Image

പാവപ്പെട്ട പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ?പി.സി ജോര്‍ജ് എം.എല്‍.എ

Published on 12 August, 2017
 പാവപ്പെട്ട പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ?പി.സി ജോര്‍ജ് എം.എല്‍.എ
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കാനുള്ള വനിതാകമ്മീഷന്‍ നടപടിയെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പരിഹാസരൂപേണ അദ്ദേഹം പ്രതികരിച്ചു.

അവരാദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടുമെന്നും പി.സി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ആദ്യം മട്ടന്നൂര് പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദിച്ച മന്ത്രിയുടെ ഭര്‍ത്താവിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കണം. അതുകഴിഞ്ഞ് കോട്ടയത്തെ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കു മുന്നില്‍ പാന്റിന്റെ സിബ്ബൂരി അപമാനിച്ച മാനേജ്‌മെന്റിന്റെ പിണിയാള്‍ക്കെതിരെ കേസെടുക്കണം. അങ്ങനെ നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് ഇങ്ങോട്ട് വന്നാല്‍ താനും കൂടാമെന്നും അല്ലാതെ തന്റെ മൂക്കു ചെത്താന്‍ ഇങ്ങോട്ടു പോരേണ്ടെന്നും പി.സി ജോര്‍ജ് പറയുന്നു. ഇതിലൊന്നും പേടിക്കുന്ന ആളല്ല താന്‍.

കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമാണെങ്കില്‍ പോകും. അതിലൂടെ കേസ് സംബന്ധമായ മുഴുവന്‍ വിഷയവും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഈ രാജ്യത്തെ പാവപ്പെട്ട പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ?

മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണെന്നും അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴി നല്‍കുന്നതിലൂടെ പുറത്തുകൊണ്ടുവരുമെന്നും പി.സി പറഞ്ഞു.

വനിതാ കമ്മീഷന് മുന്നില്‍ എല്ലാ അവളുമാരുടെയും സ്വഭാവം തെളിവുവച്ച് വിശദീകരിക്കും. മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കയ്യിലിരുപ്പ് പറയാം എന്നതിനാല്‍ കമ്മീഷനില്‍ വരുന്നത് തനിക്ക് ഇഷ്ടമാണ്.

കമ്മീഷനിലാകുമ്പോള്‍ പേരുവച്ചു തന്നെ പറയാം. അതിന് ഒരു അവസരം നല്‍കാനായി എത്രയും പെട്ടെന്ന് വനിതാകമ്മീഷന്‍ താനുമായി ആലോചിച്ച് ഒരു തീയതി തീരുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ 100 ശതമാനം ബോദ്ധ്യത്തോടെയാണ്. ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞിട്ടില്ല.

കേസന്വേഷണത്തിലെ പോലീസിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ച് കാര്യങ്ങള്‍ മനസിലാക്കിയാല്‍ വനിതാകമ്മീഷന് നല്ലത്. പ്രബലര്‍ സ്ത്രീത്വത്തെ അപമാനിക്കരുതെന്ന കമ്മീഷന്റെ പരാമര്‍ശം വിവരക്കേടാണ് -പി.സി ജോര്‍ജ് പറഞ്ഞു.

തനിക്ക് ഭാര്യയും അമ്മയും മകളും പെങ്ങളുമുണ്ട്. താനെന്നല്ല എല്ലാ മനുഷ്യരും അമ്മമാരെ ബഹുമാനിക്കുന്നവരാണ്. ആ അമ്മമാരെപ്പറ്റി വല്ലതും പറഞ്ഞാല്‍ കൊന്നുകളയാന്‍ പോലും മടിക്കില്ല. അതുകൊണ്ട് സ്ത്രീത്വത്തെ ഒന്നും അപമാനിക്കാന്‍ തന്നെ കിട്ടില്ല.

അപമാനിക്കപ്പെടാന്‍ വേണ്ടി നടക്കുന്ന സ്ത്രീകളെുടെ ഗുണവതികാരം പറയുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല. എല്ലാ നടപടികളോടും പൂര്‍ണ്ണമായും സഹകരിക്കുമെന്നും പി.സി ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
(Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക