Image

32-മത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് ആതിഥ്യമരുളാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു.

ജീമോന്‍ റാന്നി. Published on 08 August, 2017
32-മത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് ആതിഥ്യമരുളാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു.
ഹൂസ്റ്റണ്‍: ഇന്ത്യയ്ക്കു പുറത്ത് നടത്തപ്പെടുന്ന മാര്‍ത്തോമ്മാ കോണ്‍ഫറന്‍സുകളില്‍ ഏറ്റവും ശ്രദ്ധേയമായ നോര്‍ത്ത്-അമേരിക്കാ യൂറോപ്പ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് വേദിയാകുവാന്‍ അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ നാലാം സ്ഥാനം വഹിയ്ക്കുന്ന ഹൂസ്റ്റണ്‍ നഗരം ഒരുങ്ങുന്നു.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 32-മത് ഫാമിലി കോണ്‍ഫറന്‍സ് ഒരു ചരിത്ര സംഭവമാക്കി മാറ്റാന്‍ സംഘാടകര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോണ്‍ഫറന്‍സിന് സൗത്ത് വെസ്റ്റ് റീജിയനല്‍ ആക്ടിവിറ്റി(RAC) കമ്മറ്റിയാണ് ആതിഥേയത്വം വഹിയ്ക്കുന്നത്.
2018 ജൂലൈ 5, 6, 7, 8(വ്യാഴം മുതല്‍ ഞായര്‍ വരെ) തീയതികളില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ഹൂസ്റ്റണ്‍ ജോര്‍ജ്ജ് ബുഷ് ഇന്റര്‍ കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടിന് അടുത്തുള്ള ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ നോര്‍ത്ത് ഹോട്ടലില്‍ വച്ചാണ് നടത്തപ്പെടുന്നത്.
2018 എപ്പിസ്‌ക്കോപ്പല്‍ സ്ഥാനാഭിഷേക രജതജൂബിലി ആഘോഷിയ്ക്കുന്ന നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പായെ കൂടാതെ ജൂബിലി ആഘോഷിയ്ക്കുന്ന തിരുവനന്തപുരം, കൊല്ലം ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പാ, ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സാന്നിദ്ധ്യവും നേതൃത്വവും കൊണ്ട് ശ്രദ്ധേയമായി മാറുന്ന കോണ്‍ഫറന്‍സ് വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് മികവുറ്റതാക്കി മാറ്റാനാണ് സംഘാടകര്‍ ശ്രമിയ്ക്കുന്നത്.

മികച്ച പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ.സാം.ടി.കോശി മുഖ്യപ്രഭാഷകനായി കോണ്‍ഫറന്‍സിനെ ധന്യമാക്കും. ദൈവത്താല്‍ സംയോജിപ്പിയ്ക്കപ്പെട്ടവര്‍; ശുശ്രൂഷയ്ക്കായി സമര്‍പ്പിയ്ക്കപ്പെട്ടവര്‍(United by God- Committed to serve) എന്ന ചിന്താവിഷയത്തെ അധികരിച്ച് ആഴമേറിയ പഠനവും ചര്‍ച്ചകളും കോണ്‍ഫറന്‍സ് ദിനങ്ങളെ സമ്പുഷ്ടമാക്കും.
2009 നു ശേഷം ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിയ്ക്കുന്ന സൗത്ത് വെസ്റ്റ് റീജിയനല്‍ ആക്ടിവിറ്റി കമ്മറ്റിയില്‍ ഹൂസ്റ്റണ്‍, ഡാളസ്, ഒക്ലഹോമ, ഓസ്റ്റിന്‍, ലബക്ക്, കോളറാഡോ, മക്കാലന്‍, കന്‍സാസ് എന്നിവിടങ്ങളിലെ ഇടവകകളിലെ വൈദികരും പ്രതിനിധികളും അംഗങ്ങളാണ്.

കോണ്‍ഫറന്‍സിന്റെ അനുഗ്രഹകരമായ നടത്തിപ്പിന് ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ ഷാജന്‍ ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറും, RAC ഭാരവാഹികളായ റവ.ഏബ്രഹാം വര്‍ഗീസ്(വൈസ് പ്രസിഡന്റ്), ജോണ്‍ ഫിലിപ്പ്(സെക്രട്ടറി), സജു കോരാ(ട്രഷറര്‍), ലിന്‍ കുരിക്കാട്ട്(കോണ്‍ഫറന്‍സ് ജോ.സെക്രട്ടറി), ജോണ്‍ ചാക്കോ(കോണ്‍ഫറന്‍സ് അക്കൗണ്ടന്റ്), റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍, റവ.മാത്യൂസ് ഫിലിപ്പ്, റവ.ഫിലിപ്പ് ഫിലിപ്പ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയും 100 ല്‍ പരം അംഗങ്ങളുള്ള സബ് കമ്മറ്റികളും പ്രവര്‍ത്തനമാരംഭിച്ചു.
ഭദ്രാസനത്തിലെ 80 ല്‍ പരം ഇടവകകളും കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് 2018 കോണ്‍ഫറന്‍സ് ഒരു മഹാകുടുംബസംഗമം ആക്കി മാറ്റാനുള്ള ശ്രമത്തില്‍ ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സഹകരണം ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഡോ.ഐസക്ക് മാര്‍ പീലക്‌സിനോസ് അഭ്യര്‍ത്ഥിച്ചു.


32-മത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് ആതിഥ്യമരുളാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു.32-മത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് ആതിഥ്യമരുളാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു.32-മത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് ആതിഥ്യമരുളാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു.32-മത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് ആതിഥ്യമരുളാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക