Image

ഇരട്ട പൗരത്വം നടക്കാനിടയില്ലെന്നു ടി.പി ശ്രീനിവാസന്‍

Published on 05 August, 2017
ഇരട്ട പൗരത്വം നടക്കാനിടയില്ലെന്നു  ടി.പി ശ്രീനിവാസന്‍
തിരുവനന്തപുരം: ഫോമ അടക്കമുള്ള സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഇരട്ട പൗരത്വം. ഇതു നടക്കാനിടയില്ലെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) കേരള കണ്‍വന്‍ഷന്‍ പൊളിറ്റിക്കല്‍ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇതിനു നിയമപരമായ തടസങ്ങളുണ്ട്. ഭരണഘടനയില്‍ ഭേദഗതി വേണ്ടിവരും. ലോകത്ത് നാലോ അഞ്ചോ രാജ്യങ്ങള്‍ മാത്രമേ ഇരട്ടപൗരത്വം അനുവദിക്കുന്നുള്ളൂ. രണ്ടു രാജ്യത്തോടുള്ള കൂറ്, വോട്ടിങിലെ പ്രശ്‌നങ്ങള്‍ ഇതെല്ലാം ഉയര്‍ന്നുവരും.

നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത ഒരു പ്രധാന തീരുമാനമാണു പ്രോക്‌സി വോട്ട്. മുന്‍പു വോട്ടു ചെയ്യാന്‍ പ്രവാസികള്‍ക്കു നാട്ടില്‍ വരണമായിരുന്നു. ഇനി അവര്‍ക്ക് എംബസികളില്‍ വോട്ടു ചെയ്യാം

പ്രവാസിക്ഷേമത്തില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണ്. അതിനാല്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. നെഹ്‌റുപോലും പറയാത്ത മൂന്നു കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നി പറയുന്നത്. ഒന്നു വികസനം, രണ്ടു രാജ്യസുരക്ഷ, മൂന്നു പ്രവാസി ക്ഷേമം. മോദി പ്രധാനമന്ത്രിയായശേഷം അന്‍പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ മൂന്നു കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ലാതെ ഒരു രാജ്യംപോലും സന്ദര്‍ശിച്ചിട്ടില്ല എന്നതു പരിശോധിച്ചാല്‍ വ്യക്തമാകും.

അമേരിക്കയില്‍ താമസിക്കുന്ന മലയാളികളുടെ ഭാവി അവിടെ തന്നെയാണെന്നു ടി.പി ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യന്‍ സഹായം ആവശ്യപ്പെടുന്നതിനേക്കാള്‍ കൂടുതലായി അമേരിക്കന്‍ നേതൃത്വത്തിനു മലയാളികള്‍ പ്രാധാന്യം നല്‍കണം.

ഇന്ത്യക്കാര്‍ക്കുനേരെ ചില ആക്രമണങ്ങള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുണ്ട്. അവിടെ അന്തരീക്ഷത്തില്‍ ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. വെളുത്തവരെ മതി എന്ന കാഴ്ചപാട് വര്‍ധിച്ചു. ഇത് അപകടമാണ്. പക്ഷേ, ട്രംപ് അധികാരത്തില്‍ വന്ന ശേഷം സ്ഥിതി മാറിയിട്ടുണ്ട്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകാന്‍ പോകുന്നില്ല.

ട്രംപിന് ഭ്രാന്തമായ അവേശം ഉണ്ട്. ആ ഭ്രാന്തിന് പ്രത്യേക ഉദ്ദേശ്യമുണ്ട്. ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ ട്രംപ് ശ്രദ്ധാലുവാണെന്നും ടിപി ശ്രീനിവാസന്‍ പറഞ്ഞു.

വൈ ടു കെ പ്രതിസന്ധി ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നു സാഹചര്യം മാറി. സൈബര്‍ യുദ്ധത്തിനെക്കുറിച്ചാണ് ഇന്ന്ചര്‍ച്ച. ഒരു രാജ്യത്തെ തകര്‍ക്കാന്‍ കപ്യൂട്ടറിനെയാണു തകര്‍ക്കേണ്ടത് എന്നതാണു കാഴ്ചപാട്.

സൈബര്‍ യുദ്ധത്തിനു വേണ്ട ഐടി പ്രൊഫഷണലുകളെയാണ് അമേരിക്കയ്ക്ക് ആവശ്യം. എച്ച്1-ബി വിസ ഇല്ലാത്ത സാഹചര്യം ഉണ്ടാകില്ലെന്നും ടി.പി ശ്രീനിവാസന്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ് ടി. ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ഒ.സി.ഐ.കാര്‍ഡ് എന്ന ആവശ്യം നടന്നതു പോലെ ഇരട്ട പൗരത്വവും ഒരിക്കല്‍നടപ്പാവുമെന്ന് തോമസ് ടി ഉമ്മന്‍ പ്രത്യാശിച്ചു

ജോസി കുരിശുങ്കല്‍ സ്വാഗതവും ജോസഫ് ഔസോ നന്ദിയും പറഞ്ഞു.
മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്,  
മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, തോമസ് കോശി തുടങ്ങിയവര്‍ സംസാരിച്ചു.
ഇരട്ട പൗരത്വം നടക്കാനിടയില്ലെന്നു  ടി.പി ശ്രീനിവാസന്‍
Join WhatsApp News
sudhir panikkaveetil 2017-08-05 08:01:56
ഇപ്പോൾ പ്രായമായിക്കൊണ്ടിരിക്കുന്ന ഭാരതീയർക്ക് എന്തിനാണ് ഇവിടെയും അങ്ങ് ഭാരതത്തിലും പൗരത്വം. ഇവിടത്തെ ജീവിതം കഴിഞ്ഞാൽ പിന്നെ പരലോകത്ത് ഒരു പൗരത്വത്തിനു ശ്രമിക്കുന്നതിൽ യുക്തിയുണ്ട്.  ഇവിടെ തന്നെ ജീവിക്കാൻ സമയമില്ലാത്തപ്പോൾ എന്തിനു വേറൊരു രാജ്യത്ത് പൗരത്വം. ടി.പി. ശ്രീനിവാസൻ നിയമം പറഞ്ഞതാകാം പക്ഷെ സത്യത്തിൽ ഒരു സാധാരണ മനുഷ്യന് രണ്ട് രാജ്യത്തെ
 പൗരത്വത്തിന്റെ ആവശ്യമുണ്ടോ? ഇപ്പോൾ ഉള്ള ഓ.സി. ഐ കാർഡ് കൊണ്ട് അത്യാവശ്യ കാര്യങ്ങൾ നടക്കുമല്ലോ? അതായത് നാട്ടിൽ താമസിക്കാം, സ്വത്തു കൈവശം വയ്ക്കാം,ബാങ്ക് അക്കൗണ്ട്. തുറക്കാം, അങ്ങനെ. പുതിയ തലമുറക്കാർ ഇവിടെ ജനിച്ചവർ അവർ ഇതിന്റെ പുറകെയൊന്നും പോകില്ല.  ഇരട്ട പൗരത്വത്തേക്കാൾ നാട്ടിൽ പോകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ബുധ്ധിമുട്ടുകൾ ( നാട്ടിലെ ഹർത്താൽ, എന്തെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ കിട്ടാനുള്ള പ്രയാസം) എളുപ്പമാക്കാൻ  ശ്രമിക്കയാണ് വേണ്ടത്.
PT Kurian 2017-08-05 08:59:28
TP Srinivasan is right. I know him for the past two decades.  Why are you harping on duel citizenship.
and other insignificant matters;

If you are an Indian American focus on American Politics and be a part of that, if possible.
James Mathew, Chicago 2017-08-05 10:21:10
രണ്ട് വഞ്ചിയിൽ കാലിടുന്ന സ്വഭാവം എന്ന് മലയാളി നിറുത്തുന്നുവോ അന്ന് അവനു
സമാധാനം ഉണ്ടാകും. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന മനുഷ്യർക്ക് എന്തിനു രണ്ട് രാജ്യത്തെ പൗരത്വം.  എവിടെ ജീവിക്കുന്നുവോ അവിടെ നന്നായി ജീവിക്കുക. ഇനിയിപ്പോൾ സൂത്രശാലിയായ മോഡി ഇതനുവദിച്ചാൽ ഇവിടെ സമ്പാദിക്കുന്ന പണത്തിനു അയാൾ ടാക്സ് ചോദിക്കും. അപ്പോൾ അതിനു വേണ്ടി യുദ്ധം. വേലിയിലിരിക്കുന്ന പാമ്പിനെ പാന്റിനുള്ളിൽ വയ്ക്കുന്നത് എന്തിനു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക