Image

ഈ വിജയം, പണവും അധികാരവും ഉപയോഗിച്ച്‌ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങളുടെ പരാജയം: പട്ടേല്‍

Published on 08 August, 2017
 ഈ വിജയം, പണവും അധികാരവും ഉപയോഗിച്ച്‌ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങളുടെ പരാജയം:  പട്ടേല്‍

അഹമ്മദാബാദ്‌: ഈ വിജയം സര്‍ക്കാര്‍ സംവിധാനങ്ങളെ പണവും അധികാരവും ഉപയോഗിച്ച്‌ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളുടെ പരാജയമാണെന്ന്‌ ഗുജറാത്തില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ അഹമ്മദ്‌ പട്ടേല്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


`സത്യമേവ ജയതേ' എന്നു ട്വീറ്റു ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം തന്റെ വിജയത്തോടു പ്രതികരിച്ചത്‌. ഇത്‌ തന്റെ മാത്രം വിജയമമല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.`ഇത്‌ വളരെ കടുത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു.' അദ്ദേഹം പറഞ്ഞു.


പടക്കം പൊട്ടിച്ചും ദല്‍ഹിയിലും ഗുജറാത്തിലും മധുരം വിതരണം ചെയ്‌തുമാണ്‌ കോണ്‍ഗ്രസ്‌ പട്ടേലിന്റെ വിജയം ആഘോഷിച്ചത്‌.

മൂന്നുമണിയോടെയാണ്‌ അഹമ്മദ്‌ പട്ടേലിനെ ഔദ്യോഗികമായി വിജയിയായി പ്രഖ്യാപിച്ചത്‌.
ബി.ജെ.പിക്കുവേണ്ടി വോട്ടു ചെയ്‌ത്‌ അമിത്‌ ഷായെ ബാലറ്റ്‌ ഉയര്‍ത്തിക്കാട്ടിയ രണ്ട്‌ കോണ്‍ഗ്രസ്‌ വിമത എം.എല്‍.എമാരുടെ വോട്ട്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയതും ഒരു ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിന്‌ അനുകൂലമായി വോട്ടു ചെയ്‌തതുമാണ്‌ അഹമ്മദ്‌ പട്ടേലിന്റെ വിജയത്തില്‍ നിര്‍ണായകമായത്‌.

ജയം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസിനു വലിയ പോരാട്ടത്തിനു ശക്തിപകരും. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി കൂടാരത്തിലേക്കു ചാടിയ ബല്‍വന്ത്‌സിങ്‌ രാജ്‌പുത്തിനെയാണു അഹമ്മദ്‌ പട്ടേല്‍ മലര്‍ത്തിയടിച്ചത്‌. അഹമ്മദ്‌ പട്ടേല്‍ 44 വോട്ടുകള്‍ നേടി.


രാജ്യത്തെഎട്ടുമണിക്കൂറോളംമുള്‍മുനയില്‍നിര്‍ത്തിയനാടകീയരാഷ്ട്രീയനീക്കങ്ങള്‍ക്കൊടുവിലായിരുന്നു അഹമ്മദ്‌ പട്ടേലിന്റെ വിജയം പ്രഖ്യാപിച്ചത്‌.
 ചൊവ്വാഴ്‌ച വൈകീട്ട്‌ അഞ്ച്‌ മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം വൈകിയാണ്‌ ആരംഭിച്ചത്‌. 176 എം.എല്‍.എമാര്‍ വോട്ടു ചെയ്‌തതായി ഗുജറാത്ത്‌ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
ഇതില്‍ ഭോലാഭായ്‌ ഗോഹില്‍, രാഘവ്‌ജിഭായ്‌ പട്ടേല്‍ എന്നീ കോണ്‍ഗ്രസ്‌ എം.എല്‍.എമാരാണ്‌ കൂറുമാറി വോട്ടു ചെയ്യുകയും അമിത്‌ ഷായെ ബാലറ്റ്‌ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തത്‌. 

സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച ഇവരുടെ വോട്ടുകള്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ്‌ വോട്ടെണ്ണല്‍ നീണ്ടത്‌.പരാതിയുമായി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷനെ സമീപിച്ചതോടെ ശ്രദ്ധാകേന്ദ്രം ഗുജറാത്തില്‍നിന്നു ദല്‍ഹിയിലേക്കു മാറി.

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മിഷനെ കാണാന്‍ നേരിട്ടെത്തി. ഇതേത്തുടര്‍ന്ന്‌ രാത്രി 11.30ഓടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ ബാലറ്റ്‌ രഹസ്യം സൂക്ഷിക്കുകയെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തി.

വോട്ടെണ്ണല്‍ ഉടന്‍ പുനരാരംഭിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും ബി.ജെ.പി വാക്കാല്‍ വീണ്ടും പരാതി നല്‍കുകയും നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ നീക്കം നടത്തുകയും ചെയ്‌തു. ഇതുകാരണം 1.45 ഓടെയാണ്‌ വോട്ടെണ്ണല്‍ പുനരാരംഭിച്ചത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക