Image

'മന്ത്രിയുടെ ഭര്‍ത്താവ്‌ മര്‍ദിച്ചിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന്‌ ദളിത്‌ യുവതി

Published on 11 August, 2017
'മന്ത്രിയുടെ ഭര്‍ത്താവ്‌ മര്‍ദിച്ചിട്ടില്ല;  മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന്‌ ദളിത്‌ യുവതി
മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവുമായ കെ ഭാസ്‌കരന്‍ തന്നെ മര്‍ദിച്ചിട്ടില്ലെന്ന്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക ഷീല രാജന്‍. തെരഞ്ഞെടുപ്പ്‌ ദിവസം വാക്ക്‌ തര്‍ക്കം മാത്രമാണുണ്ടായത്‌. പോളിങ്‌ ബുത്തില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മനോവിഷമമുണ്ടായി. തെറ്റായ വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇവര്‍ പറഞ്ഞു.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത്‌ തെറ്റായ വാര്‍ത്തയാണെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികരിച്ചു. ഭാസ്‌കരനെതിരെ പാര്‍ട്ടിക്ക്‌ പരാതി ലഭിച്ചിട്ടില്ല. മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസ്‌ നേതാക്കള്‍ അവകാശപ്പെട്ടത്‌ പോലെ വിജയം അവര്‍ക്ക്‌ നേടാനായില്ല.

മിന്നുന്ന വിജയമാണ്‌ എല്‍ഡിഎഫ്‌ നേടിയത്‌. പാര്‍ട്ടി നേടിയ വിജയത്തിന്റെ തിളക്കം കുറയ്‌ക്കുന്നതിന്‌ വേണ്ടിയുള്ള ആസൂത്രിതമായ പ്രചരണമാണ്‌ ഇതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന്‌ പാര്‍ട്ടി പ്രവര്‍ത്തക അറിച്ചിട്ടുണ്ട്‌. ഇത്തരം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ കുറച്ച്‌ പ്രയാസപ്പെടുമെന്നും പി ജയരാജന്‍ പറഞ്ഞു.

മട്ടന്നൂരിലെ മുന്‍ നഗരസഭാംഗവും സിപിഐഎം ബൂത്ത്‌ ഏജന്റുമാണ്‌ ഷീല രാജന്‍. ആഗസ്റ്റ്‌ എട്ടാം തിയതി പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട്‌ സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ പോളിങ്‌ ഉദ്യോഗസ്ഥരോട്‌ ഭാസ്‌കരനെപ്പറ്റി മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക കൂടിയായ ഷീല പരാതി പറഞ്ഞു.

തുടര്‍ന്ന്‌ ഭാസ്‌കരന്‍ ഷീലയുടെ നേര്‍ക്ക്‌ തിരിയുകയും ചീത്തവിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ്‌ പരാതി. തുടര്‍ന്ന്‌ ഷീലയുടെ ഭര്‍ത്താവും ഇടത്‌ സംഘടനയായ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ നേതാവുമായ കെപി രാജന്‍ സ്ഥലത്തെത്തി.

ഭാസ്‌കരനെതിരെ നടപടിയെടുക്കാന്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശിച്ചെന്ന വാര്‍ത്ത ഇന്ന്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക