Image

മന്ത്രിക്കാറില്‍ കയറാനുള്ള പൂതി അങ്ങനെ പൂര്‍ത്തിയായി (അദ്ധ്യായം 23: ഫ്രാന്‍സിസ് തടത്തില്‍)

Published on 08 August, 2017
മന്ത്രിക്കാറില്‍ കയറാനുള്ള പൂതി അങ്ങനെ പൂര്‍ത്തിയായി (അദ്ധ്യായം 23: ഫ്രാന്‍സിസ് തടത്തില്‍)
കൊടിവച്ച കാറില്‍ പോലീസ് അകമ്പടിയോടെ ശ്വാസമടക്കിപ്പിടിക്കുന്ന വേഗത്തില്‍ നാടു ഭരിക്കുന്ന മന്ത്രിമാര്‍ ചീറിപ്പാഞ്ഞു പോകുമ്പോള്‍ ചെറുപ്പകാലത്തെ എന്റെ മോഹങ്ങളിലൊന്നായിരുന്നു ഒരു ദിവസം ഞാനും ഇതുപോലെ ഒന്നു മിന്നും! വലുതായപ്പോള്‍ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും തനിസ്വഭാവം മനസിലായതിനെത്തുടര്‍ന്നു മന്ത്രിക്കാറില്‍ കയറണമെന്ന മോഹം മനസില്‍ നിന്ന് മാഞ്ഞുപോയി, കാലങ്ങള്‍ കടന്നു പോയി പത്രപ്രവര്‍ത്തകനായി മാറിയപ്പോവാണ് ജാഢയില്ലാത്ത, ജനകീയരായ മന്ത്രിമാരെ അടുത്തറിയാനിടയായത്. എങ്കിലും പലയിടങ്ങളില്‍ നിന്നും അവര്‍ നല്‍കിയ റൈഡ് ഓഫറുകള്‍ പാടെ നിരസിക്കുകയായിരുന്നു. മറ്റൊന്നുകൊണ്ടുമല്ല. മറ്റുള്ളവര്‍ കണ്ടാല്‍ എന്തുവിചാരിക്കും?

ഒരിക്കല്‍ മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍ രാമനിലയത്തില്‍ ഒരു പത്രസമ്മേളനം വിളിച്ചു. സര്‍വ്വ പ്രാതപങ്ങളും നഷ്ടപ്പെട്ട് ഏറ്റവും അടുത്ത ആശ്രിതര്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന സമയമായിരുന്നു അത്. അതായത് രാജ്യസഭാ എംപിസ്ഥാനം രാജിവച്ച് എംപിയാകാന്‍ തൃശ്ശൂരില്‍ നിന്ന് ജനവിധി തേടി 2000 ല്‍ താഴെ വോട്ടിന് പരാജയപ്പെട്ട് എം.പി.സ്ഥാനം പോലും ഇല്ലാതിരുന്ന കാലം. മാളയുടെ മാണിക്യമായി 30 വര്‍ഷക്കാലം ജനവിധി തേടിയ മാളവിട്ട് പൂര്‍ണ ആത്മവിശ്വാസത്തോടെ തൃശൂര്‍ ലോക്സഭാ മണ്ഡലം തെരഞ്ഞെടുത്തപ്പോള്‍ തികച്ചും ജനകീയനും സൗമ്യ സ്വഭാവക്കാരനുമായ സി.പി.ഐ.യുടെ മുന്‍ മന്ത്രി വി.വി. രാഘവനോടാണ് അന്ന് ലീഡര്‍ ദയനീയമായി പരാജയപ്പെട്ടത്. തന്നെ മുന്നില്‍ നിന്നും പിന്നില്‍നിന്നും കുത്തി എന്ന കരുണാകരന്റെ വിഖ്യാതമായ പ്രസ്താവനയെ തുടര്‍ന്നാണ് കുത്തിയവരും കുത്താത്തവരും അകന്നു നില്‍ക്കാന്‍ കാരണം. മാളയുടെ മാണിക്യം കൂടുമാറിയപ്പോള്‍ വയലാര്‍രവിയുടെ ഭാര്യ മേഴ്സിരവിയാണ് അദ്ദേഹത്തിനു പകരക്കാരനായി എത്തിയത്. മേഴ്സിരവിയെ നേരിട്ടതാകട്ടെ സി.പി.ഐ.യുടെ കരുത്തനായ നേതാവും ജില്ലാ സെക്രട്ടറിയുമായിരുന്ന വി.കെ.രാജന്‍. തൃശ്ശ്ൂര്‍ക്കാര്‍ക്കു മുഴുവന്‍ പ്രിയങ്കരനായിരുന്ന രാജേട്ടന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന വി.കെ.രാജന്‍ മേഴ്സിരവിയെ 3000-ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മാളയുടെ മുത്തായിമാറി. തന്റെ കന്നിയങ്കത്തില്‍ തന്നെ വിജയക്കൊടി പാറിച്ച രാജനെ തേടിയെത്തിയത് എല്‍.ഡി.എഫി. മന്ത്രിസഭയില്‍ കൃഷിമന്ത്രിസ്ഥാനമായിരുന്നു.സ്വതവേ തന്റെടിയും എന്നാല്‍ ഉള്ളില്‍ ശുദ്ധഗതിക്കാരനുമായ രാജന്‍ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യം ചെയ്തത് രാമനിലയത്തിലെ ഒന്നാം നമ്പര്‍ മുറി കൈവശപ്പെടുത്തുകയായിരുന്നു.തനിക്ക് ഓര്‍മ്മവെച്ചകാലം മുതല്‍ തറവാട് സ്വത്ത്പോലെ കെ.കരുണാകരനു മാത്രം മാറ്റി വച്ചിരുന്ന മുറിയായിരുന്നു അത്. മറ്റാരു ചോദിച്ചാലും അധികൃതര്‍ ആ മുറി വിട്ടു നല്‍കുമായിരുന്നില്ല. എന്നാല്‍ എല്ലാ സ്ഥാനവും നഷ്ടപ്പെട്ട കരുണാകരന് വേണ്ടി വീണ്ടും ഒന്നാം നമ്പര്‍ മുറി റിസര്‍വ്വ് ചെയ്തു വച്ചപ്പോള്‍ രാജനു കലി കയറി. മന്ത്രിയായ തനിക്ക് ഒന്നാം നമ്പര്‍ മുറി ലഭിക്കില്ലെന്നോ? മുറി ചോദിച്ച രാജനോട് സ്റ്റാഫ് പറഞ്ഞത് നാളെ മലയാള മാസം ഒന്നാം തീയതിയാണ് ലീഡര്‍ വൈകുന്നേരമാകുമ്പോള്‍ ഇങ്ങെത്തും. അദ്ദേഹം ഈ മുറി റിസര്‍വു ചെയ്തിരിക്കുകയാണ്. അപ്പോള്‍ രാജന്‍ പരഞ്ഞു കരുണാകരനെന്താ വേറെ മുറിയില്‍ കിടന്നാല്‍ ഉറക്കം വരില്ലേ? മന്ത്രിയായ എനിക്കു മുറി തന്നിട്ടു മതി ഒരു പണിയുമില്ലാത്ത കരുണാകരനു മുറി കൊടുക്കാന്‍. 'സര്‍, ഇന്നൊരു ദിവസം മറ്റൊരു മുറി അഡ്ജസ്റ്റു ചെയ്യൂ' റിസപ്ഷനിസ്റ്റ് പറഞ്ഞു: തനിക്കിവിടെത്തന്നെ ഇരിക്കണോ അതോ വേറെ എവിടെയെങ്കിലും പോകണമോ എന്ന മന്ത്രി രാജന്റെ മറുപടി കേള്‍ക്കണ്ട താമസം ഒന്നാം നമ്പര്‍ മുറിയുടെ താക്കോല്‍ മേശപ്പുറത്ത് വന്നു.

വൈകുന്നേരമായി പതിവു സ്പീഡില്‍ കരുണാകരന്റെ കാര്‍ ചീറിപ്പാണ് രാമനിലയത്തിന്റെ പോര്‍ച്ചില്‍ എത്തി. കരുണാകരനും സ്ഥിരം ആശ്രിതരും ഒന്നാം നമ്പര്‍ മുറിയിലേക്ക്, മൂന്നാം നമ്പര്‍ മുറിയുടെ താക്കോലുമായി രാമനിലയത്തിലെ ജീവനക്കാര്‍ ഓടി അദ്ദേഹത്തിനടുത്ത് എത്തുമ്പോഴേക്കും രാജന്‍ ഒന്നാം നമ്പര്‍ മുറിയില്‍ പുറത്തേക്കു വരികയായിരുന്നു. കരുണാകരനെ കണ്ട രാജന്‍ തിരിച്ചു മുറിയില്‍ കയറി വാതില്‍ അടച്ചു. കലിപൂണ്ട കരുണാകരന്‍ രാമനിലയം ജീവനക്കാരോടു തട്ടിക്കയറി. സര്‍ മൂന്നാം നമ്പര്‍ മുറി ശരിയാക്കിയിട്ടുണ്ട്. 'തനിക്കറിയില്ലെ ഞാന്‍ വേറെ എവിടെയും താമസക്കില്ലെന്ന്?' രോഷത്തോടെ കരുണാകരന്‍ ചോദിച്ചു. സാധാരണ മലയാളമാസം ഒന്നാം തീയതി തന്റെ ഇഷ്ട ഭഗവാനായ ഗുരുവായൂരപ്പനെ തൊഴാന്‍ രാജ്യത്ത് എവിടെ ആയിരുന്നാലും അദ്ദേഹം തലേന്ന് രാത്രിയോടെ രാമനിലയത്തിലെ ഒന്നാം നമ്പര്‍ മുറിയില്‍ എത്തി താമസിക്കും. അതി രാവിലെ എഴുന്നേറ്റ് ഗുരുവായൂരും മമ്മിയൂരും ദര്‍ശനം നടത്തി ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ താമസിക്കും. അതാണ് പതിവ്.

തനിക്ക് ഒന്നാം നമ്പര്‍ മുറി ലഭിക്കാത്തതില്‍ രോഷം പൂണ്ട് കരുണാകരന്‍ രാത്രി തന്നെ ഗുരുവായൂര്‍ക്കു പുറപ്പെട്ട് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ പോയി താമസിക്കുകയായിരുന്നു. ഈ സമയം കരുണാകരനോട് മധുരമായി പ്രതികാരം വീട്ടിയ രാജന്‍ ഉടന്‍ തന്നെ ഒന്നാം നമ്പര്‍ മുറി വിട്ട് മൂന്നാം നമ്പറിലേക്ക് മാറി താമസിച്ചു. പിറ്റേന്ന് രാവിലെതന്നെ രാമനിലയത്തിലെത്തിയ കരുണാകരന്‍ രാജന്‍ ഒഴിഞ്ഞ മുറിയില്‍ താമസമാക്കി.

സാധാരണ മലയാളമാസം ഒന്നാം തീയതി പത്രക്കാരെ കാണുക കരുണാകരന്റെ മറ്റൊരു പതിവാണ്. പതിവുപോലെ ഞാനും പത്രസമ്മേളനത്തിനു പോയി. തിങ്കളാഴ്ചയാണ് ഒത്താല്‍ രാഷ്ട്രദീപികയില്‍ മെയിന്‍ സ്റ്റോറി ആയിരിക്കും.
പത്ര സമ്മേളനം കഴിഞ്ഞ് ഓഫീസിലേക്ക് പോകാനായി മോട്ടാര്‍ സൈക്കിളില്‍ കയറിയപ്പോഴതാ രാജന്‍ പോര്‍ട്ടിക്കോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമൊത്തു നില്‍ക്കുന്നു. എന്നെ കണ്ടയുടന്‍ ചെല്ലാന്‍ വിളിപ്പിച്ചു. ബൈക്ക് സ്റ്റാന്‍ഡില്‍ കയറ്റി അടുത്തുചെല്ലുമ്പോള്‍ ഇന്നത്തെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഏതാനും പരിചയമുള്ള പാര്‍ട്ടിപ്രവര്‍ത്തകരും കൂടെയുണ്ട്.
നീയെന്താ ഇവിടെ-അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു. ഒന്നാം തീയതിയല്ലെ ലീഡറെ ഒന്നു കാണാന്‍ വന്നതാണ്. പല്ലുകൊഴിഞ്ഞ സിംഹത്തിനെന്തു മൊഴിയാനാടാ ഉള്ളത്. ഞാന്‍ പുതുക്കാട്ടു വരെ ഒന്നു പോവുക. അവിടെ ഒരു പരിപാടി ഉണ്ട്. വാ കേറ്. അദ്ദേഹം എന്റെ കയ്യേല്‍ പിടിച്ചു. ഞാന്‍ പറഞ്ഞു. രാജേട്ടാ ഞാനില്ല. എനിക്ക് തിരക്കുണ്ട്. 12-നു മുമ്പ് രാഷ്ട്രദീപികയ്ക്ക് സ്റ്റോറി കൊടുക്കണം. സമയം പത്തുമണി ആയിട്ടേയുള്ളൂ. 11.30 ആകുമ്പോള്‍ തിരിച്ചുകൊണ്ടുവിടാമെന്നു പറഞ്ഞു നിര്‍ബന്ധിച്ചുകാറില്‍ കയറ്റി. മനസില്ലാ മനസ്സോടെയാണ് ഞാന്‍ കാറില്‍ കയറിയത്. എന്റെ മനസില്‍ മുഴുവന്‍ രാഷ്ട്രദീപികയ്ക്ക് സ്റ്റോറി കൊടുക്കാനുള്ള ആധിയാണ്.

കാറില്‍ സുനില്‍കുമാറും ഗണ്‍മാനും മാത്രം. കയറിയ പാടെ രാജന്‍ ചോദിച്ചു. ഫ്‌ളോറികള്‍ച്ചറിനെക്കുറിച്ചു തനിക്ക് എന്താണറിയാവുന്നത്. പുതുക്കാട് ഫ്ളോറികള്‍ച്ചറിന്റെ വികസനത്തിനായി ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട് അതിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറയാനാണ്.
ഫ്ളോറികള്‍ച്ചര്‍ എന്ന വാക്കിനു പുഷ്പഫലകൃഷിയെന്നാണ് മലയാളപരിഭാഷ എന്നറിയാമായിരുന്നു. എന്തായാലും ആന്തൂറിയം, ഓര്‍ക്കിഡ്, ഡാലിയ തുടങ്ങിയ പൂക്കള്‍ ബാംഗ്ലൂരില്‍ നിന്ന് യൂറോപ്പ്, അമേരിക്ക ഗള്‍ഫ് നാടുകള്‍ എന്നിവടങ്ങളിലേക്ക് വ്യാപകമായി കയറ്റി അയയ്ക്കുന്നതിനെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നു. ഇത്തരം പൂക്കള്‍ കൃഷിചെയ്യാനും കയറ്റുമതി ചെയ്യാനും കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ധനസഹായം നല്‍കുന്നത് നല്ലതായിരിക്കും. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ഓണസീസണില്‍ കൊണ്ടുവരുന്ന പൂക്കളുടെ വരവ് നിയന്ത്രിക്കാന്‍ ഓണത്തിനു വേണ്ട പൂക്കള്‍ കേരളത്തില്‍ തന്നെ കൃഷിചെയ്താല്‍ മലയാളികളുടെ പണം ഇതരസംസ്ഥാനങ്ങളിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞു.

ഏതായാലും ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോള്‍ ഞാന്‍ ഞെട്ടി. ഞാന്‍ പറഞ്ഞു കൊടുത്ത വാചകം അക്ഷരം പ്രതി ആവര്‍ത്തിച്ചിരിക്കുന്നു. ഒറ്റ വ്യത്യാസം മാത്രം. പുഷ്പകൃഷിക്കായി കൃഷിവകുപ്പ് 365 കോടി രൂപ വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു. ഞാന്‍ ബോധം കെട്ട് താഴെ വീണില്ലെന്നേയുള്ളൂ. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു. ഇതെപ്പോള്‍ തീരുമാനിച്ചു? അപ്പോള്‍ പറയുകയാ. അടുത്ത മന്ത്രിസഭയില്‍ പ്രഖ്യാപിയ്ക്കും. 365 കോടി വകയിരുത്താന്‍ ഉദ്യോഗസ്ഥ തലത്തില്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവത്രെ.

കാര്‍ പുതുക്കാട് ദേശീയപാതയിലെത്തിയപ്പോള്‍ ചാലക്കുടി ഭാഗത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. അപ്പോള്‍ എന്നെ കൊണ്ടുവിടുന്നതോ? അടങ്ങടോ. ചാലക്കുടി ജംഗ്ഷനില്‍ ഒരു പരിപാടികൂടിയുണ്ട് അതു കഴിഞ്ഞാല്‍ നിന്നെ നേര കൊണ്ടേവിടാം. ഞാന്‍ കാലുപിടിച്ചു. രാജേട്ടാ ദയവു ചെയ്ത് എന്നെ ഇവിടെ ഇറക്ക്. ഉടന്‍ കാര്‍ നിര്‍ത്തി. ഉടന്‍ എസ്‌ക്കോര്‍ട്ട് പോലീസിനോട് പറഞ്ഞു. പുതുക്കാട് എസ്ഐയോട് ഉടന്‍ വരാന്‍ പറ. അഞ്ചു മിനിറ്റിനകം പുതുക്കാട് എഎസ്.ഐ ജീപ്പുമായി ഹൈവേയിലെത്തി. എഎസ്ഐയോട് മന്ത്രി രാജന്‍ പറഞ്ഞു. ഇയാളെ എത്രയും പെട്ടെന്ന് ദീപിക ഓഫീസില്‍ കൊണ്ടുവിടൂ.

സെല്‍ഫോണ്‍ ഇല്ലാത്ത കാലമാണ്. എന്നെകാണാഞ്ഞിട്ട് ഓഫീസില്‍ എല്ലാവര്‍ക്കും അങ്കലാപ്പ്. ഏതാണ്ട് 11.30 ഓടെ പോലീസ് ജീപ്പ് ഓഫീസ് മുറ്റത്തു വന്നു നിന്നപ്പോള്‍ എല്ലാവരും അമ്പരന്നു. മുന്‍സീറ്റില്‍ എ.എസ്ഐക്കൊപ്പം ഇരിക്കുന്നത് ഞാന്‍. ജീപ്പില്‍ നിന്നിറങ്ങി എഎസ്ഐക്കും ഡ്രൈവര്‍ക്കും നന്ദി പറഞ്ഞറിങ്ങുമ്പോള്‍ ഓഫീസിലുള്ളവര്‍ എല്ലാവരും ചുറ്റും കൂടി. ഒറ്റ ശ്വാസത്തില്‍ എനിക്കു പറ്റിയ അമിളി പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു. പണി കിട്ടിയാലെന്താ മന്ത്രിക്കൊപ്പം മന്ത്രിക്കാറില്‍ കറങ്ങാന്‍ പറ്റിയില്ലേ? ഓസില്‍ പോലീസ് ജീപ്പില്‍ യാത്രയുമൊത്തു. അപ്പോഴാണ് എന്റെ ചെറുപ്പകാലത്തെ സ്വപ്നമായ മന്ത്രിക്കാറില്‍ യാത്ര ചെയ്യണമെന്നത് ഞാന്‍ പോലുമോര്‍ക്കാതെ പൂവണിഞ്ഞതറിയുന്നത്.

എല്‍ഡിഎഫ് മന്ത്രിസഭയിലെ ഏറ്റവും ജനകീയനും അല്പം പോലും അധികാരഹുങ്കും അഴിമതിരഹിതനുമായ മന്ത്രിയായിരുന്നു രാജന്‍. അധികാരത്തിലേറി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച് തൃശൂര്‍ക്കാരുടെ രാജേട്ടന്‍ പക്ഷേ മന്ത്രിസ്ഥാനത്തിരുന്ന് ഒരു വര്‍ഷം തികയും മുമ്പ് ജീവിതത്തില്‍ നിന്നും സലാം പറഞ്ഞു.

ഞാനും രാജേട്ടനും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് മന്ത്രിയാകും എത്രയോ മുമ്പാണ്. സി.പി.ഐ.യുടെ ജില്ലാ സെക്രട്ടറിയായിരുന്ന കാലമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രതാപകാലം. സി.പി.ഐ.യുടെ നല്ല നാളുകളായിരുന്നു അത്. എല്‍.ഡി.എഫിന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ എംഎല്‍.എ.മാരും എം.പി.മാരും സി.പി.ഐയില്‍ നിന്നായിരുന്നു.
രാജന്‍-മാള, സി.എന്‍. ജയദേവന്‍-ഒല്ലൂര്‍, കെ.പി. രാജേന്ദ്രന്‍-ചേര്‍പ്പ്, കൃഷ്ണന്‍ കണിയാംപറമ്പില്‍-നാട്ടിക, മാനാക്ഷി തമ്പാന്‍-കൊടുങ്ങല്ലൂര്‍ എന്നിവര്‍ക്കു പുറമേവി.വി.രാഘവന്‍ തൃശൂര്‍ എം.പി.യുമായി. അങ്ങനെയാണ് രാജനു മന്ത്രിക്കുപ്പായം ലഭിച്ചത്.

തൃശ്ശൂര്‍ ഭാരത് ഹോട്ടലിനു തൊട്ടടുത്തുള്ള സി.പി.ഐ. ഓഫീസിലെ നിത്യസന്ദര്‍ശകനായിരുന്നു ഞാന്‍ അക്കാലത്ത്. അതുപോലെതന്നെ ഞങ്ങളുടെ ബ്യൂറോ ഓഫീസിനു തൊട്ടു മുമ്പാണ് തേക്കിന്‍കാട് മൈതാനിയിലുള്ള നെഹ്റു മണ്ഡപം. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനു പ്രസംഗിക്കാനായി നിര്‍മ്മിച്ച ഈ മണ്ഡപം ഇപ്പോഴും അറിയപ്പെടുന്നത് നെഹ്റു മണ്ഡപമെന്നാണ്. സി.പി.എം. സൈന്ധാന്തികന്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട്, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍, ഇ.ബാലാനന്ദന്‍, എ.ബി.ബര്‍ദന്‍, തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍, സോണിയാഗാന്ധി, കെ.കരുണാകരന്‍, നരസിംഹാറാവു , ഡോ.മന്‍മോഹന്‍സിംഗ്, എ.കെ.ആന്റണി, ശരത്പവാര്‍, പ്രണബ് മുഖര്‍ജി, ഉമ്മന്‍ചാണ്ടി, തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ നവാബ് രാജേന്ദ്രനൊപ്പം എത്തിയിരുന്ന ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു വി.കെ.രാജന്‍, ബ്യൂറോയില്‍ നിന്ന് ഒരു കസേര വലിച്ചിട്ട് വരാന്തയില്‍ ഇരുന്ന് പ്രസംഗം മുഴുവന്‍ കേട്ടശേഷം അദ്ദേഹം മടങ്ങും. പിറ്റേന്ന് ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഞാന്‍ സി.പി.ഐ. ഓഫീസ് സന്ദര്‍ശിക്കും. രാജനില്‍ നിന്ന് പ്രസംഗത്തിന്റെ രാഷ്ട്രീയ വിശകലനങ്ങള്‍ ആരായും. പലപ്പോഴും അദ്ദേഹത്തിന്റെ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നിലെ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ രൂപം കൊണ്ടിരുന്നത്. സത്യസന്ധമായ വിശകലനങ്ങള്‍, അതിലെ കമ്മ്യൂണിസ്റ്റ് ഇലമെന്റുകള്‍ ഒഴിവാക്കിയാല്‍ രാജന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറും.

സി.പി.ഐ. ഓഫീസില്‍ ചെല്ലുമ്പോള്‍ പലപ്പോഴും കാണുന്ന വ്യക്തിയാണ് വി.എസ്. സുനില്‍കുമാര്‍, എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറികൂടിയായിരുന്ന സുനില്‍ കുമാറില്‍ നല്ലൊരു രാഷ്ട്രീയ ഭാവി ഞാന്‍ അന്നേ കണ്ടിരുന്നു. രാജനെപ്പോലെ കളങ്കരഹിതനും എന്നാല്‍ കെ.പി. രാജേന്ദ്രനെപ്പോലെ എല്ലാവരുമായി സൗഹാര്‍ദ്ദമുണ്ടായിരുന്നയാളായിരുന്നു സുനില്‍കുമാര്‍.

ചെരുപ്പുപോലുമിടാതെ ഉജാല മുക്കിയ വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത് ആറടിക്കു മുകളില്‍ പൊക്കവും നല്ല ഒത്ത ശരീരവുമുള്ള രാജനെ കണ്ടാല്‍ ആരുമൊന്നു ഭയന്നുപോകും. എന്നാല്‍ വഴിനീളെ കാണുന്ന ഓട്ടോറിക്ഷക്കാരോടും ചുമുട്ടുതൊഴിലാളികളോടും കുശലം പറഞ്ഞും കൈകൊടുത്തുമാണ് പാര്‍ട്ടി ഓഫീസില്‍ നിന്നു സ്വരാജ് റൗണ്ടിലേക്കുള്ള നടത്തം. മന്തിയായതിനുശേഷവും പലപ്പോഴും ആ പതിവു തെറ്റിക്കാതിരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കാറില്‍ സി.പി.ഐ. ഓഫിസിലേക്ക് പോകുമ്പോള്‍ ഓട്ടോക്കാരും, ചുമുട്ടുതൊഴിലാളികളും സാധാരണക്കാരും കാറു വളയും. 'ദേണ്ടഡാ മ്മടെ രാജേട്ടന്‍ പോകുന്നു.' എന്നു പറഞ്ഞു ഓടിക്കുന്ന പൊതുജനങ്ങള്‍, കൈകൊടുത്തും പേരെടുത്ത് വിളിച്ച് കുശലാന്വേഷണം നടത്തുന്ന രാജന് മന്ത്രിക്കാറ് ഒരു തടസമാകുമ്പോള്‍ കാറില്‍ നിന്നിറങ്ങി ഓരോരുത്തരെയും അഭിവാദ്യം ചെയ്ത് നടന്നാണ് പിന്നീടുള്ള 250 വാരം ദൂരത്തുള്ള ഓഫീസിലേക്കു പോവുക. ഒഴിവുസമയങ്ങളില്‍ ഗസ്റ്റ് ഹൗസില്‍ തങ്ങുന്നതിനെക്കാള്‍ കൂടുതല്‍ നേരം പാര്‍ട്ടി ഓഫീസിലായിരുന്ന മന്ത്രി അധികനേരവും ചെലവിട്ടിരുന്നത്.

മന്ത്രിയാകുന്നതിനു മുന്‍പ് അദ്ദേഹം വിവാഹതനും രണ്ടു മക്കളുടെ അച്ഛനാണെന്നുമുള്ള വിവരം എനിക്കറിയില്ലായിരുന്നു. കാരണം ഭൂരിഭാഗം സമയവും പാര്‍ട്ടി ഓഫീസില്‍ തങ്ങുന്ന അദ്ദേഹം അന്തി ഉറക്കവും അവിടെത്തന്നെയായിരുന്നു.
തൃശ്ശൂര്‍ രാഗം തീയേറ്ററില്‍ ഏതു പുതിയ സിനിമ വന്നാലും തികഞ്ഞ സിനിമാ ഭ്രാന്തനായ രാജന്‍ കാണാന്‍ പോകും. പലപ്പോഴും എന്നെയും കൂട്ടും. അദ്ദേഹത്തിനൊപ്പം സിനിമാ കാണാറുള്ള സ്ഥിരം പ്രേക്ഷകനാണ് വി.എസ്.സുനില്‍കുമാര്‍. മന്ത്രിയായശേഷവും രാജന്‍ ഈ പതിവും ലംഘിച്ചിരുന്നില്ല. രാമനിലയത്തില്‍ നിന്ന് രാത്രി വിളിക്കും 'രാഗ'ത്തില്‍ പുതിയ സിനിമ റീലിസ് ചെയ്തിട്ടുണ്ട്. ഞാന്‍ ബോക്സ് ബുക്കു ചെയ്തു. എന്റെ മറുപടികേള്‍ക്കും മുമ്പു രാഗത്തില്‍ വച്ചു കാണാം.എന്ന് പറഞ്ഞു കട്ടു ചെയ്യും. പിന്നെ പോവുകയല്ലാതെ രക്ഷയില്ല. തൃശൂര്‍ രാഗത്തില്‍ മാത്രമാണ് ബോക്സ് ഉള്ളത്. ബാല്‍ക്കണിക്കും മുകളിലാണ് തികച്ചും സ്വകാര്യതയുള്ള ബോക്സ്. അവിടെയാകുമ്പോള്‍ ഒരു മന്ത്രിയിരുന്നു സിനിമ കാണുന്ന വിവരം ആരും അറിയില്ല. പടം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ കേള്‍ക്കാം ആരവം. 'ദേ ടാ രാജേട്ടന്‍' പിന്നെ എല്ലാവരുമായി സംസാരിച്ച് ഒരടി പോലും അനങ്ങാത്ത അദ്ദേഹത്തെ ഉന്തിതള്ളിയായിരിക്കും കാറില്‍ കയറ്റുക..

സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു കുഴപ്പം മാത്രം. നല്ല തമാശകള്‍ വന്ന്‌പൊട്ടിച്ചിരിക്കുമ്പോള്‍ അടുത്തിരിക്കുന്നവരുടെതുടയില്‍ അദ്ദേഹം പോലുമറിയാതെ ചെറിയൊരു നുള്ളുനുള്ളും. പലപ്പോഴും അരോചകമായിതോന്നാറുണ്ടെങ്കിലും രാജേട്ടനാണല്ലോ എന്നോര്‍ത്ത് ഒരക്ഷരം പറയാറില്ല.

ഒരിക്കല്‍ എന്റെ സഹപ്രവര്‍ത്തകന്‍ ജോജി ജോസഫിനു വേണ്ടി ഒരു ശുപാര്ശക്കായി അദ്ദേഹത്തെ കാണാന്‍ രാമനിലയത്തില്‍പോയി. ചെല്ലുമ്പോള്‍ ഒരു ട്രൗസറുമിട്ട് മേലുമുഴുവന്‍ കുഴമ്പുതേച്ചു കസര്‍ത്ത് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തിരുവനന്തുപുരത്തു നിന്ന് കാറിലുള്ള യാത്ര അത്ര സുഖമുള്ളതല്ലടോ എന്നു പറഞ്ഞ് കയ്യിലെ മസിലുകള്‍ ഉരുട്ടിത്തിരുമിക്കൊണ്ടിരുന്നു. ഞാന്‍ ജോജിയെ പരിചയപ്പെടുത്തി. എന്നിട്ടു ഒരു പരാതി കവറിലാക്കി നല്‍കിക്കൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ജോജിയുടെ സഹോദരിയുടെ ചങ്ങനാശേരിയിലുള്ള വീട്ടില്‍ കള്ളന്‍ കയറി സകല വസ്തുക്കളു അടിച്ചുമാറ്റി മൂന്നുനാലു ദിവസമായിട്ടും പോലീസ് തിരിഞ്ഞുനോക്കുന്നില്ല. പോലീസിനു കൂടി മനസറിവുള്ളതുപോലെ സംശയം ജനിപ്പിക്കുന്നതായി പറഞ്ഞു. ഞാന്‍ ഓരോന്നും വിശദീകരിക്കുമ്പോള്‍ അതിനു മറുപടിയായി മറ്റു പല രാഷ്ട്രീയക്കാര്യങ്ങളുമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. എനിക്കു ദേഷ്യം വന്നു തുടങ്ങി. എല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു. നിനക്ക് തിന്നാനെന്താ വേണ്ടേ? എന്റെ ഉള്ളില്‍ പറഞ്ഞു 'തേങ്ങാക്കുല.' എന്നു പറയാന്‍ തോന്നിയെന്‍കിലും ഞാന്‍ പറഞ്ഞു ഒന്നും വേണ്ട. ജോജിയോടു ചോദിച്ചപ്പോള്‍ ജോജിയും തലയാട്ടി. ഭയങ്കര വിശപ്പാ കുളിച്ചു വന്നാല്‍ എന്തെങ്കിലും തിന്നണമെങ്കില്‍ ഇപ്പഴേ ഓര്‍ഡര്‍ ചെയ്യണം. ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി പൊറോട്ടയും ചിക്കന്‍ പൊരിച്ചതും മീന്‍കറിയും ഓര്‍ഡര്‍ ചെയ്തു. കുളി കഴിഞ്ഞു ഭക്ഷണത്തിനിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞതിനൊന്നും മറുപടി പറഞ്ഞില്ലാ.? നീയൊരു പരാതി തന്നത് വെള്ളക്കടലാസ് മാത്രമാണോ അതിലൊന്നുമെഴുതിയിട്ടില്ലേ?- ഞാന്‍ പറഞ്ഞു. എല്ലാം വിശദമായിട്ടുണ്ട്. പിന്നെന്തിനാ കൂടുതല്‍ പറയുന്നത്. വിശന്ന് കൂറകുത്തിയിരിക്കുമ്പോള്‍ എനിക്കു ദേഷ്യം വരും അതാ ഞാന്‍ വിളിക്കാത്ത്. സെക്രട്ടറിയോട് ചങ്ങനാശേരി ഡി.വൈ.എസ്.പി.യെ വിളിക്കാന്‍ പറഞ്ഞു. ഫോണില്‍ കിട്ടിയ ഉടന്‍ അദ്ദേഹത്തെ ഒരാട്ട്. 24 മണിക്കൂറിനുള്ളില്‍ പരാതിക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഏതായാലും രണ്ടു ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ക്കു തീരുമാനമായി.
ഒരു ദിവസം തൃശൂര്‍ അമല ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന എന്റെ ഒരു ബന്ധുവിനെ ഡിസ്ചാര്‍ജ് ചെയ്ത് നെന്മാറയിലുള്ള വീട്ടിലാക്കാന്‍ പോയതായിരുന്നു. പിറ്റേന്ന് അതിരാവിലെയുള്ള ബസില്‍ തൃശൂര്‍ക്കു വരുമ്പോള്‍ മാര്‍ഗ മധ്യേ കേട്ടു തൃശൂര്‍ നഗരത്തിലും മറ്റും ഹര്‍ത്താല്‍ ആണെന്ന്. ബസ് തൃശൂര്‍ നഗരത്തോടടുത്തുവന്നപ്പോള്‍ വഴിവക്കിലും മറ്റും വി.കെ.രാജന്റെ ചിത്രങ്ങളും കറുത്തകൊടികളും കെട്ടിയതു കണ്ട് ആദ്യം ഉള്ളൊന്നു കാളി. നെന്മാറക്കു പോകുന്നതിന്റെ തലേന്ന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ വച്ചു കണ്ട ആളാണ് ഇത്രപെട്ടെന്ന് ആപത്തൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല. ബസ് തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ റൗണ്ടിലേക്ക് ഓട്ടോറിക്ഷകളൊന്നും നീങ്ങുന്നില്ല. കാരണം അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സംശയിച്ചതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. തലേന്ന് തിരുവനന്തപുരത്തു വച്ച് ഹൃദായാഘാതം മൂലം എല്‍.ഡി.എഫ് മന്ത്രിസഭയിലെ രാജന്‍ എന്ന ഏറ്റവും ജനകീയനായ മന്ത്രി അന്തരിച്ചു.

തൃശൂര്‍ സ്വരാജ് റൗണ്ടിനു ചുറ്റും തൃശൂര്‍ പൂരത്തിനെന്നപോലെ വന്‍പുരുഷാരവം. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു വിധം തിക്കിതിരക്കി എന്റെ ഓഫീസിലെത്തി ബാഗ് വച്ചു. ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് പുറത്തേക്ക് നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നത് അദ്ദേഹം പലപ്പോഴായി പ്രസംഗിക്കുകയുംഎന്നു പ്രസംഗങ്ങള്‍ കേള്‍ക്കാറുമുള്ള നെഹ്റു മണ്ഡപത്തിനു മുമ്പിലാണ്. പതുക്കെ നെഹ്റു മണ്ഡപം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ കേള്‍ക്കാം നെഞ്ചത്തടിച്ച് കരയുന്ന ആയിരക്കണക്കിനു സാധാരണക്കാരുടെ വികാരപ്രകടനം. ചുമട്ടുതൊഴിലാളികള്‍, ഓട്ടോറിക്ഷക്കാര്‍ എന്നുവേണ്ട എല്ലാ തുറകളിലും പെട്ടയാളുകള്‍ തങ്ങളുടെ പ്രിയനേതാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഏങ്ങലടിച്ച് കരയുകയാണ്. ദുഃഖം തളം കെട്ടികിടക്കുന്ന അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത.് 'ലാല്‍സലാം സഖാവെ, ഞങ്ങളെ സ്വന്തം നേതാവെ, രാജേട്ടാ മണി മുത്തെ, ഞങ്ങടെ മനസില്‍ എന്നെന്നും ഉയിരോടെവാഴട്ടെ.'
രാജന്‍ എന്ന മന്ത്രിയെയല്ല, രാജന്‍ എന്ന മനുഷ്യസ്നേഹിയോടുള്ള സ്നേഹവായ്പാണ് അന്നവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന് ഇത്രയേറെ ആരാധകരുണ്ടെന്ന് ഞാന്‍ പോലു മറിയുന്നത് അപ്പോള്‍ മാത്രമാണ്.

തിക്കിതിരക്കി പത്രക്കാര്‍ക്കായി മാറ്റി വച്ചിരുന്നു. സ്ഥലത്തേക്ക് എത്തിയപ്പോള്‍ വി.എസ്.സുനില്‍കുമാര്‍ ഒരു കറുത്ത ബാഡ്ജുമായി എന്റെ പക്കലെത്തി. അതു തരുമ്പോള്‍ ഞാന്‍ കണ്ടു ആ കമ്മ്യൂണിസ്റ്റ് ധീര യോദ്ധാവിന്റെ കണ്‍കളിലും രണ്ടിറ്റു കണ്ണീര്‍. അദ്ദേഹം എന്നെ ലൈന്‍ കട്ട് ചെയ്ത് മൃതദേഹം കാണാനുള്ള ഏര്‍പ്പാടുചെയ്തു തന്നു. അടുത്തെത്തിയപ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഞാന്‍ പോലുമറിയാതെ കണ്ണുനീര്‍ ഇറ്റു വീണു. എന്തായിരിക്കാം മറ്റൊരു രാഷ്ട്രീയനേതാവിനോടുപോലുമില്ലാതിരുന്ന ഒരു ആത്മബന്ധം ഈ മനുഷ്യനുമായി ഉണ്ടായിരുന്നതെന്ന് പിന്നീട് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് രാജനുശേഷം കൃഷ്ണന്‍ കണിയാപറമ്പില്‍ മന്ത്രിയായി. ഏറെ വൈകും മുമ്പ് കാന്‍സര്‍ ബാധിച്ച് അദ്ദേഹവും യാത്രയായി. സി.പി.ഐ. തൃശൂര്‍ ഓഫീസിലേക്കുള്ള എന്റെ പതിവു യാത്ര അതോടെ അവസാനിച്ചു.

aതൃശൂര്‍ സി.പി.ഐ. ഓഫീസിന്റെ പേര് കെ.കെ.വാര്യര്‍ സ്മാരക മന്ദിരമെന്നാണ്. സി.പി.ഐ.യുടെ ദീര്‍ഘകാല ജില്ലാ സെക്രട്ടറിയും, എം.എല്‍.എ.യും സമുന്നത നേതാവുമായിരുന്ന കെ.കെ. വാര്യരുടെ സ്മരണയ്ക്കായാണ് ഈ പാര്‍ട്ടിമന്ദിരം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ മകളും തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്ന രമണി കിരണാ(ഞങ്ങള്‍ സ്നേഹത്തോടെ രമണി ചേച്ചി എന്നു വിളിക്കും)ണ് രാജന്‍ എന്ന നല്ല മനുഷ്യനുമായി ഞാന്‍ അടുപ്പത്തിലാകാന്‍ കാരണം.
എന്നെപ്പോലെതന്നെ രക്താര്‍ബുദ രോഗിയായിരുന്ന രമണിചേച്ചി. റഷ്യയില്‍പോയി വിദ്യാഭ്യാസം നടത്തിയ രമണിചേച്ചിയെ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രത്യേകിച്ച് കെ.കരുണാകരന് വളരെ ഇഷ്ടമായിരുന്നു. ഏതാണ്ട് 15 വര്‍ഷക്കാലം കാന്‍സറുമായി പോരാടി റിട്ടയര്‍മെന്റിനു മുമ്പു തന്നെ രമണിചേച്ചിയും യാത്രയായി. കരുണാകരന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം തൃശ്ശൂരില്‍ നിന്ന് ഒരിക്കല്‍പോലും രമണിചേച്ചിക്ക് സ്ഥലം മാറേണ്ടി വന്നിട്ടില്ല. മാത്രമല്ല, ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ഡപ്യൂട്ടി ഡയറക്ടര്‍ ആയി അര്‍ഹതപ്പെട്ട പ്രമോഷന്‍ ലഭിച്ചശേഷം ഇന്‍ഫര്‍മേഷന്‍ ഓഫീസറായിതന്നെ അവരെ അവിടെതന്നെ നിയമിക്കുകയായിരുന്നു. ഈ ലേഖനത്തില്‍ സൂചിപ്പിച്ച രാജന്‍, കൃഷ്ണന്‍ കണിയാംപറമ്പില്‍, കെ. കരുണാകരന്‍, രമണീകിരണ്‍ എന്നിവര്‍ ഈ ലോകത്തോടുതന്നെ യാത്ര പറഞ്ഞു.

തൃശൂരിലെ പല രാഷ്ട്രീയ പൊറോട്ടു നാടകങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ ട്രെയിനിംഗ് പിരീയഡിലെ മറ്റൊരു സവിശേഷത. കേരള കാര്‍ഷിക സര്‍വകലാശാല പോലത്തെ അതിശ്രേഷ്ഠമായ ഉന്നതവിദ്യാലയ പീഠങ്ങളില്‍ അരങ്ങേറിയ പല രാഷ്ട്രീയ നാടകങ്ങളും കേരളത്തിനു രാഷ്ട്രീയത്തിനു തന്നെ തീരാ കളങ്കമായി മാറിയിരുന്നു. അതേക്കുറിച്ച് അടുത്ത അധ്യായത്തില്‍.
മന്ത്രിക്കാറില്‍ കയറാനുള്ള പൂതി അങ്ങനെ പൂര്‍ത്തിയായി (അദ്ധ്യായം 23: ഫ്രാന്‍സിസ് തടത്തില്‍)മന്ത്രിക്കാറില്‍ കയറാനുള്ള പൂതി അങ്ങനെ പൂര്‍ത്തിയായി (അദ്ധ്യായം 23: ഫ്രാന്‍സിസ് തടത്തില്‍)മന്ത്രിക്കാറില്‍ കയറാനുള്ള പൂതി അങ്ങനെ പൂര്‍ത്തിയായി (അദ്ധ്യായം 23: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Benny Kurian 2017-08-12 17:29:23
Very good writing...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക