Image

പ്രഭാഷണ കലയില്‍ നര്‍മ്മം വിതറി യൂടൂബിലെ സുല്‍ത്താന്‍ അല്‍കോബാറില്‍

അനില്‍ കുറിച്ചിമുട്ടം Published on 05 March, 2012
പ്രഭാഷണ കലയില്‍ നര്‍മ്മം വിതറി യൂടൂബിലെ സുല്‍ത്താന്‍ അല്‍കോബാറില്‍
അല്‍കോബാര്‍: യൂത്ത്‌ ലീഗ്‌ നേതാവും മികച്ച വാഗ്മിയുമായ സിദ്ദീഖ്‌ അലി രാങ്ങാട്ടൂര്‍ നര്‍മ്മം വിതച്ചു അല്‍കോബാര്‍ റഫാ ക്ലിനിക്ക്‌ ഹാളില്‍ നടന്ന കെഎംസിസി പ്രത്യേക കണ്‍വന്‍ഷനില്‍ നിറഞ്ഞുകവിഞ്ഞ സദസിനെ കൈയിലെടുത്തു.പച്ചയായ മലബാര്‍ ശീലുകള്‍ നിറഞ്ഞ വാക്കുകളുടെ അണമുറിയാത്ത പ്രവാഹത്തില്‍ സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ മിന്നിമറഞ്ഞു.

ഇന്ത്യ കണ്‌ട ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വിജയിച്ച കേരള മോഡലിന്നു നേതൃത്വം നല്‍കാന്‍ മുന്‍ കാല മുസ്‌ലിം ലീഗ്‌ നേതാക്കള്‍ നടത്തിയ പരിശ്രമങ്ങള്‍ വരും തലമുറക്ക്‌ എന്നും പാഠമാണെന്നും നിശ്ചയദാര്‍ഢ്യവും ആദര്‍ശ ധീരതയും മാത്രം കൈമുതലാക്കി മുസ്‌ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷത്തെ മുഖ്യധാരയില്‍ എത്തിക്കാന്‍ ആ മഹാത്മാക്കള്‍ ഒരുപാട്‌ ത്യാഗം അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.

മൂന്നര പതിറ്റാണ്‌ട്‌ തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സിപിഎം മുസ്‌ലിം ജനതക്ക്‌ സമ്മാനിച്ചത്‌ നിരക്ഷരതയും, ദാരിദ്ര്യവും മാത്രമാണെന്നും എന്നാല്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം മുസ്‌ലിം ലീഗ്‌ കേരള മുസ്‌ലിങ്ങള്‍ക്ക്‌ രണ്‌ടര പതിറ്റാണ്‌ട്‌ കാലത്തെ പക്വതയാര്‍ന്ന രാഷ്ട്രീയ നിലപാടുകളിലൂടെ വികസനത്തിന്റെ വസന്തം വിരിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടുകൊണ്‌ടിരിക്കുന്ന മാര്‍ക്‌സിറ്റ്‌ പാര്‍ട്ടി രാഷ്ട്രീയപരമായി മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന്‌ മനസിലാക്കി ആക്രമണത്തിന്റെ ശൈലി സ്വീകരിക്കുകയാണ്‌.

ബ്രിട്ടീഷുകാരോട്‌ പോരാടിയ മാപ്പിള മക്കളെ കൊലപാതക രാഷ്ട്രീയം കൊണ്‌ടു തകര്‍ക്കാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. സിപിഎം ആക്രമണത്തില്‍ ദാരുണമായി വധിക്കപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവ്‌ ഷുക്കൂറിന്‌ വേണ്‌ടി പ്രാര്‍ഥിക്കാനും കുടുംബത്തെ സഹായിക്കാനും പ്രവാസി സമൂഹം തയാറാവുന്നത്‌ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനു പിന്നില്‍ പാപ്പരാസികളുടെ പണിയെടുക്കുന്ന നവ അഭിനവ സിന്‍ഡിക്കേറ്റുകളെ തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

സുപ്രസിദ്ധ മാപ്പിളപ്പാട്ട്‌ ഗായകന്‍ ഐപി സിദ്ദീഖിനെ ചടങ്ങില്‍ ആദരിച്ചു. അല്‍കോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ്‌ ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുലൈമാന്‍ കൂലേരി ഖിറാഅത്ത്‌ നടത്തി. സിദ്ദീഖ്‌ അലി രാങ്ങാട്ടൂരിനെ ഒ.പി ഹബീബ്‌, ഹസന്‍ പള്ളിക്കര,മുസ്‌തഫാ കമാല്‍, ഒ.പി ഹബീബ്‌, നജീബ്‌ ചീക്കലോട്‌ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.

കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ്‌ എളേറ്റില്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു.

റഫാ ക്ലിനിക്ക്‌ ഡയറക്ടര്‍ മുഹമ്മദുകുട്ടി കോഡൂര്‍ ആശംസകള്‍ നേര്‍ന്നു. നാസര്‍ ചാലിയം, മരക്കാര്‍ കുട്ടി ഹാജി, സിറാജുദ്ദീന്‍ ആലുവ, ഹംസ പൈമറ്റം,മുസ്‌തഫാ താമരശേരി,ജലാലുദ്ദീന്‍ ചെര്‍പ്പുളശേരി,ഇസ്‌മായില്‍ വേങ്ങര,അബ്ദുള്‍ റസാഖ്‌,കോയാക്കുട്ടി,എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. അല്‍കോബാര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ഇഫ്‌ത്തിയാസ്‌ അഴിയൂര്‍ സ്വാഗതവും,ട്രഷറര്‍ റഫീക്ക്‌ പോയില്‍തൊടി നന്ദിയും പറഞ്ഞു.
പ്രഭാഷണ കലയില്‍ നര്‍മ്മം വിതറി യൂടൂബിലെ സുല്‍ത്താന്‍ അല്‍കോബാറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക