Image

തീരാത്ത ആനപ്പേടിയും ചില ഗജഗുണ വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 12 August, 2017
തീരാത്ത ആനപ്പേടിയും ചില ഗജഗുണ വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)
ഇന്ന് (ഓഗസ്റ്റ് 12) അഖില ലോക ആന ദിനമാണ്. കേരളത്തില്‍ ആനകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഇന്ന് പഞ്ഞമില്ല. ഉല്‍സവ വേളകളിലും കൂപ്പുകളില്‍ തടിപിടിപ്പിക്കുമ്പോഴുമെല്ലാം ആനകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇതിനപപുറമെ ആനക്കൊമ്പിനുവേണ്ടി കാട്ടാനകളെ വ്യാപകമായി കൊന്നൊടുക്കുന്ന വാര്‍ത്തകളും നാം കേള്‍ക്കുന്നു. അതുപോലെ തന്നെ ആനകളുടെ സ്വാഭാവിക ആവാസ സ്ഥലമായ കാടുകളില്‍ അവയ്ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ആനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പതിവായിട്ടുണ്ട്. കഴിഞ്ഞ ഒന്‍പതു ദിവസമായി പാലക്കാട്ടെ ജനങ്ങള്‍ ആനപ്പേടിയിലായിരുന്നു. കാരണം കാട്ടില്‍ നിന്നെത്തിയ മൂന്ന് ആനകള്‍ ഇവിടെ സൈ്വരവിഹാരം നടത്തുകയായിരുന്നു. ഒടുവില്‍ മൂന്നാനകളും കാടുകയറിയിട്ടുണ്ട്.

ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ധോണി വനമേഖലയുടെ ഭാഗമായ മുണ്ടൂര്‍ വടക്കുംപുറം ഭാഗത്തെ കാട്ടിലേയ്ക്കാണ് ഇവ കയറിപ്പോയത്. എട്ടുദിവസംകൊണ്ട് ഇരുനൂറിനടുത്ത് കിലോമീറ്ററുകളാണ് കാട്ടാനകള്‍ നാട്ടില്‍ താണ്ടിയത്. പാലക്കാട് ജില്ലയിലെ ധോണി വനമേഖലയില്‍നിന്ന് ഇറങ്ങി മുണ്ടൂര്‍, മാങ്കുറുശ്ശി, പെരിങ്ങോട്ടുകുറുശ്ശി വഴി തൃശ്ശൂര്‍ ജില്ലയിലെ പാമ്പാടി, കുത്താമ്പുള്ളി, തിരുവില്വാമല പ്രദേശങ്ങളിലൂടെയായിരുന്നു സഞ്ചാരം. ശാന്തപ്രകൃതരായിരുന്നു ഈ കൊമ്പന്‍മാര്‍. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതുമില്ല. എന്നാല്‍, കാട്ടാനകളെ അലോസരപ്പെടുത്തിയത് ജനക്കൂട്ടത്തിന്റെ സാന്നിധ്യമായിരുന്നു. പലപ്പോഴും ജനക്കൂട്ടം ആനകളെ വഴിതെറ്റിച്ചു. ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആനകള്‍ നില്‍ക്കുന്ന പ്രദേശത്തേക്ക് ജനമെത്തി. അതേസമയം ഒരു പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാര്‍വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് മൂന്നു കാട്ടാനകള്‍ നാടിനെ ബോധ്യപ്പെടുത്തി. എല്ലാം വനംവകുപ്പ് നോക്കിക്കൊള്ളുമെന്ന ചിന്തയില്‍ റവന്യൂ, പോലീസ്, അഗ്‌നിരക്ഷാ വകുപ്പുകള്‍. എന്തുചെയ്യണമെന്ന് അറിയാതെ നിസ്സഹായരായി വനംവകുപ്പ്.

മറ്റൊരു വാര്‍ത്ത റാഞ്ചിയില്‍ നിന്നുള്ളതാണ്. 15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാന്‍ ലോക ആന ദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടതാണ് പ്രസ്തുത വാര്‍ത്ത. ആനയെ മയക്ക് വെടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് ആനയെക്കൊല്ലാനുള്ള തീരുമാനമെടുത്തതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ എല്‍ ആര്‍ സിങ് അറിയിച്ചു. ആനയെ വെടിവെച്ച് കൊല്ലാനായി പ്രസിദ്ധ ഷൂട്ടര്‍ നവാബ് ഷഫാത്ത് അലിഖാനെ നിയോഗിച്ചു. മാര്‍ച്ച് മാസത്തില്‍ ബിഹാറിലെ നാസ് പേരെ ചവിട്ടിക്കൊന്ന ആന അതിര്‍ത്തി കടന്ന് ജാര്‍ഖണ്ഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെത്തിയ ആനയുടെ ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.

സാഹിബ് ഗഞ്ച് ജില്ലയിലെ കിഴക്കാംതൂക്കായ പ്രദേശങ്ങള്‍ മൂലം മയക്ക് വെടിവെക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാലാണ് ആനയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടതെന്നും എല്‍.ആര്‍ സിങ് ന്യായീകരിക്കുന്നു. 15 അടി ദൂരം മാത്രമാണ് ഈ പ്രദേശത്തിന്റെ ദൃശ്യത. അതുകൊണ്ട് തന്നെ മയക്കു വെടിവെക്കുക എന്നത് അസാധ്യമാണ്. ഇതുവരെ ഒരുപാട് മനുഷ്യരെ ആന കൊന്നു. നാല് ദിവസത്തിനിടെ രണ്ട് പേരാണ് മരിച്ചത്. 24മണിക്കൂറോളം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിട്ടും മയക്ക് വെടിവെക്കാനായില്ല മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് വെടിവെച്ച് കൊല്ലുന്നത്' അദ്ദേഹം പറയുന്നു. കൂട്ടം തെറ്റിയ ആന തിരികെ കാട്ടിലേക്ക് പോവാന്‍ കഴിയാതെ വന്നതോടെയാണ് ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നത്. പഹാരിയ ആദിവാസി വിഭാഗമാണ് ഇവിടങ്ങളില്‍ താമസിക്കുന്നതെന്നതു കൊണ്ട് തന്നെ കൊല്ലപ്പെട്ട 11 പേരില്‍ ഒമ്പതും പഹാരിയ വിഭാഗത്തില്‍ പെട്ടവരാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്രരായ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് പഹാരിയകള്‍.

മൂന്നാര്‍ ചിന്നക്കനാലില്‍ നിന്ന് ഒരു ദയനീയ സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ തച്ചങ്കരി എസ്റ്റേറ്റില്‍ വൈദ്യുതാഘാതമേറ്റ് ഒരു കാട്ടാന ചരിഞ്ഞു. 11 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞത്. എസ്റ്റേറ്റിന്റെ കവാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ടോമിന്‍ തച്ചങ്കരിയുടെ സഹോദരനും എസ്റ്റേറ്റ് ഉടമയുമായ ടിസന്‍ തച്ചങ്കരിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ഉടുമ്പന്‍ചോല പാറത്തോട് മേത്തുരുത്തി വീട്ടില്‍ ഷിജോ എന്ന 34 കാരനെ അറസ്റ്റ് ചെയ്തു. എസ്റ്റേറ്റിന് ചുറ്റും വിയമവിരുദ്ധമായി വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ മൂന്നാറില്‍ ചരിയുന്ന മൂന്നാമത്തെ കാട്ടാനയാണിത്. മൂന്നാറില്‍ നാട്ടുകാര്‍ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് ഓടിച്ച കാട്ടാന കഴിഞ്ഞ മാസം ചരിഞ്ഞിരുന്നു. ചണ്ടുവാര എസ്റ്റേറ്റിലെത്തിയ കാട്ടാനയെയാണ് നാട്ടുകാര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുരത്തിയോടിച്ചത്. മസ്തകത്തില്‍ മര്‍ദനമേറ്റാണ് ആന ചരിഞ്ഞതെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് ഓഗസ്റ്റ് അഞ്ചിന് തലയാര്‍ എസ്റ്റേറ്റില്‍ നിന്നും ആനയുടെ ജഡം കണ്ടെത്തിയത്. സമീപത്തെ പാറയില്‍ നിന്നും തെന്നി വീണായിരുന്നു അപകടം.
***
ആന വാര്‍ത്തകള്‍ ഇങ്ങനെ സെന്‍സേഷണലാവുമ്പോള്‍ കോന്നി ആനത്താവളത്തിലേയ്ക്ക് ഒരു ആന ദിന സഫാരിയാവാം....കേരളത്തിന്റെ വിനോദസഞ്ചാര മനസ്സില്‍ സ്ഥാനം പിടിച്ച ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി ആനത്താവളം. കാലം മായ്ക്കാത്ത തലയെടുപ്പോടും കാലാതീതമായ മനസ്സോടും കാല്പനികമായ ഭംഗിയോടും കൂടി ഇവിടെ തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഗജകേസരികളെയും പിടിയാനകളെയും കൊച്ചു കുറുമ്പന്മാരെയും കാണാന്‍ എത്തുക എന്നതുതന്നെ ജീവിതത്തിലെ ഒരു മോഹ സാക്ഷാത്ക്കാരമാണ്. ഈ ആനത്താവളം വളരെ പ്രശസ്തമാണ്്. ആനകളെ എത്ര കണ്ടാലും ആനവിശേഷങ്ങള്‍ എത്ര കേട്ടാലും നമുക്കൊരിക്കലും മതിയാവുകയില്ല. അത്തരം ഒരു വിശേഷപ്പെരുമയുടെ നേര്‍ക്കാഴ്ചയിലേക്ക്...

കോന്നിയിലെ ആന പരിശീലന കേന്ദ്രം ആനപ്രേമികളെ എന്നു മാത്രമല്ല എക്കോ ഫ്രണ്ട്‌ലി കാലാവസ്ഥ  ആഗ്രഹിക്കുന്ന ഏതൊരാളെയും ഇവിടെ പ്രകാശവേഗത്തില്‍ എത്തിക്കുന്നു. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗര മധ്യത്തില്‍ നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന ആനത്താവളത്തിലേക്ക് എത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ അനവധിയാണ്. ബ്രിട്ടീഷുകാരാണ് 1810-ല്‍ കോന്നിയ്ക്കടുത്ത്  മഞ്ഞക്കടമ്പില്‍ ആദ്യമായി  ആനത്താവളം ആരംഭിച്ചത്. ലക്ഷണമൊത്ത ആനകള്‍ കോന്നി വനമേഖലയില്‍ ഉണ്ടെന്ന് അവര്‍ക്ക് അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഉദ്യമം. വാരിക്കുഴി ഒരുക്കി ആനകളെ പിടിക്കുകയായിരുന്നു ആദ്യ സമയങ്ങളില്‍. 1942ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവായിരുന്നു ഒന്‍പതേക്കറില്‍  ഇന്നു കാണുന്ന ആനത്താവളത്തിന്റെ ശില്പിയായി രംഗപ്രവേശം ചെയ്തത്.

വനം വകുപ്പിന്റെ ഡിപ്പോകളില്‍ തടി പിടിക്കുന്നതിനായാണ് അക്കാലത്ത് ആനകളെ ഉപയോഗിച്ചിരുന്നത്. 1977ല്‍ ആനകളെ കുഴിയില്‍ വീഴ്ത്തി പിടിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഇന്ന് പരിക്കേറ്റും പ്രകൃതിക്ഷോഭത്തിന്റെ പിടിയിലമര്‍ന്നും നിരാലംബരായി കാട്ടില്‍ കഴിയുന്ന ആനകളെയാണ് ഈ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് ശുശ്രൂഷിച്ച് വരുന്നത്. കമ്പകമരമാണ് ആനകളെ പരിശീലിപ്പിക്കുവാനുള്ള കൂടിന്റെ നിര്‍മിതിക്ക് ഉപയോഗിക്കുന്നത്. ആനക്കൂടിന്റെ അളവിനെ പറ്റി പറയട്ടെ. നീളം 12.65 മീറ്റര്‍, വീതി 8.60 മീറ്ററാണ്. ഉയരം 7 മീറ്റര്‍. കോന്നിയിലെ പ്രധാനപ്പെട്ട താപ്പാനകളെ അറിയണം. അവരുടെ പേരുകള്‍ ഇങ്ങനെയാണ്. കോന്നിയില്‍ കൊച്ചയ്യപ്പന്‍, രഞ്ജി, പത്മനാഭന്‍, ബാലകൃഷ്ണന്‍, സോമന്‍, വേണു, രമേശന്‍, മണി

ഏതാനും മാസം മുമ്പ് കോന്നിയില്‍ ചെന്നപ്പോള്‍ വാലാട്ടിയും തുമ്പിക്കൈ ചുഴറ്റിയും തലകുലുക്കിയും സ്‌നേഹിച്ച് സ്വീകരിച്ച ആനകളുടെ പേരുകളും പറയാം. സോമന്‍, പ്രിയദര്‍ശിനി, മീന, സുരേന്ദ്രന്‍, ഇന്ദ്രജിത്ത്, ഈവ, ലക്ഷ്മി, കൃഷ്ണ. ഇവര്‍ക്ക് എല്ലാവര്‍ക്കും പറയാനുണ്ട് ഈ നല്ല വീട്ടിലേക്ക് വരുവാനുള്ള കാരണങ്ങള്‍. ഇതിനു മുമ്പ് ഇവിടെയൊരു ആനപ്പെണ്ണുണ്ടായിരുന്നു. അവളുടെ പേരാണ് സംയുക്ത. ഇന്ത്യയുടെ സമ്മാനമായി പോര്‍ട്ടുഗലിന് നല്‍കിയ ആനയാണ് പ്രിയ സംയുക്ത. പണ്ട് അവള്‍ ഇവിടുന്ന് പോകുമ്പോള്‍ ഇത്തിരി കണ്ണീര് ഇറ്റിച്ചു കാണും. എങ്കിലും ആ രാജ്യത്ത് നമ്മുടെ നാടിന്റെ തലയെടുപ്പോടുകൂടി അവള്‍ സുഖമായി ജീവിക്കുന്നു എന്ന് പ്രതീക്ഷിക്കാം.

കോന്നി ആനത്താവളത്തിലെ ആനകളെയെല്ലാം കൊണ്ടുവന്നിട്ടുള്ളത് മുണ്ടോംമൂഴി, തുറ, മണ്ണാറപ്പാറ എന്നീ സ്ഥലങ്ങളില്‍ നിന്നാണ്. ആനപിടുത്തം നിര്‍ത്തലാക്കിയ 1977ന് മുമ്പ് വാരിക്കുഴികള്‍ നിര്‍മിച്ച് പിടിച്ച ആനകളാണ് അങ്ങനെ ഇവിടെ എത്തപ്പെട്ടത്. കെണിയില്‍ വീഴ്ത്തി പിടിക്കുക എന്നത് ഒരു വിനോദമായിരുന്നില്ല, മനുഷ്യന്റെ വ്യാപാരതൃഷ്ണയുടെ അടിസ്ഥാനത്തില്‍ ഈ ബ്രഹ്മാണ്ഡ ജീവിയെ ഉപയോഗിക്കുക എന്ന മോഹമായിരുന്നു. വാരിക്കുഴിയില്‍ വീഴ്ത്തി താപ്പാനകളെക്കൊണ്ട് പിടിച്ചുകെട്ടി കൊണ്ടുവരുന്ന ആനകളെ യഥേഷ്ടം കച്ചവട താല്പര്യങ്ങള്‍ക്ക് വേണ്ടി ശിക്ഷിച്ചും ക്ഷീണിപ്പിച്ചും വിനിയോഗിക്കുന്ന നരനൃശംസതയുടെ ദിനങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് ആ പരിപാടി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കപ്പെട്ടത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ കോന്നി ആനത്താവളത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യം കൊണ്ടു തന്നെ പറയാം ആനകളുടെ ഈ മേച്ചില്‍പ്പുറത്തിന് ചരിത്രത്തിന്റെ കൈയ്യൊപ്പുണ്ട് എന്ന്. സാധാരണ കൂപ്പുകളിലും തടിമില്ലുകളിലും കാണുന്ന ആനകളെപ്പോലെയല്ല കോന്നിയിലെ ഈ മഹാമേരുക്കള്‍ ജീവിക്കുന്നത്. പൂരങ്ങളില്‍ മണിക്കൂറുകളോളം തിടമ്പ് മസ്തകത്തിലേറ്റി നിന്ന് കുടമാറ്റങ്ങള്‍ക്ക് ചാരുതയേകാനോ അമ്പലങ്ങളിലെ ഉത്സവ എഴുന്നെള്ളിപ്പുകള്‍ക്ക് പാപ്പാന്റെ തോട്ടിപ്പിടിയില്‍ അമര്‍ന്നു നില്‍ക്കാനോ ടിപ്പറുകളില്‍ ഒരു സ്ഥലത്തു നിന്ന് കിലോമീറ്ററുകള്‍ നീണ്ട മറ്റൊരു സ്ഥലത്തേക്ക് യാത്ര  ചെയ്ത് ക്ഷീണിക്കാനോ അനുവദിക്കുന്നില്ല ഈ ആനത്താവളത്തിലെ അധികാരികള്‍. പനമ്പട്ടയും പോച്ചയും പിന്നെ ഇഷ്ടമുള്ള ആഹാരങ്ങളും കൊടുത്ത് വയറു നിറപ്പിച്ച് കുളിക്കാന്‍ വെള്ളവും നടക്കാന്‍ പച്ചപ്പുല്‍ത്തകിടികളും ഒരുക്കി സംരക്ഷിക്കുന്ന ഈ ആനത്താവളം കണ്ടപ്പോള്‍ ഇത് ലോകത്തിനു തന്നെ ഒരു മാതൃക അല്ലേ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.

കോന്നിക്ക് സമീപമുള്ള അച്ഛന്‍ കോവിലാറിലാണ് ആനകളെ കുളിപ്പിക്കുന്നത്. നദിയിലെ വെള്ളം കലങ്ങിക്കിടക്കുമ്പോള്‍ ആനകളെ കുളിപ്പിക്കാറില്ല. വെള്ളം കലങ്ങിക്കിടന്നാല്‍ ആന ഭീതിയോടെ അക്കരെ കടന്ന് കാട്ടിലേക്ക് കയറും എന്ന് ഉറപ്പാണ്. അച്ചന്‍കോവിലാര്‍ കലങ്ങിക്കിടന്നാല്‍ ഇവിടെ കൊണ്ടുവന്ന് കുളിപ്പിക്കാറില്ല. ആനത്താവളത്തിലെ പമ്പ് ഉപയോഗിച്ച് ഇവയെ തണുപ്പിക്കും. എന്നാലും പൈപ്പുപയോഗിച്ചുള്ള കുളിയേക്കാള്‍ ഇവിടുത്തെ ആനകള്‍ക്കിഷ്ടം അച്ഛന്‍കോവിലാറ്റിലെ നീരാട്ടാണ്. നദിയിലിറങ്ങി വികൃതി കാട്ടാന്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട അവസരം വേറെയില്ലെന്നതാണ് കാരണം. വിസ്തരിച്ചുള്ള കുളി കഴിഞ്ഞ് താവളത്തിലെത്തിയാല്‍ പനമ്പട്ടയും ഓലയും ഇഷ്ടം പോലെ കഴിച്ച് വയറ് നിറയ്ക്കാം.

ഇനി ആനയുടെ ഒരു ദിവസത്തെ ശരാശരി ഭക്ഷണത്തെ കുറിച്ച് പറയട്ടെ. കൂടെ ചില ഗജവിശേഷങ്ങളും. ആഹാരം ദിവസേന 200-250 കിലോ, കുടിയ്ക്കാന്‍ വെള്ളം 250 ലിറ്റര്‍, പുറന്തള്ളുന്ന മൂത്രം 50 ലിറ്റര്‍, പുറന്തള്ളുന്ന പിണ്ഡം 150-200 കിലോഗ്രാം, ഗര്‍ഭകാലം 20 മാസം (ശരാശരി), ഹൃദയതാളം-28/മിനിറ്റ് (നില്‍ക്കുമ്പോള്‍) 35 / മിനിറ്റ് (കിടക്കുമ്പോള്‍), ശ്വസന നിരക്ക് 10 / മിനിറ്റ് (നില്‍ക്കുമ്പോള്‍) അഞ്ച് / മിനിറ്റ് (കിടക്കുമ്പോള്‍), ശരീരതാപനില 35.90 സെല്‍ഷ്യസ്, വൃഷണം വയറിനകത്ത്, തുമ്പിക്കൈ മേല്‍ച്ചുണ്ട് രൂപാന്തരപ്പെട്ടത്, തൂണിക്കൈ തുമ്പിക്കൈയുടെ അറ്റത്തുള്ള ത്രികോണാകൃതിയുള്ള അവയവം, നാക്ക് വെളിയിലേക്ക് നീക്കാന്‍ സാധിക്കുകയില്ല, കൊമ്പുകള്‍ ഉളിപ്പല്ലുകള്‍ രൂപാന്തരം പ്രാപിച്ചത്, തേറ്റകള്‍ പിടിയാനയ്ക്കും മോഴയ്ക്കും മാത്രം, വിരലുകള്‍ ഇല്ല, നഖങ്ങള്‍ 16 മുതല്‍ 20 വരെ.

ലക്ഷണമൊത്ത ഒരു ആന എങ്ങനെയിരിക്കുമെന്നു നോക്കാം. ആനയുടെ അഴകളവുകള്‍ ഇപ്രകാരമാണ്. നിറം- കരിവീട്ടിയുടേത്, തുമ്പിക്കൈ-നിലത്തിഴയണം, തലകുന്നി-ഉയര്‍ന്നതാകണം, മസ്തകം-തള്ളി നില്‍ക്കണം, കൊമ്പുകള്‍-വീണ് എടുത്ത് അകന്ന് ഉയര്‍ന്ന് വെണ്മയാര്‍ന്നവ, കണ്ണുകള്‍-തെളിമയുള്ളവ, ചെവികള്‍-വിസ്താരമേറിയ, കഴുത്ത്-കുറിയതായിരിക്കണം, കാലുകള്‍-ഉറച്ചതാകണം, നഖങ്ങള്‍-18 എണ്ണം ഒരേ നിറത്തില്‍, ഉടല്‍-നീളമേറിയതാകണം, വാല്‍-നീളമുള്ള, നിലത്തുമുട്ടാത്ത, രോമം നിറഞ്ഞതാകണം. ഇങ്ങനെ ആനകള്‍ മനുഷ്യരുടെ ഒരിക്കലുമടങ്ങാത്ത കൗതുകത്തിന്റെയും ആശ്ചര്യത്തിന്റെയും പര്യായമാകുന്നു.


തീരാത്ത ആനപ്പേടിയും ചില ഗജഗുണ വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)തീരാത്ത ആനപ്പേടിയും ചില ഗജഗുണ വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
ഒരു ആനക്കാരൻ 2017-08-12 08:57:25
ഇന്ന് ആന ദിനം ആണല്ലോ. ആഘോഷിക്കാൻ  വലിയ ആനയായ  FOKNA  കരൈ കാണുന്നില്ലല്ലോ.  വല്ല അവാർഡും  പൊന്നാടയും  ജീവ കാരുണ്യ  പ്രവർത്തനത്തിന്  വാങ്ങാൻ  പോയതായിരിക്കും.
ഇനി  എന്നാ  അന്ന്  ആമക്കാരും -ഫോമാ- ക്കാരും ഇറങ്ങണം.  ആനദിന ആശംസകൾ.
FOKKAMA 2017-08-12 09:59:28
ഉടനെ തന്നെ ആമ ദിനം വരും അന്ന് ഫോമ പുറത്ത് ഇറങ്ങിയാൽ മതി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക