Image

പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ നാളെ വിശ്വവിഖ്യാതമായ ജലപൂരം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 10 August, 2017
 പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ നാളെ വിശ്വവിഖ്യാതമായ ജലപൂരം (എ.എസ് ശ്രീകുമാര്‍)
കിഴക്കിന്റെ വെനീസ് നാളെ (ഓഗസ്റ്റ് 12) മറ്റൊരു ജലോല്‍സവത്തിന് തുഴയെറിയുകയാണ്. ആലപ്പുഴ പുന്നമടക്കായലിന്റെ  ജലപ്പരപ്പില്‍ കുട്ടനാടന്‍ മെയ്ക്കരുത്ത് ജലപൂരം നടത്തുന്ന അപൂര്‍വ കാഴ്ച ആസ്വദിക്കാന്‍ വള്ളംകളി പ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്നു. 65-ാമത് നെഹ്‌റു ട്രോഫിയുടെ തുഴയുദ്ധത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. നെഹ്‌റു ട്രോഫി ജലമേളയുടെ ആവേശ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കുന്നത് ഇക്കുറിയാണെന്ന പ്രത്യേകതയുണ്ട്. ചുണ്ടന്‍ ഉള്‍പ്പെടെ 78 വള്ളങ്ങളാണ് പുന്നമടക്കായലിലെ ജലമാമാങ്കത്തില്‍ പടവെട്ടുന്നത്. മല്‍സരയിനത്തില്‍ 20 ഉം പ്രദര്‍ശന മല്‍സരത്തില്‍ നാലും ഉള്‍പ്പെടെ 24 ചുണ്ടന്‍ വള്ളങ്ങള്‍ കായലില്‍ വേഗതയുടെ മിന്നല്‍പിണരാവും.

അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും ഒന്‍പത് വെപ്പ് എ ഗ്രേഡ് വള്ളങ്ങളും ആറ് വെപ്പ് ബി ഗ്രേഡ് വള്ളങ്ങളും മൂന്ന് ചുരുളന്‍ വള്ളങ്ങളും മല്‍രിക്കും. തെക്കനോടിയില്‍ മൂന്നു വീതം തറ, കെട്ടുവള്ളങ്ങളും പടപൊരുതും. ഉച്ചകഴിഞ്ഞാണ് മല്‍സങ്ങള്‍ എല്ലാം നടക്കുക. കര്‍ക്കിടക മഴയുടെ ലക്ഷണങ്ങളുണ്ടെങ്കിലും മല്‍സരം മുറുകുന്തോറും ആവേശച്ചൂട് കൂടിക്കൊണ്ടിരിക്കുമെന്നതാണ് നമ്മുടെ വള്ളം കളിയുടെ പ്രത്യേകത. കാരണം, കേരളത്തിന്റെ തനത് ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിയില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കൊമ്പുകോര്‍ക്കുന്നു. ഇവയില്‍ രാജാവ് ചുണ്ടന്‍ വള്ളം തന്നെ. ചുരുളന്‍ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം, വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ് മറ്റ് ഇനങ്ങള്‍. കേരളത്തിലെ സുപ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് വള്ളം കളി. കേരള സര്‍ക്കാര്‍ വള്ളംകളിയെ ഒരു കായിക ഇനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

വള്ളം കളിക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മാനവ സംകാരത്തിലെ ഉദയ ഘട്ടം മുതല്‍ വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ നൈല്‍ നദിയില്‍ പാമ്പോടമത്സരം അഥവാ ചുണ്ടന്‍ വള്ളം കളി നിലവിലിരുന്നു. മതപരമാാ കാര്യങ്ങള്‍ക്കായി രാത്രികാലങ്ങളിലാണവിടങ്ങളില്‍ ജലോത്സവം നടത്തിയിരുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ പ്രാചീനകാലത്ത് രൂപം കൊണ്ട സൈനിക ജലവാഹനങ്ങളായിരുന്നു. വലിയ നൗകകളിലേക്കും മറ്റും മിന്നലാക്രമണം നടത്താനുള്ളത്ര വേഗം നീണ്ടു മെലിഞ്ഞ വള്ളങ്ങള്‍ക്ക് പൊടുന്നനെ കൈവരിക്കാനിവക്കാവുമെന്നതു തന്നെയാണ് കാരണം.

ജലാശയങ്ങള്‍ ഒട്ടനവധിയുള്ള കേരളത്തില്‍ ചേര രാജാക്കന്മാരുടെ കാലം മുതല്‍ക്കേ വഞ്ചികള്‍ പ്രധാന ഗതാഗത മാര്‍ഗ്ഗമായിരുന്നു. ചരിത്രത്തിന്റെ ഏടുകളില്‍ ചേരരാജാക്കന്മാരുടെ തലസ്ഥാനം തന്നെ വഞ്ചി ചേര്‍ന്നതാണ്. ആദിചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം 'വഞ്ചി'മുത്തൂര്‍ ആയിരുന്നു. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നുവരുന്നത്. 1615ല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എഴുന്നള്ളിച്ച സംഭവത്തെ അനുസ്മരിച്ച് ചമ്പക്കുളം വള്ളംകളി നടത്തുന്നു. ആറന്മുളയില്‍ വള്ളം കളി മറ്റുള്ളയിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ അലങ്കരിച്ച പള്ളിയോടങ്ങള്‍ ഉപയോഗിച്ച് ആഡംബരപൂര്‍വ്വമായ എഴുന്നള്ളത്താണ് നടക്കുന്നത്. പ്രസിദ്ധമായ നെഹ്രു ട്രോഫി വള്ളംകളി വര്‍ഷം തോറും ഓഗസ്റ്റുമാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ആലപ്പുഴ പുന്നമട കായലില്‍ അരങ്ങേറുന്നത്.

ഈ ജലോത്സവം ലോകമെമ്പാടും നിനിനുള്ള വിദേശ വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ അഭിമാന ചരിത്രം തുടങ്ങുന്നത്. 1952ലായിരുന്നു ആ ചരിത്ര സംഭവം. പുന്നമടക്കായലില്‍ തന്നെയാണ് നെഹ്‌റുവിനെ സാക്ഷിയാക്കി മത്സരം അരങ്ങേറിയത്. ചുണ്ടന്‍ വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരം തീര്‍ന്നപ്പോള്‍  സകല സുരക്ഷാ ക്രമീകരണങ്ങളും അവഗണിച്ച അന്ന് വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെ എത്തിച്ച്  യാത്രയാക്കുകയുണ്ടായി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നുവെന്നതും ഇത്തരുണത്തില്‍ സ്മരണീയം.

ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്‌റു ആലപ്പുഴയിലേയ്ക്ക് അയച്ചു കൊടുത്തു. ഈ മാതൃകയാണ് ഇന്നും വിജയികള്‍ക്ക് നല്‍കുന്ന നെഹ്‌റു ട്രോഫി. തുടക്കത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു ഈ ജലമേള അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരസൂചകമായി കപ്പിന്റെ പേര്  നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കി. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും മല്‍സരിക്കുന്ന വള്ളങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാവുന്നുണ്ട്.

ഇത്തവണത്തെ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഓലത്തോണി തുഴയുന്ന കുട്ടനാടന്‍ കൊഞ്ചാണ്. നെഹ്രു ട്രോഫി പബഌസിറ്റി കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തില്‍ ലഭിച്ച 63 എന്‍ട്രികളില്‍നിന്നാണ് പാതിരപ്പള്ളി അഭിരാമത്തില്‍ വി.ആര്‍. രഘുനാഥ്് വരച്ച ചിത്രം ഭാഗ്യചിഹ്നമായത്. ഇക്കുറി വേറെയും പ്രത്യേകതകളുണ്ട്...വള്ളംകളിയെ വരവേല്‍ക്കാന്‍ പാട്ടുകള്‍ ഒഴുകുന്നു. മന്ത്രി ജി. സുധാകരന്റേതു മുതല്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റേതുവരെയുണ്ടിവയില്‍. ഇവരുടെ ഗാനങ്ങള്‍ നെഹ്‌റു ട്രോഫിക്ക് ആവേശവും ഓളവും തീര്‍ക്കുമെന്നതില്‍ സംശയമില്ല. ഗോപിസുന്ദര്‍ പാടി അഭിനയിക്കുന്ന ആല്‍ബം തയ്യാറായി. ഗായകന്‍ സുദീപ് കുമാറും ഗോപി സുന്ദറിനൊപ്പം ആല്‍ബത്തിലുണ്ട്. പുന്നമടക്കായലിലാണ് ഇതിന്റെ ചിത്രീകരണം നടന്നത്. 

മന്ത്രി ജി. സുധാകരന്‍ തന്റെ കവിതയുടെ ദൃശ്യാവിഷ്‌കാരമാണ് നെഹ്റു ട്രോഫിയുമായി ബന്ധപ്പെട്ട് തയാറാക്കിയത്. കവിത ആലപിക്കുന്നത് മന്ത്രിയുടെ ഗണ്‍മാന്‍ തന്നെ. നിര്‍മാണം ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്നും. പരീത് പണ്ടാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ഗഫൂര്‍.വൈ. ഇല്ല്യാസണ് സംവിധാനം ചെയ്യുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള കവിതയില്‍ തനി കുട്ടനാട്ടുകാരനായി മന്ത്രി ക്യാമറയ്ക്ക് മുന്നിലെത്തി.

പുന്നമടക്കായലില്‍ നിന്ന് പ്രശസ്തമായ ആ വഞ്ചിപ്പാട്ട് ഒഴുകിയെത്തുന്നില്ലേ...
'കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചു പെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം
കുരവ വേണം...ഓ... തിത്തിത്താരാ
തിത്തിത്തൈ...തിത്തൈ തകതക തൈ തോ...

 പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ നാളെ വിശ്വവിഖ്യാതമായ ജലപൂരം (എ.എസ് ശ്രീകുമാര്‍) പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ നാളെ വിശ്വവിഖ്യാതമായ ജലപൂരം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക