Image

പ്രവാസി സമൂഹം സഭയ്ക്കു ശക്തിപകരുന്നു: മാര്‍ മാത്യു അറയ്ക്കല്‍

Published on 05 March, 2012
പ്രവാസി സമൂഹം സഭയ്ക്കു ശക്തിപകരുന്നു: മാര്‍ മാത്യു അറയ്ക്കല്‍
കാന്‍ബറെ: പ്രവാസി അല്മായ സമൂഹത്തിലൂടെയുള്ള സീറോ മലബാര്‍ സഭയുടെ ആഗോളതലത്തിലുള്ള വളര്‍ച്ച അഭിനന്ദനാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അല്മായ സന്ദര്‍ശനത്തോടും സമ്മേളനത്തോടുമനുബന്ധിച്ച് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ നടന്ന അല്മായ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

വിദേശരാജ്യങ്ങളില്‍ സഭാസംവിധാനമോ, വൈദികരോ, സന്യസ്തരോ ഇല്ലാത്ത സ്ഥലങ്ങളില്‍പോലും അല്മായ കൂട്ടായ്മകള്‍ വിശ്വാസപൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ചു മുന്നേറുന്നത് അഭിമാനമേകുന്നു. പരസ്പരം സഹകരിച്ചും സഹായിച്ചും ഈ കൂട്ടായ്മകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ മാര്‍ അറയ്ക്കല്‍ അല്മായ സമൂഹത്തെ ആഹ്വാനം ചെയ്തു.

സമ്മേളനത്തില്‍ ഓസ്‌ട്രേലിയ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സീസ് കോലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.വര്‍ഗീസ് വോവലില്‍, ജോസഫ് എന്നിവര്‍ സംസാരിച്ചു. ഓസ്‌ട്രേലിയയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഗിസപ്പേ ലാസറോറ്റോ, .കാന്‍ബറെ ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ.മാര്‍ക്ക്, ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ വി.കെ.ശര്‍മ്മ എന്നിവരുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി. ഓസ്‌ട്രേലിയ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സീസ് കോലഞ്ചേരി, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
പ്രവാസി സമൂഹം സഭയ്ക്കു ശക്തിപകരുന്നു: മാര്‍ മാത്യു അറയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക