Image

യോഗി നാട്ടില്‍ പിഞ്ചോമനകള്‍ക്ക് പ്രാണവായു നിഷേധിച്ച കൂട്ടക്കുരുതി

എ.എസ് ശ്രീകുമാര്‍ Published on 14 August, 2017
യോഗി നാട്ടില്‍ പിഞ്ചോമനകള്‍ക്ക് പ്രാണവായു നിഷേധിച്ച കൂട്ടക്കുരുതി
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ പ്രാണവായു കിട്ടാതെ നിമിഷാര്‍ത്ഥത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍  പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടത്തെ ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് താന്‍ ഹദയശൂന്യനാണെന്ന് തെളിയിച്ചിരിക്കുന്നു... മനസാക്ഷിയില്ലാത്തവനാണെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്നു...ഓഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരണപ്പെടുക സാധാരണമാണെന്ന് ഈ മന്ത്രി പുങ്കവന്‍ നിലമറന്ന് പ്രസ്താവിച്ചിരിക്കുകയാണ്. അത്യന്തം പ്രകോപനപരവും നികൃഷ്ടവും നീചവുമാണ് ഈ അഭിപ്രായ പ്രകടനം. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും ഉത്തരവാദിത്വം മറന്ന മന്ത്രി ഉളുപ്പില്ലാതെ പറയുമ്പോള്‍ അത് പരിഷ്‌കൃത ഇന്ത്യയ്ക്ക് മാനക്കേടാവുന്നു. ഓഗസ്റ്റ് മാസത്തില്‍ എല്ലാ തവണയും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടാറുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞ് മാത്രം മരിക്കുന്നു,  എന്തുകൊണ്ടാണ് പണക്കാരന്റെ കുഞ്ഞുങ്ങള്‍ക്ക് ഈ ഗതി നേരിടേണ്ടിവരാത്തത് എന്ന ചോദ്യങ്ങള്‍ക്ക് ഈ മന്ത്രി അടിയന്തിരമായി മറുപടി പറയേണ്ടതുണ്ട്.

രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം എഴുപത്തൊന്നായി. മസ്തിഷ്‌കജ്വരത്തിന് ചികില്‍സയിലായിരുന്ന പതിനൊന്നുകുട്ടികള്‍ കൂടി രണ്ടുദിവസത്തിനിടെ മരിച്ചു. കഴിഞ്ഞദിവസം ഓക്സിജന്‍ വിതരണം നിര്‍ത്തിയപ്പോഴും ഇവര്‍ ചികില്‍സയിലായിരുന്നു. മരണസംഖ്യ ഉസരുന്തോറും മസ്തിഷ്‌ക ജ്വരമാണ് കാരണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി യോഗി രംഗത്തുണ്ട്. നവജാതശിശുക്കള്‍ അടക്കമുള്ള കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതുകൊണ്ടല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ആശുപത്രിയിലെ എന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ ഖാനെ തല്‍സ്ഥാനത്തു നിന്നും മാറ്റിയ നടപടിയും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഡോ. കഫീല്‍ ഖാനെ വാര്‍ഡ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത് എന്നത് ശ്രദ്ധേയമാണ്. ആശുപത്രിയില്‍ ഓക്‌സിജന്‍ നിലച്ച് പിഞ്ചു കുട്ടികള്‍ പിടഞ്ഞു മരിക്കുന്നത് നോക്കിനില്‍ക്കാനാവാതെ സ്വന്തം കീശയില്‍ നിന്നും പണം ചെലവാക്കി ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ച മനുഷ്യ സ്‌നേഹിയാണ് ഡോ. കഫീല്‍ ഖാന്‍. എന്നാല്‍ ഡോക്ടറുടെ സന്‍മനസ്സിന് സര്‍ക്കാര്‍ നല്‍കിയ പ്രതിഫലമാകട്ടെ അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിക്കലും. ആശുപത്രിയുടെ ചികിത്സാ ചുമതലകളില്‍ നിന്നും കഫീല്‍ ഖാനെ മാറ്റി.

സര്‍ക്കാരിന്റെ പ്രതികാരമാണ് ഡോ. കഫീല്‍ ഖാനെ ചികിത്സാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതിനു പിന്നിലത്രേ.  ഇദ്ദേഹം മൂലമാണ് ഗോരഖ്പൂര്‍ സംഭവത്തിന് ഇത്രയേറെ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ലഭിച്ചതെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. മെഡിക്കല്‍ കോളേജില്‍ സാധാരണ ഡോക്ടറായാണ് ഡോ. കഫീല്‍ ഖാന്‍ ഇനി തുടരുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഇതാകട്ടെ നിസാരമായി കാണാനാവില്ല. സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ കൂടുതല്‍ പരിഹാസ്യമാവുകയാണിപ്പോള്‍. പ്രത്യേകിച്ചും ഡോ. കഫീല്‍ ഖാനെ മാറ്റിയത് പരക്കെ ആക്ഷേപിക്കപ്പെടുന്നു. ഡോ. കഫീല്‍ ഖാന്റെ മനസാന്നിധ്യം നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് കാത്തത്. നിര്‍ണായക നിമിഷങ്ങളില്‍ ഈ ദൈവതുല്യനായ ഡോക്ടറിന്റെ ഇടപെടലുണ്ടായില്ലായിരുന്നെങ്കില്‍ കുഞ്ഞുങ്ങളുടെ മരണസംഖ്യ ഇതിലുമേറെയാകുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നത് ലക്‌നൗവിലെ ഒരു സ്വകാര്യ കമ്പനി ആയിരുന്നു. 70 ലക്ഷം രൂപയായിരുന്നു ആശുപത്രി കമ്പനിക്ക് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 35 ലക്ഷം രൂപ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. കുടിശിക വരുത്തിയതാണ് കമ്പനി മുന്നറിയിപ്പില്ലാതെ ഓക്‌സിജന്‍ വിതരണം നിര്‍ത്താന്‍ കാരണം.

ഇതിനിടെ കുട്ടികളുടെ കൂട്ടക്കുരുതി തീര്‍ത്ത രാഷ്ട്രീയ ക്ഷീണം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യയും യു.പിയും ഭരിക്കുന്ന ബി.ജെ.പി. അതിന് വേണ്ടി നുണ പ്രചരണങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമവുമാണ് പാര്‍ട്ടി ഭരണകൂടങ്ങള്‍ നടത്തുന്നത്. സര്‍ക്കാറിന്റെ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് കുരുന്നകള്‍ക്ക് ജീവന്‍ പോയതെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലും പുറത്തുവന്നു കഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പലാണ് ഇക്കര്യം വെളിപ്പെടുത്തിയത്. ഒന്നിലേറെ പ്രാവശ്യം കത്തെഴുതിയിട്ടും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കാതിരുന്നതാണു ദുരന്തതീവ്രത കൂട്ടിയതെന്നാണ് ആരോപണം.

മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവ് കാണിക്കുന്ന നടപടികളും കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നു. ആംബുലന്‍സുകള്‍ അനുവദിക്കാതെ മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിക്കില്ലെന്നാണ് വിശദീകരണം. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണ് ആശുപത്രിയുടെ ഉള്‍വശം. രോഗികളായ കുട്ടികളും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളും ആശുപത്രിയില്‍ തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ അനുദിനം പരാതിപ്പെടുന്നു.

അശരണരുടെയും ആലംബഹീനരുടെയും നിര്‍ധനരുടെയും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളോട് ഭരണകൂടം കാണിക്കുന്ന വിവേചനത്തിന്റെ ദുരന്ത മുഖമാണ് ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ നാം കണ്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ കിടത്തിച്ചികിത്സയുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി മാതൃകാ ആശുപത്രിയായി പ്രഖ്യാപിച്ച ആതുരാലയം. അവിടെയുണ്ടായ വീഴ്ചകള്‍ക്ക് സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെല്ലാം പങ്കുണ്ട്. ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് ഇത്രവലിയ തുക കുടിശ്ശിക ആയതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനു തന്നെയാണ്. എത്ര ശ്രമിച്ചാലും ആ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാനുമാവില്ല. നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയെപ്പോലുള്ളവര്‍ പറഞ്ഞതുപോലെ ഇതൊരു യാദൃച്ഛിക ദുരന്തമല്ല, ബോധപൂര്‍വ്വമായ കൂട്ടക്കൊലയാണ്. കാരണം ആ കുരുന്നുകള്‍ ഒന്നും ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നില്ല...പ്രാണയാവു നിഷേധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.


യോഗി നാട്ടില്‍ പിഞ്ചോമനകള്‍ക്ക് പ്രാണവായു നിഷേധിച്ച കൂട്ടക്കുരുതിയോഗി നാട്ടില്‍ പിഞ്ചോമനകള്‍ക്ക് പ്രാണവായു നിഷേധിച്ച കൂട്ടക്കുരുതി
Join WhatsApp News
pappu 2017-08-14 17:00:00

I totally agree with this. But my question is that last 3 years there was 3000 kids died in this hospital and nobody  said any word against this. But now whey there is a big  problems come since it is under BJP government. Why these people who are making a big  could not say a word  against the death earlier happened.

First these people who are talking should solve the problems we are having in Kerala now.Firsrt clear the problmes in our own house and then go to neighbor.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക