Image

ജാമ്യപേക്ഷയില്‍ എഡിജിപി ബി സന്ധ്യക്കെതിരെ പരാമര്‍ശം

Published on 10 August, 2017
ജാമ്യപേക്ഷയില്‍ എഡിജിപി ബി സന്ധ്യക്കെതിരെ പരാമര്‍ശം

നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ എഡിജിപി ബി സന്ധ്യക്കെതിരെ പരാമര്‍ശം. 

ഗൂഢാലോചന ആദ്യം ആരോപിച്ച നടിയുമായി (മഞ്ജു വാര്യര്‍) സന്ധ്യക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. തന്നെ സന്ധ്യ ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയാതെയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

ബി. സന്ധ്യയുടേയും നടിയുടേയും ബന്ധം കേസിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നത്. ചോദ്യം ചെയ്യലിനിടെ മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫാക്കി. മറ്റെല്ലാ കാര്യങ്ങളും ചിത്രീകരിച്ചെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. 

ഐജി ദിനേന്ദ്ര കശ്യപ്പിനെ അറിയിക്കാതെയാണ് ആലുവ പോലീസ് ക്ലബ്ബില്‍ തന്നെ ചോദ്യം ചെയ്തത്. എന്നിട്ടും ചോദ്യം ചെയ്യലിനോട് താന്‍ സഹകരിച്ചെന്നും ദിലീപ് പറയുന്നു

140 സിനിമകളിലഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കി. സിനിമ രംഗത്തെ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. ചില സിനിമ അനുബന്ധ മേഖലകള്‍ കുത്തകയായി കൈവശം വെച്ചിരുന്നവര്‍ ഗൂഢാലോചന നടത്തി.

തന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വന്നതോടെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവായിരുന്ന ലിബര്‍ട്ടി ബഷീര്‍ തന്നെ കുടുക്കാന്‍ ശക്തമായ നീക്കങ്ങളാണ് നടത്തിയത്. തലശ്ശേരി സ്വദേശിയായ ലിബര്‍ട്ടി ബഷീറിന് രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തന്നെ കുടുക്കാന്‍ ബഷീര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായും ജാമ്യ ഹരജിയില്‍ ദിലീപ് കുറ്റപ്പെടുത്തി.

പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'അമ്മ' ഫെബ്രുവരി 19ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് തനിക്കെതിരെയാണെന്ന് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

തന്നെ പ്രതിയാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മാധ്യമങ്ങള്‍ നടത്തിയ കുപ്രചാരണങ്ങളുടെയും ഇതിന് തുടര്‍ച്ചയായി പൊലീസ് സ്വീകരിച്ച തെറ്റായ നടപടികളുടെയും ഇരയാണ്. ഒരു തരത്തിലും ഗൂഢാലോചനയുടെ സൂത്രധാരനല്ല താന്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക