Image

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം: ഒമാനില്‍ വിപുലമായ പരിപാടികള്‍

Published on 06 August, 2017
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം: ഒമാനില്‍ വിപുലമായ പരിപാടികള്‍

മസ്‌കറ്റ്: സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാള്‍ ഒമാനില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നു ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വര്‍ഷം മുഴുവന്‍ നീളുന്ന പരിപാടികളില്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടുന്നതായിരിക്കും പരിപാടികളെന്ന് സ്ഥാനപതി പറഞ്ഞു. ഇക്കാലഘട്ടത്തില്‍ രാജ്യം അഭിമുഖീകരിച്ച വെല്ലുവിളികളും എടുത്തുകാട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരികസംഗീത പരിപാടികള്‍, സെമിനാറുകള്‍, പ്രബന്ധ, ചിത്ര രചനാ മല്‍സരങ്ങള്‍ എന്നിവ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെയും, വിവിധ ഇന്ത്യന്‍ സ്‌കൂളുകളുടെയും സഹകരണത്തോടെ നടത്തും. ഇവയ്ക്കു പുറമെ സോഷ്യല്‍ ക്ലബ്ബുകളും, സ്‌കൂളുകളും സ്വന്ത നിലക്കുള്ള പരിപാടികളും സംഘടിപ്പിക്കും.

ഇന്ത്യ @ 70 എന്ന പേരില്‍ നടത്തപ്പെടുന്ന പരിപാടികള്‍ വഴി സ്വാതന്ത്ര്യത്തിന്റെ എഴുപതാമത് വാര്‍ഷികത്തിന്റെ പ്രാധാന്യം പരമാവധി ഇന്ത്യക്കാര്‍ക്കും , സ്വദേശികള്‍ക്കും മനസ്സിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം.

ഓഗസ്റ്റ് പതിനഞ്ചിനു ഒമാന്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ സ്ഥാനപതി വിവിധ രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചു നടത്തുന്ന വിരുന്നില്‍ ദിനേശ് പൊദറിന്റെ കഥക് നൃത്തം അവതരിപ്പിക്കപ്പെടും. ഗുരു തനുശ്രീ ശങ്കര്‍ നേതൃത്വം നല്‍കുന്ന സമകാലീന ഇന്ത്യന്‍ നൃത്ത രൂപങ്ങളും, കഥക് നൃത്തവും മസ്‌കറ്റ്, സോഹാര്‍, സലാലാ, സൂര്‍ എന്നിവിടങ്ങളില്‍ അവതരിപ്പിക്കും.കഥക് ഗ്രൂപ്പിന്റെ പ്രകടനങ്ങള്‍ യഥാക്രമം ആഗസ്റ്റ് 16 സലാല ക്രൗണ്‍ പ്ലാസ ഹോട്ടല്‍, പതിനെട്ടിന് നിസ്വ ഗോള്‍ഡന്‍ തുലിപ് ഹോട്ടല്‍, ഇരുപതിന് സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാള്‍ എന്നിവിടങ്ങളിലായിരിക്കും.സ്ഥാനപതി കാര്യാലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സെക്കന്റ് സെക്രട്ടറി ശശി ഗാക്കറും സന്നിഹിതയായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക