Image

കേരളത്തനിമയില്‍ മിസ്സിസാഗ കത്തീഡ്രലില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 06 August, 2017
കേരളത്തനിമയില്‍ മിസ്സിസാഗ കത്തീഡ്രലില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം
മിസ്സിസാഗ: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലെ പ്രഥമ തിരുനാളാഘോഷത്തില്‍ പങ്കെടുക്കാന്‍ കൂട്ടമായെത്തിയ വിശ്വാസികള്‍ കാനഡയിലെ സിറോ മലബാര്‍ സമൂഹത്തിനുതന്നെ ആവേശം പകരുന്നതായി. കേരളീയ വേഷമണിഞ്ഞ് പുരുഷന്മാരും കസവണിഞ്ഞ് സ്ത്രീകളും കുട്ടികള്‍ക്കൊപ്പം പ്രദക്ഷിണത്തില്‍ അണിചേര്‍ന്നപ്പോള്‍ പള്ളിയും പരിസരവും അക്ഷരാര്‍ഥത്തില്‍ "ഭരണങ്ങാന'മായി. രൂപങ്ങളും മുത്തുക്കുടയുമെല്ലാമേന്തി പള്ളിക്കുചുറ്റും നടത്തിയ പ്രദക്ഷിണം പ്രദേശവാസികളിലും അതുവഴി കടന്നുപോയവരിലും ഏറെ കൗതുകമുണര്‍ത്തി.

പേപ്പല്‍ പതാകയിലെ നിറങ്ങളായ വെള്ളയും മഞ്ഞയും തോരണങ്ങളാല്‍ അലംകൃതമായിരുന്നു ദേവാലയവും പരിസരവും. എറണാകുളം ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കുന്ന പ്രതീതിയുണര്‍ത്തുന്നു എന്ന വാക്കുകളോടെയാണ് ആരാധനാലയം സ്വന്തമായശേഷമുള്ള ആദ്യ തിരുനാളാഘോഷത്തിന് കത്തീഡ്രലില്‍ നിറഞ്ഞ വിശ്വാസസമൂഹത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിസംബോധന ചെയ്തത്.

"അല്‍ഫാന്‍സാമ്മേ പ്രാര്‍ഥിക്കണേ, സ്വര്‍ഗസുമങ്ങള്‍ പൊഴിക്കണമേ' തുടങ്ങിയ ഗാനങ്ങളുമായി ഗായകസംഘം തിരുനാളിനെ ഭക്തിസാന്ദ്രമാക്കിയപ്പോള്‍, കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ തോമാശ്‌ളീഹായുടെയും സെബസ്ത്യാനോസ് പുണ്യാളന്റെയും ചാവറയച്ചന്റെയും യൗസേപ്പിതാവിന്റെയും മാതാവിന്റെയും അല്‍ഫോന്‍സാമ്മയുടെയും രൂപങ്ങളുമേന്തിയും പ്രാര്‍ഥനകള്‍ ഉറക്കെച്ചൊല്ലിയുമായിരുന്നു പ്രദക്ഷിണം. സെന്റ് ആന്‍സ്, സെന്റ് ആന്റണി, സെന്റ് അഗസ്റ്റിന്‍, സെന്റ് കാതറൈന്‍, സെന്റ് ചാവറ, സെന്റ് ക്‌ളെയര്‍, സെന്റ് ഡോണ്‍ ബോസ്‌കോ, ഫാത്തിമ മാതാ, സെന്റ് ഫ്രാന്‍സിസ്, സെന്റ് ജോര്‍ജ്, ഹോളി ഫാമിലി, സെന്റ് ജെറോം, സെന്റ് ജോസഫ്, സെന്റ് ജൂഡ്, സെന്റ് മേരി, സെന്റ് മൈക്കിള്‍, മതര്‍ ഓഫ് പെര്‍പച്വല്‍ ഹെല്‍പ്, സെന്റ് പീറ്റര്‍, സെന്റ് തോമസ് എന്നീ കുടുംബയൂണിറ്റുകളുടെ ബാനറിലാണ് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കാളികളായത്. നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗങ്ങളും അണിചേര്‍ന്നു.

കര്‍ദിനാളിനൊപ്പം ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരും വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി. കത്തീഡ്രല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ടെന്‍സണ്‍ താന്നിക്കല്‍ എന്നിവരും പ്രസുദേന്തിമാരും കൈക്കാരന്മാരും നേതൃത്വം നല്‍കി.

ഈശോയുടെ സഹനത്തിന്റെ അര്‍ഥം മനസിലാക്കി സ്വന്തം ജീവിതത്തില്‍ അത് ഏറ്റെടുക്കുന്‌പോള്‍ നാം എല്ലാവരും വിശുദ്ധിയിലേക്ക് ഉയരുമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദൈവഹിതമാണ് നടക്കുന്നതെന്ന വിശ്വാസത്തോടെ സഹനങ്ങള്‍ ഏറ്റെടുത്തു മരിക്കുന്നവരാണ് വിശുദ്ധര്‍. പണമുണ്ടായി, വീടായി, മക്കളെല്ലാം ഉദ്യോഗത്തിലായി എന്ന നിലയില്‍ മാത്രമാണ് ദൈവം അനുഗ്രഹിച്ചു എന്നു പലരും കരുതുന്നത്. എന്നാല്‍, ഏത് ജീവിതാവസ്ഥയിലും മനസമാധാനവും സന്തോഷവും ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹം. വേറിട്ടുനിന്നാല്‍ നാം എന്തു നേടും. സഭയോട് ചേര്‍ന്നുനിന്നുവേണം ജീവിതത്തെ ധന്യമാക്കാന്‍. മക്കളെയും യുവജനങ്ങളെയും ശരിയായ ശിക്ഷണത്തോടെ വേണം ദേവാലയത്തില്‍ കൊണ്ടുവരേണ്ടത്. വീട്ടില്‍ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കണം. സഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവരെ പ്രാപ്തരാക്കണം. അല്‍ഫോന്‍സാമ്മ ലോകവും മനുഷ്യരും കൊടുത്ത സഹനങ്ങളേറ്റെടുത്തു; വെറുപ്പും വിദ്വേഷവുമില്ലാതെ. അല്‍ഫോന്‍സാമ്മയെപ്പോലെ സഹനത്തില്‍ ശക്തി സംഭരിക്കാന്‍ കഴിയണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി.

കാനഡയിലെ സിറോ മലബാര്‍ എക്‌സാര്‍ക്കേറ്റിന്റെ കീഴിലുള്ള ഡിവൈന്‍ അക്കാദമി ഒരുക്കിയ സര്‍ഗസന്ധ്യ സ്‌റ്റേജ്‌ഷോയില്‍ അവതരിപ്പിച്ച ദ് എക്‌സഡസ്, സര്‍ക്കിള്‍ ഓഫ് ലൈഫ് എന്നിവയുടെ ഡിവിഡി പ്രകാശനവും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നിര്‍വഹിച്ചു.
കേരളത്തനിമയില്‍ മിസ്സിസാഗ കത്തീഡ്രലില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷംകേരളത്തനിമയില്‍ മിസ്സിസാഗ കത്തീഡ്രലില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക