Image

കേന്ദ്രസര്‍ക്കാരിന്റെ പോലീസ്‌ കൊല്ലാന്‍വന്നു: രാംദേവ്‌

Published on 26 June, 2011
കേന്ദ്രസര്‍ക്കാരിന്റെ പോലീസ്‌ കൊല്ലാന്‍വന്നു: രാംദേവ്‌
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരേ ന്യൂഡല്‍ഹിയിലെ രാംലീല മൈതാനത്ത്‌ നടത്തിയ നിരാഹാരത്തിനിടെ എത്തിയ കേന്ദ്രസര്‍ക്കാരിന്റെ പോലീസ്‌ തന്നെ അറസ്‌റ്റു ചെയ്യാനല്ലായിരുന്നുവെന്നും കൊല്ലാനായിരുന്നുവെന്നും ബാബാ രാംദേവ്‌ ആരോപിച്ചു. ജൂണ്‍ നാലിന്‌ അര്‍ധരാത്രിയുണ്ടായ പോലീസ്‌ നടപടിക്കിടെ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന അനുയായി രാജ്‌ ബാലയെ(51) സന്ദര്‍ശിക്കാനാണ്‌ അദ്ദേഹം ന്യൂഡല്‍ഹിയില്‍ എത്തിയത്‌. രാജ്‌ ബാല വെന്റിലേറ്ററില്‍ കഴിയുകയാണെന്നും രക്ഷപെടുകയാണെങ്കില്‍ അത്‌ അത്ഭുതമായിരിയ്‌ക്കുമെന്നും രാംദേവ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ്‌ അല്ലെങ്കില്‍ മറ്റാരാണ്‌ അവരെ ആക്രമിച്ചതെന്ന്‌ അദ്ദേഹം ചോദിച്ചു.തനിക്കു കളളപ്പണമുണ്ടെന്നു കണ്ടെത്താനായാല്‍ സര്‍ക്കാരിന്‌ അതു ദേശീയ സ്വത്താക്കാമെന്നു രാംദേവ്‌ വെല്ലുവിളിച്ചു. നിയമവിരുദ്ധമായ കാര്യങ്ങളാണു താന്‍ ചെയ്യുന്നത്‌ എന്നു കരുതുന്നുവെങ്കില്‍ സര്‍ക്കാര്‍ എന്തിനാണു വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാനായി നാലു മന്ത്രിമാരെ അയച്ചതെന്നു വ്യക്‌തമാക്കണമെന്നു രാംദേവ്‌ പറഞ്ഞു.എന്തുകൊണ്ടാണു പ്രധാനമന്ത്രിയും പ്രണബ്‌ മുഖര്‍ജിയും തനിക്കു കത്തെഴുതിയതെന്നും അദ്ദേഹം ചോദിച്ചു. ആവശ്യംവരുമ്പോള്‍ മന്ത്രി കപില്‍ സിബലുമായി താന്‍ നടത്തിയ സംഭാഷണങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക