ: ബി.രാമന്‍പിള്ള മുഖേന ദിലീപ്‌ ഹൈക്കോടതിയെ സമീപിക്കുക.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക