Image

വന്മതിലിനപ്പുറത്ത് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 4: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)

Published on 06 August, 2017
വന്മതിലിനപ്പുറത്ത് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 4: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
വീണ്ടും ഞങ്ങള്‍ ചൈനയിലേക്ക് തന്നെ മടങ്ങുകയാണ്. ഇത്തവണ ഞങ്ങളുടെ ലക്ഷ്യം ബെയ് ജിങ്ങും ഷാങ്ങ്ഹായുമാണ്. രാത്രി 9.30-നു കപ്പല്‍ സൗത്ത് കൊറിയയുടെ കടല്‍തീരം വിട്ടു. ഇനിയും രണ്ട് ദിവസത്തെ കപ്പല്‍ സഞ്ചാരത്തിനുശേഷമാണ് ബെയിജിങ്ങ് തുറമുഖത്ത് എത്താന്‍ പോകുന്നത്. മൂവ്വായിരം വര്‍ഷത്തെ ചരിത്രം നിറഞ്ഞുനില്‍ക്കുന്ന ബെയ്ജിങ്ങ് ചൈനയിലെ നാലു പുരാതന തലസ്ഥാന നഗരികളില്‍ ഒന്നാണ്. ലോകത്തിലെ മഹാ അത്ഭുതങ്ങളില്‍ ഒന്നായ വന്മതില്‍ സ്ഥിതി ചെയ്യുന്നത് അവിടെയാണ്. ചരിത്രപ്രധാന്യമില്ലാത്ത ഒരു കെട്ടിടം പോലും ഇവിടെ കാണുകയില്ല. 850 വര്‍ഷമായി ബെയ്ജിങ്ങ് ആണ് ചൈനയുടെ തലസ്ഥാനം. ഏറ്റവും അധികം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജകുടുംബങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അതിനുശേഷം സെമി കൊളോണിയല്‍/സെമി ഫ്യൂഡല്‍ സൊസൈറ്റി രീതിയിലുള്ള ഭരണമായിരുന്നു അവിടെ. 1949-ലാണ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിക്കപ്പെട്ടത്.

ഞങ്ങളുടെ ഗ്രൂപ്പ് ലീഡര്‍ ജോണ്‍ തോമസ് ബെയ്ജിങ്ങില്‍ എത്തിയാലുള്ള പരിപാടികള്‍ വിവരിച്ചു. താമസിക്കാന്‍ പോകുന്ന ഹോട്ടലിലേക്ക് കപ്പലില്‍ നിന്നും നാലു മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വരും. മറ്റു സ്ഥലങ്ങളിലെപ്പോലെ ഞങ്ങള്‍ തിരിച്ച് കപ്പലില്‍ വരാതെ അവിടെ ഹോട്ടലില്‍ താമസിക്കും. അതുകൊണ്ട് ആവശ്യത്തിനുള്ള സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്യാരി ഓണ്‍ ബാഗ് മാത്രം എടുത്താല്‍ മതിയെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു. ബെയ്ജിങ്ങില്‍ രാവിലെ എത്തിചേരുമെന്നും അവിടെ നിന്നും ബസ്സില്‍ യാത്ര ചെയ്ത് ഞങ്ങള്‍ എല്ലാവരും ഹോട്ടല്‍ നോവോറ്റെലില്‍ താമസ്സിക്കുമെന്നും അറിയിച്ചു. അവിടെ ചൈനീസ് കറന്‍സി മാത്രമേ സ്വീകരിക്കൂ. ഒരു അമേരിക്കന്‍ ഡോളറിനു 6.7/8 യുവാനായിരുന്നു അന്നത്തെ വിനിമയ നിരക്ക്.

ഹോട്ടലിലെ എല്ലാവരും വളരെ സൗമ്യതയുള്ളവരും നല്ല പെരുമാറ്റ രീതികള്‍ ഉള്ളവരുമായിരുന്നു. അവരുടെ ഇംഗ്ലീഷ് സംസാരം കേട്ടാല്‍ ചൈനീസ് ആണെന്നേ തോന്നുകയുള്ളൂ. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് കേള്‍ക്കണം.

ബെയിജിങ്ങിലെ ആദ്യത്തെ സന്ദര്‍ശനം ഭൂട്ടാന്‍ ആയിരുന്നു. സമുദ്രകരയിലൂടെയുള്ള ബസ്സ് യാത്ര ആനന്ദകരമായിരുന്നു. സൂര്യനില്‍ നിന്നും പവിഴ നെക്‌ലോസുകള്‍ വാരി അണിഞ്ഞ് തിരമാലകള്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. വഴിയുടെ ഒരു വശത്ത് ചെറിയ ബ്ലോസ്സം വിരിഞ്ഞ് നിന്ന് ഞങ്ങള്‍ സന്ദര്‍ശകരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കൂടാതെ മനോഹരമായി ഒരുക്കിയിരുന്ന മൈതാനങ്ങളും അവിടെയെല്ലാം നിറഞ്ഞു നിന്നിരുന്ന പൂമരങ്ങളും നയനാനന്ദകരമായിരുന്നു. നെല്‍വയലുകള്‍ ഒന്നും കാണാനില്ലായിരുന്നെങ്കിലും മറ്റ് കൃഷികള്‍ ഉണ്ടായിരുന്നു. അവിടത്തെ പ്രകൃതി സൗന്ദര്യത്തില്‍ മുഴുകിയപ്പോള്‍ ഏതോ സ്വപ്നലോകത്തിലാണെന്ന പ്രതീതി അനുഭവപ്പെടുകയായിരുന്നു. പൂക്കളും, മരങ്ങളും, വയലുകളും നിറഞ്ഞ് നിന്ന ആ സൗന്ദര്യ കാഴ്ച നോക്കി ഞാന്‍ ചൈനീസ് ഭാഷയില്‍ ""ഓ ഐ നീ'' (ക ഹീ്‌ല ്യീൗ) എന്നു ഉള്ളില്‍ പറഞ്ഞു.

ബെയിജിങ്ങിലെ റോഡുകള്‍ വളരെ ശുചിത്വമുള്ളവയാണ്. ഇരുചക്രവാഹനങ്ങളാണ് അധികവും. അതില്‍ സ്കൂട്ടറും ബൈസിക്കിളുകളും ഉണ്ട്. ചുവന്ന ചായം പൂശിയ ഇരുനില ബസ്സുകള്‍ ധാരാളമായി കണ്ടു. ഒരു പക്ഷെ ഓഫീസ് സമയമല്ലാതിരുന്നതിനാലാകാം. ബസ്സുകളില്‍ അധികം തിരക്ക് കണ്ടില്ല. വാഹനം ഓടിക്കുന്നവര്‍ നിയമം അനുസരിച്ചും ശ്രദ്ധയോടുകൂടിയുമാണ് ഓടിക്കുന്നത്. കമിതാക്കള്‍ തോളില്‍ കൂടെ കയ്യിട്ടും, കൈകോര്‍ത്തും നടക്കുന്നെങ്കിലും പരസ്യ ചുംബനങ്ങള്‍ ഒന്നും കണ്ടില്ല. വാഹനങ്ങളും വഴിനടക്കാരും എപ്പോഴും നിരത്തിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

ലോങ്ങ് വിറ്റി കുന്നിനും കുന്മിങ്ങ് തടാകത്തിനും നടുവില്‍ മൂന്നോറോളം ഏക്കറില്‍ പരന്നു കിടക്കുന്ന സമ്മര്‍ പാലസാണു പിന്നീട് ഞങ്ങള്‍ സന്ദര്‍ശിച്ചത്. തടാകങ്ങളും, പൂന്തോട്ടങ്ങളും, രാജകൊട്ടാരങ്ങളും ചേര്‍ന്നു വിശാലമായി കിടക്കുന്ന ഈ കൊട്ടാരം സന്ദര്‍ശകര്‍ക്ക് ആനന്ദം പകരുന്നതാണ്. ചൈനീസ് ഉദ്യാന മാതൃകയുടെ ഏറ്റവും ഉദാത്തമായ ഒന്നായി ഈ കൊട്ടാരപരിസരത്തെ കാണുന്നു. പ്രകൃതിദത്തമായ കുന്നുകളും, വെള്ളച്ചാട്ടങ്ങളും കൂടെ മനുഷ്യനിര്‍മ്മിതമായ പാലങ്ങളും, കൂടാരങ്ങളും വിശാലമായ തളങ്ങളും ഇതിനെ ശ്രേഷ്ഠമാക്കുന്നു. ഇന്നു ലോങ്ങ് വിറ്റി കുന്ന് എന്നറിയപ്പെടുന്ന കുന്നിന്റെ മുകളില്‍ മിങ്ങ് രാജവംശത്തിലെ ഹോങ്ങ്‌ഴി ചക്രവര്‍ത്തി അദ്ദേഹത്തിന്റെ ആയക്ക് വേണ്ടി ഒരു മന്ദിരം പണിതു. ഈ മന്ദിരം ജീര്‍ണ്ണിച്ച് അതിനു ചുറ്റും പുല്ലും മറ്റ് സസ്യജാലങ്ങളും മുളച്ച് പൊന്തി. ഹോങ്ങ്‌ഴി രാജാവിന്റെ പിന്‍ഗാമി അവിടെ ഒരു കൊട്ടാരം പണിത് ചുറ്റുപാടും ഒരു രാജകീയ ഉദ്യാനമാക്കി മാറ്റി. എന്നാല്‍ ഈ പൂന്തോട്ടങ്ങളെ നട്ടു നനയ്ക്കാന്‍ മാത്രം വെള്ളം ലഭിക്കാതെ വന്നപ്പോള്‍ ക്വിയാന്‍ലോങ്ങ് ചക്രവര്‍ത്തി ഒന്നു രണ്ടു തടാകങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ കല്‍പ്പന കൊടുത്തു. തന്നെയുമല്ല അതിന്റടുത്ത് തന്റെ അമ്മയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിനായി ഒരു കൊട്ടാരം പണിയുകയുണ്ടായി. ക്വിങ്ങ് സാമ്രാജ്യത്തിന്റെ അധഃപതനം തുടങ്ങിയപ്പോള്‍ ഈ കൊട്ടാരം അവഗണിക്കപ്പെടാന്‍ തുടങ്ങി. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഈ കൊട്ടാരം കൊള്ളയടിച്ചു. ഇപ്പോഴും നശിപ്പിക്കപ്പെട്ട ഭാഗങ്ങള്‍ ചൈനക്കാരുടെ മനസ്സിനെ വേദനിപ്പിക്കുന്നു. കൊട്ടാരപരിസരത്തെ തടാകങ്ങളില്‍ സഞ്ചാരികളുടെ വിനോദത്തിനായി ഡ്രാഗന്‍ ബോട്ടുകള്‍ ഉണ്ട്. ഞങ്ങള്‍ സന്ദര്‍ശിച്ച സമയം അവിടെ നല്ല മഴ പെയുകയായിരുന്നു. മഴക്കാലങ്ങളില്‍ നാട്ടിലെ പുഴകളിലൂടെ കുടയും ചൂടി വഞ്ചിയില്‍ സഞ്ചരിച്ചിരുന്ന ഓര്‍മ്മകള്‍ ഉണര്‍ന്നു. മഴക്കോട്ടിട്ടവരും മഴ നനഞ്ഞവരുമായ സഞ്ചാരികളെ വഹിച്ചുകൊണ്ടു ചിറകുള്ള സര്‍പ്പങ്ങളുടെ ആകൃതിയിലുള്ള കൊച്ചു കൊച്ചു ബോട്ടുകള്‍ നീങ്ങുന്നത് കരയില്‍ നോക്കി നിന്ന് ആസ്വദിക്കുന്നത് മഴ നനയുന്നതിനേക്കാള്‍ സുഖകരം എന്നു കരുതി.

ബെയിജിങ്ങിലെ ജനസംഖ്യ 168 മില്യണ്‍ ആണെന്നു കൂടെയുണ്ടായിരുന്ന ഗൈഡ് പറഞ്ഞു. അതില്‍ നാല്‍പ്പത്തിയഞ്ച് ശതമാനം വിദേശികളും അന്‍പത്തിയഞ്ച് ശതമാനം സ്വദേശികളുമാണ്. തലമുറകള്‍ ചവുട്ടിപോയ കാലടികളിലൂടെ അവര്‍ അവശേഷിപ്പിച്ച സ്മാരകങ്ങളും കണ്ടു നടക്കുമ്പോള്‍ ക്ഷണികമായ മനുഷ്യജീവിതത്തെപ്പറ്റി ഓര്‍ത്തു. കാലം മുന്നോട്ട് നീങ്ങുന്നു. ഇന്നുള്ളവര്‍ നാളേക്ക് സ്മാരകങ്ങള്‍ ആകുന്നു അല്ലെങ്കില്‍ അവര്‍ പൂര്‍ണ്ണമായി വിസ്മരിക്കപ്പെടുന്നു. രാജകീയ പ്രൗഡി നിറഞ്ഞു നിന്നിരുന്ന ഈ പരിസരങ്ങളില്‍ ഇന്നു ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തുന്ന സഞ്ചാരികള്‍ കൗതുകത്തോടെ ചുറ്റു നടക്കുന്നു.

ഞങ്ങള്‍ അതിനുശേഷം സന്ദര്‍ശിച്ചത് മിങ്ങ് ശവകുടീരങ്ങളാണ്. ഇവിടെ മിങ്ങ് രാജവംശത്തിലെ പതിമൂന്നോളം രാജാക്കന്മാരെ അടക്കം ചെയ്തിരിക്കുന്നു. ഇവിടേക്ക് എത്തിച്ചേരാനുള്ള വഴിക്ക് പേരിട്ടിരിക്കുന്നത് സ്പിരിറ്റ് വെ എന്നാണ്. ഞാനതിനെ ""പ്രേതപാത അല്ലെങ്കില്‍ ആത്മവീഥി'' എന്നു മലയാളത്തിലാക്കി നോക്കി. മരണശേഷം ആത്മാക്കള്‍ ശവക്കല്ലറയിലേക്ക് പ്രയാണം ചെയ്യുന്നത് ഈ വഴിയിലൂടെയാണ്.

ബെയ്ജിങ്ങില്‍ സന്ദര്‍ശകരെ കണ്ണഞ്ചിപ്പിക്കുന്ന ഒന്നാണു അവിടത്തെ ജേയ്ഡ് ഫാക്ടറി. ലോകത്തിലെ ഏറ്റവും വിലകൂടിയ രത്‌നകല്ലുകളില്‍ ഒന്നാണ് ജേയ്ഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കല്ല്. ഞങ്ങളുടെ ഗ്രൂപ്പിനൊപ്പം ഞാനും ആ രത്‌നകല്ലുകളുടെ ശേഖരം നോക്കി നിന്നു. വളരെ ആകര്‍ഷണീയമായ വിധത്തിലുള്ള കൊത്തുപണികള്‍ ചെയ്ത് വച്ചിരിക്കുന്ന ഈ കല്ലുകളുടെ വില പലര്‍ക്കും കൊടുക്കാന്‍ കഴിയുന്നതില്‍ ഉപരിയാണ്. വാങ്ങിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവയുടെ മനോഹരമായ രൂപങ്ങള്‍ മനസ്സില്‍ കൊത്തിവക്കാം. ഓര്‍മ്മകളില്‍ ആ സൗന്ദര്യപ്രഭയുടെ ഓളംവെട്ടല്‍ അനുഭവപ്പെടുത്താം.

പിന്നീട് ഞങ്ങള്‍ എത്തിചേര്‍ന്നത് ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നായ വന്മതിലിനടുത്താണ്. 13,170 മൈല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മതില്‍ പണിയാന്‍ 2200 കൊല്ലങ്ങള്‍ എടുത്തുവത്രെ. ഇതു പണിത് കൊണ്ടിരുന്ന ജോലിക്കാര്‍ അവിടെ മരിച്ച് വീണപ്പോള്‍ അവരെ അവിടെ തന്നെ അടക്കി. അതുകൊണ്ട് അജ്ഞാതരായ ജോലിക്കാരുടെ അന്ത്യവിശ്രമസ്ഥാനമായും ഇതിനെ കാണാം. ഇതേക്കുറിച്ച് കേട്ട ഒരു കഥ പ്രകാരം ഒരു ജോലിക്കാരന്‍ മരിച്ചപ്പോള്‍ അയാളുടെ ഭാര്യ ഹൃദയം നൊന്ത് ഉറക്കെ വിലപിക്കുകയും മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഇത്രയും ദൂരത്തില്‍ കിടക്കുന്ന ഈ മതില്‍ ആദ്യഘട്ടത്തില്‍ 7000 കിലോമീറ്ററോളം പണിതു. രണ്ടാം ഘട്ടത്തില്‍ 3000 കിലോമീറ്ററോളം കൂട്ടിചേര്‍ത്തു. അതിന്റെ മുകളിലേക്ക് കയറാന്‍ പേടി തോന്നുമെങ്കിലും അതു നമുക്ക് ഒരു പുതിയ അനുഭവം നല്‍കും. മംഗോളിയന്‍-മഞ്ചൂറിയന്‍ ഗോത്രക്കാര്‍ യുദ്ധപ്രിയരും കൊള്ളയടിക്കാരും ആയിരുന്നു. സമ്പന്നമായിരുന്ന ചൈനയുടെ സ്വത്ത് കൊള്ളയടിക്കാന്‍ ഈ വര്‍ഗ്ഗക്കാര്‍ നിരന്തരം ചൈനയെ വേട്ടയാടി. അവരില്‍ നിന്നു രക്ഷ നേടാന്‍ ചൈനയിലെ രാജാക്കന്മാര്‍ വന്മതില്‍ പണിതീര്‍ത്തു. പക്ഷെ ഓരോ ഭാഗങ്ങള്‍ അടച്ച് വരുമ്പോള്‍ മറ്റൊരു ഭാഗത്ത് കൂടി അക്രമികള്‍ കടന്നു വന്നു. അതുകൊണ്ട് മതിലിനു നീളം കൂടി കൂടി വന്നു. മതിലുകള്‍ കെട്ടാതിരുന്ന മലനിരകളെ കീഴടക്കിയിരിക്കും മംഗോളിയനായിരുന്ന ചെങ്കിഷ് ഖാന്‍ ചൈനയെ ആക്രമിച്ചത്.

ചുട്ട ഇഷ്ടിക കണ്ടുപിടിക്കുന്നതിനു മുമ്പ് കല്ലും, കുഴച്ച മണ്ണും മണലും ചേര്‍ത്താണു മതില്‍ പണിതിരുന്നത്. പിന്നീട് ഇഷ്ടികകള്‍ ചേര്‍ത്ത് പണി തീര്‍ത്തെങ്കിലും ജനങ്ങള്‍ അവര്‍ക്ക് വീടു പണിയാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇതില്‍നിന്നും കല്ലും ഇഷ്ടികയും ഇളക്കികൊണ്ടുപോയി. അറ്റകുറ്റ പണികള്‍ സര്‍ക്കാര്‍ തീര്‍ക്കുന്നെങ്കിലും കണ്ണെത്താത്ത ദൂരത്തില്‍ കിടക്കുന്ന ഈ മതിലിനു പൂര്‍ണ്ണമായി സുരക്ഷ ഏര്‍പ്പെടുത്തുക ശ്രമകരമായിരിക്കും. വന്മതില്‍ കാണുന്നതിനായി സഞ്ചാരികളെ കൊണ്ടെത്തിക്കുന്ന സ്ഥലം മതിലിന്റെ തുടക്കമോ ഒടുക്കമോ അല്ല. ടൂറിസം വകുപ്പ് സഞ്ചാരികളെ ആ സ്‌പോട്ടിലായിരിക്കും എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സഞ്ചാരികളെ മുകളിലേക്ക് കയറ്റി കൊണ്ടുപോകാനും താഴെ കൊണ്ടുവരാനും കേബിള്‍ കാറുകള്‍ ഉണ്ട്. കേബിള്‍ കാര്‍ വരെ നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് മനുഷ്യര്‍ വലിക്കുന്ന റിക്ഷകളില്‍ പോകാം. ഒരു യാത്രക്കാരന്‍ അഞ്ചു അമേരിക്കന്‍ ഡോളര്‍ കൊടുക്കണം. കേബിള്‍ കാറില്‍ കയറി മതിലിന്റെ മുകളില്‍ ചെന്നെത്തുമ്പോള്‍ അതില്‍ നിന്നിറങ്ങുന്നത് വളരെ സൂക്ഷിച്ച് വേണം. നമുക്ക് സഹായത്തിനായി അവിടെ രണ്ടു പേര്‍ നില്‍ക്കുന്നുണ്ട്. മതിലിന്റെ മുകളിലൂടെ കുറച്ച് ദൂരം നടക്കാം. മതിലിന്റെ മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ കാടു പോലെ ചെടികളും മറ്റും കാണാമെന്നല്ലാതെ അടുത്തൊന്നും ഗ്രാമങ്ങളോ പട്ടണങ്ങളോ ഇല്ല. എത്രയോ പാവപ്പെട്ട തൊഴിലാളികളുടെ ജീവന്‍ അപഹരിച്ച വന്മതില്‍ ഇര വിഴുങ്ങിയ ഒരു പെരുമ്പാമ്പിനെ പോലെ ആലസ്യത്തില്‍ കിടക്കുന്നത് വിസ്മയത്തോടെ കുറച്ചുനേരം നോക്കി നിന്നു.

അപ്പോഴാണു ഗ്രൂപ്പിലുള്ളവര്‍ അവിടത്തെ സില്‍ക്ക് ഫാക്ടറി സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. തുണികളില്‍ സില്‍ക്ക് മനുഷ്യര്‍ക്ക് വളരെ പ്രിയമുള്ളതാണ്. പഴയ നിയമത്തില്‍ സില്‍ക്കിനെ കുറിച്ച് പരാമര്‍ശിക്കുന്നതുകൊണ്ട് അന്നു കാലത്തും സില്‍ക്കുണ്ടായിരിന്നിരിക്കാമെന്നു ഊഹിക്കാം. എന്നാല്‍ സില്‍ക്കിന്റെ കുത്തക എങ്ങനെയോ ചൈനക്കാര്‍ പണ്ടു മുതല്‍ കയ്യടക്കി വച്ചിരിക്കുന്നു. ഐതിഹ്യങ്ങളും ചരിത്രവും അതിനു സാക്ഷ്യം വഹിക്കുന്നു. ചൈനീസ് ചിന്തകനായ കണ്‍ഫ്യൂഷ്യസിന്റെ പ്രമാണങ്ങളില്‍ സില്‍ക്ക് കണ്ടു പിടിച്ച കഥ പറയുന്നുണ്ട്. ചൈനയിലെ മഹാറാണി ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ചായയിലേക്ക് പട്ടുനൂല്‍ പുഴുവിന്റെ കൂടു വീണു. അതുഎടുത്ത് കളയാന്‍ ശ്രമിച്ചപ്പോള്‍ വളരെ നേരിയ ഒരു നൂലു അതില്‍ നിന്നും നീളുന്നത് കണ്ടു. മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം അവരുടെ പരിവാരങ്ങള്‍ അങ്ങനെ പട്ടുനൂല്‍പുഴുവിനെ വളര്‍ത്തല്‍ എന്ന വ്യവസായം ആരംഭിച്ചു. ഞങ്ങള്‍ സന്ദര്‍ശിച്ച ഫാക്ടറിയില്‍ പട്ടുനൂല്‍പുഴുക്കളെ പുഴുങ്ങുന്നതും അടുത്തുള്ള ഒരു മെഷിന്‍ അതിന്റെ നൂല്‍ ശേഖരിക്കുന്നതും കണ്ടു. സില്‍ക്കില്‍ തീര്‍ത്ത പലതരം വസ്ത്രങ്ങള്‍ അവിടെ വില്‍പ്പനക്കുണ്ടായിരുന്നു. നൂല്‍ ശേഖരിച്ചതിനുശേഷം പുഴുക്കളെ ചൈനാക്കാര്‍ തിന്നുകയാണത്രെ.

വിലക്കപ്പെട്ട നഗരം ഇപ്പോള്‍ അറിയപ്പെടുന്നത് പാലസ് മ്യൂസിയം എന്നാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ പാലസ് കോമ്പളക്‌സാണ്. പേരു പോലെ ഇതൊരു നഗരം അല്ല. അനവധി കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൊട്ടാര സമുച്ചയത്തില്‍ മൊത്തം 9999 മുറികള്‍ ഉണ്ടത്രെ. പതിനായിരം തികയ്ക്കാതിരിക്കുന്നത് ചൈനക്കാരുടെ അന്ധവിശ്വാസം മൂലമായിരിക്കാം. അവര്‍ ഒമ്പത് ഭാഗ്യസംഖ്യയായി കണക്കാക്കുന്നു. ഇതുപതടി വീതിയിലുള്ള ജലം നിറച്ച കിടങ്ങുകളും, 32 അടി ഉയരത്തില്‍ ഉള്ള മതിലുകളും ഇതിനെ സംരക്ഷിക്കുന്നു. മിങ്ങ് ക്വിങ്ങ് രാജവംശങ്ങളുടെ കാലത്ത് പുറത്ത് നിന്നു ആരേയും അകത്തോട്ട് പ്രവേശിപ്പിച്ചിരുന്നില്ല. അതുകൊണ്ടിതിനെ വിലക്കപ്പെട്ട നഗരം എന്നു വിളിച്ച് പോന്നു. പൗരാണിക കാലത്ത് തടിയില്‍ തീര്‍ത്ത രൂപശില്‍പ്പങ്ങളുടെ ഏറ്റവും വലിയ കലവറ ഇവിടെയാണുള്ളത്. ഹോങ്ങു ചക്രവര്‍ത്തിയുടെ മകന്‍ സുഡി ചക്രവര്‍ത്തിയായപ്പോള്‍ നാന്‍ജിങ്ങില്‍ നിന്നും തലസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റി. 1406 മുതല്‍ 1420 വരെ അവിടെ കെട്ടിടങ്ങള്‍ പണിതു. ചൈനക്കാരുടെ വാസ്തുശില്‍പ്പവിദ്യയുടെ മായിക ഭാവങ്ങള്‍ പ്രകടമാക്കുന്നു ഇവിടത്തെ കൊട്ടാരങ്ങള്‍. മുഖ്യഹാളുകളിലെ നിലം സ്വര്‍ണ്ണ ഇഷ്ടികകള്‍ നിരത്തി മനോഹരമാക്കി. ഈ സ്വര്‍ണ്ണ തറകള്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. ഇവിടത്തെ രാജാവിനു മൂവ്വായിരത്തോളം രാജ്ഞിമാരും വെപ്പാട്ടിമാരുമുണ്ടായിരുന്നു. പ്രതിവര്‍ഷം സുന്ദരിമാരായ 600 കന്യകമാരെ രാജാവിനായി കൊട്ടാരത്തില്‍ കൊണ്ടു വരുന്നു. അതില്‍ നിന്നും നൂറോളം പേരെ രാജാവ് തിരഞ്ഞെടുക്കുന്നു. അന്തഃപുരത്തിനു കാവലായി പുരുഷത്വം നശിപ്പിച്ച് നപുംസകങ്ങളാക്കിയ പുരുഷന്മാരെ നിയമിച്ചിരുന്നു. നിഷ്ക്കരുണം ലിംഗഛേദം ചെയ്യുകയായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ പലരും പ്രാണവേദനയോടെ മരണമടഞ്ഞിരുന്നു. തിരുവായ്ക്ക് എതിര്‍വായ് ഇല്ലായിരുന്ന കാലത്ത് എന്തെല്ലാം ദുഷ്ടകര്‍മ്മങ്ങള്‍ നടന്നു. പെണ്‍കുട്ടികള്‍ക്ക് രാജാക്കന്മാരുടെ വെപ്പാട്ടിമാരാകുക എന്ന ദുര്‍ഭാഗ്യമായിരുന്നു.

വിലക്കപ്പെട്ട നഗരത്തിന്റെ മുന്‍ വാതിലായിട്ടാണ് ടൈനമെന്‍ സ്ക്വയര്‍ അറിയപ്പെടുന്നത്. ഇതിനെ സ്വര്‍ഗ്ഗീയ ശാന്തിയുടെ കവാടം എന്നും വിളിക്കുന്നു. മാവോസേതുങ്ങിന്റെ ശവകുടീരം ഇവിടെയാണ്. ഇവിടെ വച്ചാണ് 1949-ല്‍ മാവോസേതുങ്ങ് ചൈനയെ പീപ്പിള്‍സ് റിപ്പബ്ലിക്ക് ചൈനയായി പ്രഖ്യാപിച്ചത്. അതിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഇവിടെ നടത്തപ്പെടുന്നു. ചൈനയുടെ ചരിത്രത്തിലെ പല പ്രധാന സംഭവങ്ങളും നടന്നത് ഇവിടെ വച്ചാകയാല്‍ ഇതിനു സാംസ്കാരികമായ പ്രാധാന്യം വളരെയധികമുണ്ട്.

ബെയ്ജിങ്ങ് സന്ദര്‍ശനത്തിനു വിരാമമിട്ടുകൊണ്ട് കുങ്ങ് ഫു (ഗൗിഴ എൗ) ഷോ അവിടത്തെ തിയ്യേറ്ററില്‍ പോയി കണ്ടു. കപ്പലില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ചു. ഭക്ഷണത്തില്‍ പങ്കുകൊള്ളാന്‍ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കള്‍ അമ്മിണി, പാപ്പച്ചന്‍, കുഞ്ഞുമോള്‍, അമീര്‍, ഷാഹിന എന്നിവരുണ്ടായിരുന്നു.

കപ്പല്‍ ഇനി ഷാങ്ങ്ഹായ്‌യിലേക്ക് നീങ്ങുകയാണ്.

(തുടരും)
വന്മതിലിനപ്പുറത്ത് (എന്റെ ചൈനീസ് പര്യടനം -സഞ്ചാരക്കുറിപ്പുകള്‍- 4: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക