Image

ഹൃദയങ്ങള്‍ തമ്മിലുള്ള മറയില്ലാത്ത വേഴ്ചയിലൂടെ സൗഹൃദങ്ങള്‍ വീണ്ടെടുക്കാം (ജയന്‍ കൊടുങ്ങല്ലൂര്‍)

Published on 05 August, 2017
ഹൃദയങ്ങള്‍ തമ്മിലുള്ള മറയില്ലാത്ത വേഴ്ചയിലൂടെ സൗഹൃദങ്ങള്‍ വീണ്ടെടുക്കാം (ജയന്‍ കൊടുങ്ങല്ലൂര്‍)
ആഗസ്റ്റ് 6 സൗഹൃദ ദിനം... സൗഹൃദത്തെ കുറിച്ച് ഗൗതമബുദ്ധന്‍ പറഞ്ഞു ആത്മാര്‍ത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാള്‍ ഭയാനകമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാല്‍ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും മുഹമ്മദ് നബി പറഞ്ഞത് ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരി വാഹകനെ പോലെയാണ്. അവനില്‍ നിന്ന് നിനക്കത് വാങ്ങാം. അല്ലെങ്കില്‍ അതിന്റെ പരിമളം നിനക്കനുഭവിക്കാം. ചീത്തകൂട്ടുകാരന്റെ ഉപമ ഉലയില്‍ ഊതുന്നവനെ പോലെയാണ്. നിന്റെ വസ്ത്രം അവന്‍ കരിക്കും. അല്ലെങ്കില്‍ അതിന്റെ ദുര്‍ഗന്ധം ഏറ്റുവാങ്ങേണ്ടി വരും.

ജീവിതത്തില്‍ എന്ത് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും, കൂടെ നില്‍ക്കാന്‍ എന്നും നല്ല സൗഹൃദങ്ങള്‍ കാണും. വീട്ടുകാര്‍ പോലും, തള്ളിപ്പറയുന്ന പല സാഹചര്യങ്ങളിലും കൂടെനില്‍ക്കാന്‍ നല്ല സുഹൃത്തുക്കള്‍ ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്.എന്നാല്‍ സൗഹൃദം ഉണ്ടാക്കിയാല്‍ മാത്രം പോരാ, ഇഴ പിരിയാതെ അത് സംരക്ഷിക്കാനും നമുക്കാവണം.ഹൃദയങ്ങള്‍ തമ്മിലുള്ള മറയില്ലാത്ത വേഴ്ചയിലൂടെയാണ് സൗഹൃദങ്ങള്‍ രൂപപ്പെടുന്നത്. സ്‌നേഹത്തില്‍ ചാലിച്ചെടുത്ത മാനുഷിക ബന്ധങ്ങളും സൗഹൃദ് ബന്ധങ്ങളും ഇല്ലെങ്കില്‍ ഈ ഭൂമി വികൃതമാകുന്നു. സംഘര്‍ഷങ്ങളുടെ ലോകത്ത് മനുഷ്യന്റെ ചെറുത്ത് നില്‍പ്പ് തന്നെ സാധ്യമാകുന്നത് തന്നെ ഒരു പക്ഷെ, സ്‌നേഹബന്ധങ്ങളുടെയും സൗഹൃദങ്ങളൂടെയും കരുത്തിലാണ്. സത്യത്തില്‍ ഹൃദയത്തിന്റെ മുഴുവന്‍ അറകളും അപരനു മുന്നില്‍ തുറക്കപ്പെടുമ്പോഴാണ് സൗഹൃദങ്ങളുടെ ഉല്‍കൃഷ്ട ഭാവങ്ങള്‍ തുറക്കപ്പെടുന്നത്. എന്നാല്‍ എവിടെ ബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ പച്ചത്തുരുത്തുകള്‍ ഇല്ലാതാവുന്നുവോ അവിടെ ലോകം കറുത്തു തുടങ്ങുന്നു. പരിസരം സംഘര്‍ഷഭരിതമാകുന്നു. ജീവിതം അര്‍ത്ഥമില്ലാത്തതായി മാറുന്നു.

കൂട്ടായ്മയുടെയും ഭൗതീക സംഗമങ്ങളുടെയും ഇടങ്ങള്‍ കുറഞ്ഞുവരുന്ന പുതിയ ലോകത്ത് സൗഹൃദങ്ങള്‍ പുതിയ നെറ്റ് വര്‍ക്കുകള്‍ തേടുകയാണ്. അതോടെ എല്ലാവരും തിരക്കിന്റെ ലോകത്തായിരിക്കുന്നു. സമയത്തിന്റെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ അങ്ങാടിയിലോ ബസ്സ്റ്റാന്റിലോ വെച്ചുള്ള ആകസ്മിക കാഴ്ചകള്‍ക്കിടയിലെ കൈവീശലുകളിലും ബൈക്ക് യാത്രക്കിടയിലെ ഹോര്‍ണുകളിലുമൊക്കെയായി പരിമിതപ്പെട്ടിരിക്കുകയാണ് ഇന്നത്തെ വ്യക്തിബന്ധങ്ങള്‍. ആര്‍ക്കും ആരെയും കാത്തുനില്‍ക്കാന്‍ നേരമില്ല. കൂട്ടിരിക്കാനോ കുശലം പറയാനോ നേരമില്ല. കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച് അണുകുടുംബങ്ങളായി പരിണമിച്ചപ്പോള്‍ മാനുഷിക ബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലുകള്‍ ഇല്ലാതായി. മക്കള്‍ക്ക് കുടുംബ ബന്ധുക്കളെ തിരിച്ചറിയാതെ പോയി. അവിടെയൊക്കെ നേരത്തെ പറഞ്ഞപോലെ നെറ്റ് വര്‍ക്കുകള്‍ തീര്‍ക്കുന്ന ബന്ധമെങ്കിലും ബാക്കിയുണ്ടെന്നതാണ് ആശ്വാസം. ഇല്ലായ്മയുടെ കാലത്ത് പങ്കുവെയ്പിന്റെ ആസ്വാദ്യകരമായ, മധുരകരമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ അയല്‍ബന്ധങ്ങള്‍ അകലം പാലിക്കപ്പെടുന്നു. ഇതിന്റെ പ്രത്യക്ഷ സൂചകങ്ങളാണ് പുതുതായി ഉയര്‍ന്നുവരുന്ന വീടുകളും മതില്‍കെട്ടുകളും. അതോടൊപ്പം സഹോദരങ്ങളും മക്കളും അമ്മയും അമ്മുമയും ഒന്നിച്ചിരുന്ന് കുടുംബകാര്യങ്ങള്‍ പങ്കുവെക്കുന്നതും ആശകളും പ്രതീക്ഷകളും കൈമാറുന്നതും ഇന്ന് ഓര്‍മ്മ മാത്രമായി. സൗഹൃദങ്ങളില്‍ നല്ല കേള്‍വിക്കാരാവുക എന്നത് വളരെപ്രധാനമാണ്. നിങ്ങളോട് നിങ്ങളുടെ സുഹൃത്ത് പറയുന്നത് അവന്റെ വീട്ടിലെ പ്രശ്‌നങ്ങളോ, പ്രണയമോ, ജോലി ഭാരമോ എന്തും ആകട്ടെ, അത് ക്ഷമയോടെ കേട്ട് മറുപടി നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.

ഏകദേശം ഒരേ സ്വഭാവമുള്ള സുഹൃത്തുക്കളുടെ സൗഹൃദം ഏറെക്കാലം നീണ്ടു നില്‍ക്കും. തന്റെ താല്‍പര്യങ്ങള്‍ക്ക് സമാനമായ സ്വഭാവമുള്ള ആളുകളെ സുഹൃത്താക്കാന്‍ ശ്രമിക്കുക . മദ്യപിയ്ക്കാനോ അല്ലെങ്കില്‍ കാര്‍ യാത്ര തരപ്പെടുത്തുവാനോ മാത്രമുള്ള സൗഹൃദങ്ങള്‍ നില നില്‍ക്കില്ല.നല്ല സൗഹൃദം സൃഷ്ടിക്കുന്നതില്‍ പരമ പ്രധാനമാണ്, സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുക എന്നത്. അത് നേരിട്ടോ, ഫോണിലോ ചാറ്റിലോ എങ്ങനെയുമാകാം കാര്യം സുഹൃത്തുക്കള്‍ ഒക്കെതന്നെ, പക്ഷെ അവര്‍ക്ക് അവരുടെതായ വ്യക്തിത്വം ഉണ്ടെന്നും അവര്‍ വ്യത്യസ്ത വ്യക്തികളാനെന്നും അറിയുക. അവരുടെ സ്വകാര്യതകളിലേക്ക് സൌഹൃടത്തിന്റെപെരും പറഞ്ഞ് ഇടിച്ചു കയറുന്നത് ശരിയല്ല. സുഹൃത്തുക്കളുടെ സ്വകാര്യതയെ മാനിക്കുക എന്നത് ഏറെ പ്രധാനമാണ്. സത്യം സുഹൃത്തുക്കളോട് എപ്പോഴും സത്യം മാത്രം പറയുക. കള്ളം പറഞ്ഞത് ഭാവിയില്‍ നിങ്ങളുടെ സുഹൃത്ത് അറിയാനിടയായാല്‍ ഇതുമതി വിശ്വാസം പോകാന്‍. ഈഗോ സൗഹൃദത്തിന് മുറിവേല്‍പ്പിയ്ക്കുന്ന വലിയൊരു ഘടകമാണ് ഈഗോ. നല്ല സൗഹൃദത്തില്‍ ഈഗോയ്ക്ക് സ്ഥാനമില്ല. കൂട്ടുക്കാരെ ആപത്തില്‍ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്. പക്ഷെ തിരിച്ചു കിട്ടും എന്ന് കരുതി ഒരിക്കലും സഹായം ചെയ്യാന്‍ നില്‍ക്കരുത്. അറിഞ്ഞോ അറിയാതയോ എന്തെങ്കിലും തെറ്റ് ചെയ്തു പോയാല്‍ മാപ്പു പറയാന്‍ മടിക്കരുത്. അത് പോലെതന്നെ, കൂട്ടുകാരുടെ തെറ്റുകള്‍ ക്ഷമിക്കുകയും ചെയ്യുക ഇത്രയും കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ സൗഹൃദം എന്നും നിലനില്‍ക്കും.......ഒരു പുഷ്പമുണ്ടെങ്കില്‍ എനിക്ക് പൂങ്കാവനമായി. ഒരു സുഹൃത്തുണ്ടെങ്കില്‍ ലോകവും.സൗഹൃദം നീണാള്‍ വാഴട്ടെ.......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക